gold investmrnt 
News & Views

സ്വര്‍ണം വാങ്ങാം; യു.എ.ഇയുടെ ബോട്ടിം ആപ്പില്‍ ഇപ്പോള്‍ നിക്ഷേപ അവസരങ്ങളും

ഉപയോക്താക്കള്‍ കുറഞ്ഞ തൂക്കത്തിലുള്ള സ്വര്‍ണം തേടുന്ന സമയത്താണ് ബോട്ടിമും ഒ ഗോള്‍ഡും സഹകരണ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്

Dhanam News Desk

യുഎഇയിലെ പ്രമുഖ കമ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോം ആയ ബോട്ടിം വഴി ഇനി സ്വര്‍ണം വാങ്ങാനും ഉപയോക്താക്കള്‍ക്ക് അവസരം. അസ്ട്രാ ടെക് സ്ഥാപനമായ ബോട്ടിമും യു.എ.ഇയിലെ സ്വദേശി സ്വര്‍ണ വ്യാപാര മൊബൈല്‍ ആപ്പായ 'ഒ ഗോള്‍ഡും' സഹകരണത്തിലെത്തി. ഇതോടെ ഗള്‍ഫ്-ആഫ്രിക്കന്‍ മേഖലയിലെ ആദ്യത്തെ സ്വര്‍ണ നിക്ഷേപ ഫിന്‍ടെക് സേവനമാകും ബോട്ടിമിന്റേതെന്ന് കമ്പനി അവകാശപ്പെടുന്നു.

85 ലക്ഷം ഉപയോക്താക്കള്‍

യു.എ.ഇയില്‍ മാത്രം 85 ലക്ഷം ഉപയോക്താക്കളാണ് ബോട്ടിമിനുള്ളത്. അവര്‍ക്ക് കുറഞ്ഞ അളവില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ഇതോടെ അവസരമൊരുങ്ങും. 0.1 ഗ്രാമിന്റെ വില മുതല്‍ നിക്ഷേപമായി സ്വീകരിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഒ ഗോള്‍ഡ് ആപ്പിന്റെ ഒരു ലക്ഷത്തോളം വരുന്ന ഉപയോക്താക്കളെ ബോട്ടിമിലേക്ക് ആകര്‍ഷിക്കുന്നതിനും ഈ സഹകരണം സഹായിക്കും. സാധാരണക്കാര്‍ക്കും സ്വര്‍ണ നിക്ഷേപം പ്രാപ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങുന്നതെന്ന് ഒ ഗോള്‍ഡ് മാനേജ്‌മെന്റ് അറിയിച്ചു. വിവിധ രീതിയിലുള്ള നിക്ഷേപ പദ്ധതികള്‍ ബോട്ടിമുമായി ചേര്‍ന്ന് നടപ്പാക്കുമെന്നും കമ്പനി അറിയിച്ചു.

സ്വര്‍ണം വിരല്‍ തുമ്പില്‍

സ്വര്‍ണത്തിന് വില വര്‍ധിച്ചതോടെ ഉപയോഗത്തിനും നിക്ഷേപത്തിനും ഉപയോക്താക്കള്‍ കുറഞ്ഞ തൂക്കത്തിലുള്ള സ്വര്‍ണം തേടുന്ന സമയത്താണ് ബോട്ടിമും ഒ ഗോള്‍ഡും ഡിജിറ്റല്‍ നിക്ഷേപ സഹകരണ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. ഏറ്റവും കുറഞ്ഞ തൂക്കത്തിനുള്ള പണം നിക്ഷേപിക്കാമെന്നതാണ് പ്രത്യേകത. ആപ്പിലൂടെ എളുപ്പത്തില്‍ തുടര്‍ച്ചയായ നിക്ഷേപം നടത്താം. യു.എ.ഇയിലെ ജുവലറികള്‍ സ്വര്‍ണത്തിന്റെ വിലക്കയറ്റത്തില്‍ പിടിച്ചു നില്‍ക്കാന്‍ പുതിയ രീതികള്‍ തുടങ്ങിയിരുന്നു. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ കൂടുതലായി നിര്‍മിച്ചാണ് ബിസിനസ് പിടിച്ചു നിര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT