Image : Canva 
News & Views

താമസം ഈ രാജ്യങ്ങളിലാണോ? ഇന്ത്യക്കാർക്ക് പെട്ടിയെടുത്ത് നേരെ പോകാം, യു.എ.ഇയിലേക്ക്

യു.എ.ഇയില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്നത് ഇന്ത്യയില്‍ നിന്നാണെന്നാണ് കണക്ക്

Dhanam News Desk

ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം ഏര്‍പ്പെടുത്തി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ). യു.എസ്, യു.കെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ സ്ഥിരതാമസ അനുമതിയോ ഗ്രീന്‍ കാര്‍ഡോ വിസയോ ഉള്ളവര്‍ക്കാണ് ഇതിനുള്ള അവസരം. ഇത്തരക്കാര്‍ക്ക് 14 ദിവസത്തേക്കുള്ള ഓണ്‍ അറൈവല്‍ വിസ രാജ്യത്ത് പ്രവേശിക്കുമ്പോള്‍ തന്നെ ലഭിക്കും. ഇത് 14 ദിവസത്തേക്ക് കൂടി നീട്ടാം. അല്ലെങ്കില്‍ 60 ദിവസത്തേക്കുള്ള ഓണ്‍ അറൈവല്‍ വിസ തെരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്. യു.എ.ഇയിലെ നിയമ പ്രകാരമുള്ള വിസ ഫീസും അടക്കണം. അപേക്ഷകന് 6 മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണമെന്നും യു.എ.ഇയിലെ ഇന്ത്യന്‍ മിഷന്‍ അറിയിച്ചു.

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടമായി യു.എ.ഇ

യു.എ.ഇയില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്നത് ഇന്ത്യയില്‍ നിന്നാണെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ഏതാണ്ട് 24.6 ലക്ഷം ഇന്ത്യക്കാര്‍ യു.എ.ഇ സന്ദര്‍ശിച്ചു. കോവിഡ് കാലത്തിന് മുന്നത്തേക്കാള്‍ 25 ശതമാനം വര്‍ധന. നേരത്തെ റെസിഡന്‍സ് / ടൂറിസ്റ്റ് യു.എസ് വിസയുള്ളവര്‍ക്കും യു.കെ, യൂറോപ്യന്‍ യൂണിയന്‍ റെസിഡന്‍സ് വിസയുള്ളവര്‍ക്കും യു.എ.ഇ ഓണ്‍ അറൈവല്‍ വിസ അനുവദിച്ചിട്ടുണ്ട്. ഈ രീതിയാണ് കൂടുതല്‍ വ്യാപിപ്പിച്ചത്. കൂടുതല്‍ വിനോദസഞ്ചാരികളെ യു.എ.ഇയിലെത്തിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. എന്നാല്‍ മറ്റ് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് മുന്‍കൂട്ടി അനുവദിക്കുന്ന വിസയുണ്ടെങ്കില്‍ മാത്രമേ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കൂ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT