ആധാര്‍ ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍ നടപടിയില്‍ പുതിയൊരു മാറ്റം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് സവിശേഷ തിരിച്ചറിയല്‍ അതോറിട്ടി (UIDAI). സ്വകാര്യത ശക്തിപ്പെടുത്താനും ദുരുപയോഗം നിയന്ത്രിക്കാനുമാണ് പുതിയ നീക്കം.
ഇനി മുതല്‍ ഹോട്ടലുകള്‍, ഇവന്റ് ഓര്‍ഗനൈസര്‍മാര്‍, മറ്റ് ഓഫ്‌ലൈന്‍ വെരിഫയര്‍ എന്നിവര്‍ക്ക് ആധാര്‍ വഴി ഐഡന്റിറ്റി പരിശോധിക്കണമെങ്കില്‍ ആദ്യം അവര്‍ UIDAI-യില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷനില്ലാത്തവര്‍ക്ക് വെരിഫിക്കേഷന്‍ നടപടികളുമായി ഓണ്‍ലൈനില്‍ മുന്നോട്ടു പോകാന്‍ കഴിയില്ല.
തിരിച്ചറിയല്‍ രേഖ എന്ന നിലക്ക് ആധാറിന്റെ ഫോട്ടോ കോപ്പി ശേഖരിക്കുന്നതായിരുന്നു പല സ്ഥാപനങ്ങളുടെയും ഇതുവരെയുള്ള രീതി. ഇത് സ്വകാര്യതയുടെ ലംഘനവും ദുരുപയോഗത്തിന് സാധ്യതയുള്ളതുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇനിയിപ്പോള്‍ ആധാര്‍ കോപ്പി കൈമാറേണ്ട സാഹചര്യമില്ല.
പുതിയ സംവിധാനം വരുമ്പോള്‍ ആധാര്‍ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്തോ, അല്ലെങ്കില്‍ ഇപ്പോള്‍ ബീറ്റയിലെ പുതിയ സുരക്ഷിത ആധാര്‍-വെരിഫിക്കേഷന്‍ ആപ്പ് ഉപയോഗിച്ചോ ആയിരിക്കും പരിശോധന നടക്കുക. ഇനിയങ്ങോട്ട് ഫോട്ടോ കോപ്പികള്‍ നല്‍കുന്ന രീതി ഇല്ല. അനാവശ്യമായി പേപ്പര്‍ സ്റ്റോറേജും ഇല്ല.
നെറ്റ് വര്‍ക്ക് കുറവുള്ള ദൂരപ്രദേശങ്ങളിലും മറ്റും ഓഫ്‌ലൈന്‍ വെരിഫിക്കേഷന്‍ ആവശ്യമായി വരുമെന്ന പ്രശ്‌നമുണ്ട്. അപ്പോള്‍ -UIDAI നല്‍കുന്ന സുരക്ഷിത ഇന്റര്‍ഫേസ് (API) വഴിയാണ് പരിശോധന. ആ പ്രക്രിയ സൗകര്യപ്രദവും സുരക്ഷിതവുമാണ്.
പുതിയ ചട്ടത്തിന് സവിശേഷ തിരിച്ചറിയല്‍ അതോറിട്ടി അംഗീകാരം നല്‍കി. ഇത് വൈകാതെ വിജ്ഞാപനം ചെയ്യുന്നതോടെ പുതിയ ചട്ടം പ്രാബല്യത്തിലാകും. പുതിയ ആധാര്‍ ആപ് വിമാനത്താവളങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി ആധാര്‍ വെരിഫിക്കേഷന്‍ ആവശ്യമായ എല്ലായിടത്തും ലഭ്യമാക്കും.
Read DhanamOnline in English
Subscribe to Dhanam Magazine