Image: Canva 
News & Views

അധികാരത്തിലെത്തിയാല്‍ പുതിയ വീസ നിയന്ത്രണം കൊണ്ടുവരുമെന്ന് ഋഷി സുനകിന്റെ ഗ്യാരണ്ടി

നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ യു.കെയിലേക്കുള്ള വീസ അപേക്ഷകളില്‍ വന്‍ കുറവ്‌

Dhanam News Desk

യു.കെയില്‍ ജൂലൈ നാലിന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുടിയേറ്റ വിഷയങ്ങളില്‍ കാര്‍ക്കശ്യത്തോടെയുള്ള നിലപാടെടുക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ വര്‍ക്ക്, ഫാമിലി വീസകളില്‍ പുതിയ പരിധി കൊണ്ടുവരുമെന്നാണ് സുനകിന്റെ വാഗ്ദാനം.

കുടിയേറ്റക്കാര്‍ക്കെതിരായ വികാരം യു.കെ തിരഞ്ഞെടുപ്പില്‍ മുഖ്യ പ്രചാരണ വിഷയമായി മാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുടിയേറ്റക്കാരെ നിയന്ത്രിക്കുമെന്നും തദ്ദേശീയരായിട്ടുള്ള ആളുകള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ലേബര്‍ പാര്‍ട്ടിയും തമ്മിലാണ് മല്‍സരം.

മലയാളികള്‍ക്ക് തിരിച്ചടിയാകും

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയ്ക്ക് യു.കെയിലേക്ക് വലിയതോതില്‍ കുടിയേറ്റം നടന്നിരുന്നു. നിരവധി മലയാളികളാണ് യു.കെയില്‍ ജോലിചെയ്യുന്നത്. സ്റ്റുഡന്റ് വീസയിലെത്തിയ വിദ്യാര്‍ത്ഥികളുടെ സംഖ്യയും ഉയര്‍ന്നതാണ്. ഇവരില്‍ ഭൂരിപക്ഷത്തെയും ബാധിക്കുന്ന പരിഷ്‌കാരം നടപ്പിലാക്കുമെന്ന വാഗ്ദാനത്തിലൂന്നിയാണ് ഭരണപക്ഷവും പ്രതിപക്ഷവും വോട്ട് തേടുന്നത്. അതുകൊണ്ട് ആര് ഭരണത്തിലെത്തിയാലും നിയന്ത്രണം വരുമെന്ന് ഉറപ്പാണ്.

6,85,000 കുടിയേറ്റക്കാരാണ് കഴിഞ്ഞ വര്‍ഷം യു.കെയിലെത്തിയത്. കൊവിഡിന് ശേഷം സ്റ്റുഡന്റ് വീസയില്‍ വരുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. തദ്ദേശീയരും കുടിയേറ്റക്കാരും തമ്മില്‍ രാജ്യത്തിന്റെ പലഭാഗത്തും സംഘര്‍ഷങ്ങള്‍ പതിവായിട്ടുണ്ട്. ഇതോടെയാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പില്‍ കുടിയേറ്റ വിരുദ്ധത മുഖ്യവിഷയമാക്കി മാറ്റിയത്.

വീസ അപേക്ഷകളില്‍ വന്‍കുറവ്

നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ യു.കെയിലേക്കുള്ള വീസ അപേക്ഷകളില്‍ ഈ വര്‍ഷം 25 ശതമാനം കുറവു വന്നിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2024ന്റെ ആദ്യപാദത്തില്‍ സ്റ്റുഡന്റ് വീസയില്‍ 30,000ത്തോളം കുറവാണ് രേഖപ്പെടുത്തിയത്. സ്റ്റുഡന്റ് ആശ്രിത വീസ അപേക്ഷയില്‍ 2023ലെ സമാന കാലയളവിനേക്കാള്‍ 79 ശതമാനം കുറവുണ്ടായെന്ന് കണക്ക്.

ഏപ്രില്‍ 11 മുതല്‍ വര്‍ക്ക് വീസയില്‍ യു.കെ പുതിയ നിയമം കൊണ്ടുവന്നിരുന്നു. ഉയര്‍ന്ന ശമ്പളത്തിലുള്ള ജോലി ഓഫര്‍ കിട്ടിയവര്‍ക്ക് മാത്രമേ വര്‍ക്ക് വീസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. നേരത്തെ 26,200 പൗണ്ട് (27,21163 രൂപ) ആയിരുന്നു മിനിമം ശമ്പളമായി വേണ്ടിയിരുന്നത്. ഇത് 38,700 പൗണ്ടായിട്ടാണ് (40,19428 രൂപ) വര്‍ധിപ്പിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT