uber
News & Views

വളര്‍ത്തു മൃഗങ്ങള്‍ക്കും യൂബര്‍ ടാക്‌സി, പെറ്റ് സര്‍വീസ് എങ്ങനെ ബുക്ക് ചെയ്യാം?

സാധാരണ നിരക്കിന് പുറമെ പ്രത്യേക ഫീസും ഇതിനായി നല്‍കേണ്ടി വരും

Dhanam News Desk

യാത്രയില്‍ അരുമ മൃഗങ്ങളെയും കൂടെക്കൂട്ടാനുള്ള സൗകര്യവുമായി പ്രമുഖ ട്രാവല്‍ ബുക്കിംഗ് ആപ്പായ യൂബര്‍. പരീക്ഷണാടിസ്ഥാനത്തില്‍ ബംഗളൂരുവില്‍ ആരംഭിച്ച യൂബര്‍ പെറ്റ് സര്‍വീസ് ഇനി ഡല്‍ഹി, മുംബൈ നഗരങ്ങളിലും ലഭ്യമാകും. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ നഗരങ്ങളിലേക്കും സര്‍വീസ് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

എങ്ങനെ ബുക്ക് ചെയ്യാം

വളര്‍ത്തു മൃഗങ്ങളെയും കൂട്ടിയുള്ള യാത്ര ഇന്‍സ്റ്റന്റായും മുന്‍കൂട്ടിയും ബുക്ക് ചെയ്യാനുള്ള സൗകര്യം യൂബര്‍ ആപ്പിലുണ്ട്. ഇതിനായി യൂബര്‍ ആപ്പില്‍ സാധാരണ യാത്ര ബുക്ക് ചെയ്യുന്നത് പോലെ ഡെസ്റ്റിനേഷന്‍ സെലക്ട് ചെയ്യണം. തുടര്‍ന്ന് വരുന്ന സ്‌ക്രീനിന്റെ താഴ്ഭാഗത്ത് യൂബര്‍ പെറ്റ് സെലക്ട് ചെയ്ത് യാത്ര കണ്‍ഫേം ചെയ്യാവുന്നതാണ്. സാധാരണ യാത്രാ നിരക്കിനൊപ്പം പ്രത്യേക ഫീസും നല്‍കേണ്ടി വരും.

പ്രമുഖ പെറ്റ്‌കെയര്‍ ബ്രാന്‍ഡായ ഹെഡ്‌സ് അപ്പ് ഫോര്‍ ടെയില്‍സുമായി (എച്ച്.യു.എഫ്.ടി) ചേര്‍ന്ന് പ്രത്യേക ഡിസ്‌കൗണ്ടുകളും ഇത്തരം യാത്രക്ക് നല്‍കുന്നുണ്ട്. ഡല്‍ഹി, മുംബയ്, ബംഗളൂരു നഗരങ്ങളിലെ എച്ച്.യു.എഫ്.ടി സ്റ്റോറുകളിലേക്കും സ്പാകളിലേക്കുമുള്ള യാത്രക്കാണ് പ്രത്യേക ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

യാത്രക്കിറങ്ങുമ്പോള്‍ അരുമ മൃഗങ്ങളെ വീട്ടില്‍ ഉപേക്ഷിച്ച് പോകേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കുന്നതിനാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ബംഗളൂരുവില്‍ യൂബര്‍ പെറ്റ് സര്‍വീസ് ആരംഭിച്ചത്. വാഹനത്തില്‍ മൃഗങ്ങളെ കയറ്റാന്‍ താത്പര്യമുള്ള ഡ്രൈവര്‍മാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഇത്തരം യാത്രകള്‍ക്ക് ഒരു വളര്‍ത്തു മൃഗത്തെ മാത്രമേ കൂടെക്കൂട്ടാവൂ എന്നും യൂബര്‍ അറിയിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT