Image : Canva 
News & Views

കാനഡയുടെ വഴിയില്‍ ഗൾഫ് നാടും; പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയുമായി യു.എ.ഇ ; വിദ്യാര്‍ഥികള്‍ക്ക് അവസരം

പഠനം കഴിഞ്ഞയുടന്‍ രാജ്യം വിടണമെന്ന നിയമം മാറും; മൂന്നു വര്‍ഷം വരെ തങ്ങാം

Dhanam News Desk

ആഗോള തലത്തില്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനും തൊഴില്‍ നല്‍കുന്നതിനും കാനഡ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ വഴിയില്‍ യു.എ.ഇയും നീങ്ങുന്നു. വിദ്യാര്‍ഥി വിസയില്‍ എത്തുന്നവര്‍ക്ക് പഠനത്തിന് ശേഷം മൂന്നു വര്‍ഷം വരെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ തങ്ങാന്‍ അനുവദിക്കുന്ന രീതിയിലാണ് പുതിയ നിയമം വരുന്നത്. കാനഡ, യുകെ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ സ്റ്റൂഡന്റ് വിസ നിയമങ്ങള്‍ക്ക് സമാനമാകുമിത്. യുഎഇയുടെ വിദ്യാഭ്യാസ മേഖലയെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. അന്തര്‍ദേശീയ വിദ്യാര്‍ഥികള്‍ക്ക് വിസ ഇളവുകള്‍ അനുവദിക്കുന്നതോടെ കൂടുതല്‍ പേര്‍ യുഎഇ സര്‍വ്വകലാശാലകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ മേഖലകളില്‍ കൂടുതല്‍ ജീവനക്കാരെ ലഭിക്കുന്നതിനും ഇത് സഹായിക്കും.

നിയമത്തിലെ പുതിയ ഇളവ്

നിലവില്‍ വിദേശ വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയായാല്‍ ഉടനെ രാജ്യം വിടണമെന്നാണ് യുഎഇ നിയമം. ഓരോ വര്‍ഷവും പുതുക്കാവുന്ന വിസയാണ് ഇവര്‍ക്ക് നല്‍കുന്നത്. പഠനം പൂര്‍ത്തിയായ ശേഷം വിസ പുതുക്കി നല്‍കില്ല. അതേസമയം, മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് 10 വര്‍ഷത്തെ കാലാവധിയുള്ള വിസ നല്‍കുന്നുണ്ട്. നിയമത്തിലെ പുതിയ മാറ്റമനുസരിച്ച് പഠനം പൂര്‍ത്തിയാക്കിയാലും വിദ്യാര്‍ഥികള്‍ക്ക് മൂന്നു വര്‍ഷം വരെ സ്റ്റുഡന്റ് വര്‍ക്ക് വിസയില്‍ തുടരാനാകും. ഇതിനിടയില്‍ ജോലി കണ്ടെത്തി വര്‍ക്ക് വിസയിലേക്ക് മാറുകയോ രാജ്യം വിടുകയോ ചെയ്യണം.

ലക്ഷ്യം ഗ്ലോബല്‍ എജുക്കേഷന്‍ ഹബ്

യുഎഇയെ ഗ്ലോബല്‍ എജുക്കേഷന്‍ ഹബ് ആക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തി വരുന്നതായി എജുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ വൈ-ആക്‌സിസ് ഡയരക്ടര്‍ ക്ലിന്റ് ഖാന്‍ വ്യക്തമാക്കി. ബിസിനസ് സ്റ്റഡീസ്, ടെക്‌നോളജി പോലുള്ള മേഖലകളില്‍ യുഎഇയില്‍ പുതിയ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഇവിടെ തന്നെ പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള അവസരങ്ങളുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ അവര്‍ക്ക് കാത്തിരിക്കേണ്ടി വരും. വിസ നിയമത്തില്‍ മാറ്റം വരുന്നതോടെ വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട ജോലി യുഎഇ നഗരങ്ങളില്‍ തന്നെ ലഭിക്കാനുള്ള അവസരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT