Image courtesy: canva 
News & Views

ഇന്ത്യന്‍ യുവാക്കള്‍ക്ക് 3,000 വീസകളുമായി യു.കെ; ബാലറ്റ് സംവിധാനത്തിലൂടെ ഇന്ന് മുതല്‍ അപേക്ഷിക്കാം

രണ്ടാഴ്ചയ്ക്കുള്ളില്‍ ഫലങ്ങള്‍ ഇ-മെയില്‍ വഴി അയയ്ക്കും

Dhanam News Desk

യൂത്ത് മൊബിലിറ്റി സ്‌കീമിന്റെ ഭാഗമായി ഇന്ത്യന്‍ യുവാക്കള്‍ക്ക് 3,000 വീസകളുമായി ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍. ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് സ്‌കീമിന് കീഴിലാണ് വീസ നല്‍കുന്നത്. യു.കെയിൽ താമസിക്കാനോ ജോലി ചെയ്യാനോ പഠിക്കാനോ ആഗ്രഹിക്കുന്ന ഇന്ത്യന്‍ ബിരുദധാരികളെയാണ് ഇത് ലക്ഷ്യം വയ്ക്കുന്നത്. ബാലറ്റ് സംവിധാനം വഴി അപേക്ഷകള്‍ നല്‍കാം. ഫെബ്രുവരി 20ന് (ഇന്ന്) ഉച്ചകഴിഞ്ഞ് 2:30 മുതല്‍ 22ന് (വ്യാഴാഴ്ച) 2:30 വരെയാണ് അപേക്ഷിക്കാനുള്ള സമയം. രണ്ട് ദിവസത്തെ സമയമാണ് അപേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യു.കെ വീസ നല്‍കും.

ബാലറ്റില്‍ അപേക്ഷിക്കുന്നതിന് ഫീസ് ഇല്ല എന്നത് ശ്രദ്ധേയമാണ്. യോഗ്യതയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് www.gov.uk എന്ന വെബ്സൈറ്റ് വഴി അപേക്ഷ നല്‍കാം. അപേക്ഷിക്കാന്‍ പേര്, ജനനതീയതി, പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍, പാസ്പോര്‍ട്ടിന്റെ സ്‌കാന്‍ അല്ലെങ്കില്‍ ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ നല്‍കണം. കൂടാതെ എല്ലാ അപേക്ഷകരും വീസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

അതായത് 18നും 30നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.  ബാച്ചിലേഴ്‌സ് ഡിഗ്രിയോ അതിനു മുകളിലോ ഉള്ള യോഗ്യത,  2,530 പൗണ്ട് (2,65,000 ഇന്ത്യന്‍ രൂപ) ബാങ്ക് സേവിംഗ്‌സ് എന്നിവയാണ് മറ്റ് യാഗ്യതകള്‍. രണ്ടാഴ്ചയ്ക്കുള്ളില്‍ ഫലങ്ങള്‍ ഇ-മെയില്‍ വഴി അയയ്ക്കും. തിരഞ്ഞെടുക്കപ്പെട്ടാല്‍ അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി വീസയ്ക്ക് അപേക്ഷിക്കാന്‍ 90 ദിവസം ലഭിക്കും. വീസ ലഭിക്കുന്നവര്‍ക്ക് 2 വര്‍ഷം യു.കെയില്‍ ജീവിക്കാനും ജോലിചെയ്യാനും സമ്പാദിക്കാനുമുള്ള അനുമതിയാണ് ലഭിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT