News & Views

യുകെയിലേക്കുള്ള പഴം, പച്ചക്കറി കയറ്റുമതിക്ക് മലയാളി കര്‍ഷകര്‍ക്ക് 'ഗോള്‍ഡന്‍ വീസ', തീരുവ ഇല്ലാതായതോടെ തുറന്നു കിട്ടുന്നത് രണ്ടാം ഗള്‍ഫ്!

ചക്ക, മാങ്ങ, അച്ചാര്‍, പയര്‍വര്‍ഗങ്ങള്‍, പച്ചക്കറി തുടങ്ങി കേരളത്തില്‍ നിന്ന് കയറ്റുമതി സാധ്യതയുള്ളവയെല്ലാം കൂടുതലായി യു.കെ വിപണിയിലേക്ക് എത്തിക്കാന്‍ വഴിയൊരുങ്ങുകയാണ്

Lijo MG

ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായതോടെ ഇന്ത്യയിലെ കയറ്റുമതി മേഖലയെ കാത്തിരിക്കുന്നത് അവസരങ്ങളുടെ ജാലകം. കാര്‍ഷിക മേഖലയില്‍ അടക്കം തീരുവ എടുത്തു കളഞ്ഞതോടെ ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പുതിയൊരു വിപണിയാണ് തുറന്നു കിട്ടുന്നത്. മുമ്പ് ഇന്ത്യയില്‍ നിന്ന് യു.കെയിലേക്കുള്ള കാര്‍ഷിക കയറ്റുമതി നാമമാത്രമായിരുന്നു. മറ്റ് രാജ്യങ്ങളേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങള്‍ യു.കെ വിപണിയില്‍ വില്ക്കാന്‍ സാധിക്കുന്നതോടെ ഇന്ത്യന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടും.

3.75 ലക്ഷം കോടി ഡോളറിന് മുകളിലാണ് ബ്രിട്ടിന്റെ വാര്‍ഷിക കാര്‍ഷിക ഉല്‍പന്ന ഇറക്കുമതിയെന്നാണ് കണക്ക്. പഴം, പച്ചക്കറി പാലുത്പന്നങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി പ്രതിവര്‍ഷം വെറും 100 കോടി രൂപയ്ക്ക് താഴെയാണെന്നാണ് കണക്ക്. ബ്രിട്ടന്റെ വലിയ മാര്‍ക്കറ്റ് തുറന്നു കിട്ടുന്നതോടെ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഒഴുക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷിക കയറ്റുമതിക്ക് പുതിയ കരാര്‍ ഗുണം ചെയ്യും. കുറഞ്ഞ തീരുവയില്‍ ബ്രിട്ടനിലെ വിപണിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നത് ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ ഇന്ത്യന്‍ എതിരാളികളുമായുള്ള മത്സരത്തില്‍ നമ്മുക്ക് ആധിപത്യം നല്കും. യൂറോപ്പിലേക്കുള്ള കയറ്റുമതിയില്‍ ഗുണനിലവാര പരിശോധന കര്‍ശനമാണ്. ഇതിനുള്ള സൗകര്യം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ വേണം.
മുന്‍ഷിദ് അലി (സെക്രട്ടറി ജനറല്‍ കേരള എക്‌സ്‌പോര്‍ട്ട് ഫോറം)

ബ്രിട്ടനിലേക്ക് എത്തുന്ന മറ്റ് രാജ്യങ്ങളുടെ കാര്‍ഷികോത്പന്നങ്ങളുമായി മത്സരിക്കാന്‍ ഇന്ത്യയ്ക്ക് ഇനി സാധിക്കും. മറ്റ് രാജ്യങ്ങള്‍ വില്ക്കുന്നതിലും കുറഞ്ഞ വിലയ്ക്ക് നമ്മുടെ കര്‍ഷകര്‍ക്ക് സാധനങ്ങള്‍ വില്ക്കാം. സ്വഭാവികമായും ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷിക കയറ്റുമതി വര്‍ധിക്കും. മൂന്നു വര്‍ഷം കൊണ്ട് കാര്‍ഷിക കയറ്റുമതിയില്‍ 20 ശതമാനത്തിനു മുകളില്‍ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ.

കേരള കര്‍ഷകര്‍ക്കും നേട്ടം

ചക്ക, മാങ്ങ, അച്ചാര്‍, പയര്‍വര്‍ഗങ്ങള്‍, പച്ചക്കറി തുടങ്ങി കേരളത്തില്‍ നിന്ന് കയറ്റുമതി സാധ്യതയുള്ളവയെല്ലാം കൂടുതലായി യു.കെ വിപണിയിലേക്ക് എത്തിക്കാന്‍ വഴിയൊരുങ്ങുകയാണ്. നിലവില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പ്രതിദിനം 50,000 കിലോഗ്രാം പച്ചക്കറി വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയ്ക്കുന്നുണ്ട്. കൊച്ചി വിമാനത്താവളം വഴി ഇതിന്റെ ഇരട്ടിയിലധികം കയറ്റുമതിയുണ്ട്. രണ്ട് വര്‍ഷത്തിനിടെ ഇതിന്റെ അളവില്‍ വലിയ വര്‍ധനയുണ്ടാകും.

കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ പ്രധാന പ്രതിസന്ധി മികച്ച വിപണി കിട്ടുന്നില്ലെന്നതാണ്. കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ വാങ്ങാന്‍ താല്പര്യപ്പെടുന്നവരാണ് ഇന്ത്യയിലെ ഉപയോക്താക്കള്‍. കയറ്റുമതി വര്‍ധിപ്പിച്ചെങ്കില്‍ മാത്രമേ കേരളത്തിലെ കര്‍ഷകര്‍ക്ക് ഗുണം ലഭിക്കൂ. ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് കേരളമടക്കമുള്ള കാര്‍ഷിക സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പച്ചക്കറി കയറ്റുമതി നടക്കുന്നത്. ഗള്‍ഫിന് പുറമേ യു.കെയെന്ന വലിയ വിപണി കൂടി തുറന്നു കിട്ടുന്നത് കേരളത്തിലെ കര്‍ഷകരെ സംബന്ധിച്ച് നേട്ടമാണ്.

സമുദ്രോത്പന്ന കയറ്റുമതിക്കും നേട്ടം

കേരളത്തില്‍ നിന്ന് സമുദ്രോത്പന്ന കയറ്റുമതിയുടെ സിംഹഭാഗവും യു.എസിലേക്കാണ്. കര്‍ശന പരിശോധനകളും വ്യാപാര തീരുവയിലെ അനിശ്ചിതത്വവും യു.എസിലേക്കുള്ള കയറ്റുമതിക്ക് പ്രതിസന്ധിയുണ്ടാക്കുന്നു. യു.കെ വിപണി കൂടി തുറന്നു കിട്ടിയതോടെ വന്‍തോതില്‍ വിദേശനാണ്യം നേടിത്തരുന്ന സമുദ്രോത്പന്ന കയറ്റുമതിക്കാരും ഹാപ്പിയാണ്.

ബ്രിട്ടന്റെ സമുദ്രോത്പന്ന വിപണിയുടെ മൂന്നു ശതമാനത്തില്‍ താഴെ മാത്രമാണ് ഇന്ത്യന്‍ വിഹിതം. പുതിയ കരാറോടെ ഈ രംഗത്തും വലിയ കുതിച്ചു ചാട്ടത്തിനാണ് വഴിയൊരുങ്ങുന്നത്. കേരളത്തില്‍ നിന്നുള്ള ചെമ്മീനും വളര്‍ത്തു മത്സ്യങ്ങളും, കായല്‍ വിഭവങ്ങളും കൂടുതലായി ബ്രിട്ടീഷുകാരുടെ തീന്‍മേശയിലെത്തും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT