UK immigration Image courtesy: canva
News & Views

യുകെയില്‍ പുതിയ എമിഗ്രേഷന്‍ നിയമം; വിസ തട്ടിപ്പില്‍ കുടുങ്ങാതിരിക്കാന്‍ അറിഞ്ഞിരിക്കണം, ഈ മാറ്റങ്ങള്‍

തദ്ദേശ ജീവനക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നത് യുകെയിലേക്കുള്ള വിദേശ റിക്രൂട്ട്‌മെന്റ് ഗണ്യമായി കുറച്ചേക്കും

Dhanam News Desk

വിദഗ്ധരായ ജീവനക്കാരുടെ തൊഴില്‍ സാഹചര്യങ്ങളില്‍ കാതലായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന പുതിയ എമിഗ്രേഷന്‍ നിയമത്തിനാണ് യുകെ ഗവണ്‍മെന്റ് രൂപം നല്‍കിയിരിക്കുന്നത്. കെയര്‍ വര്‍ക്കര്‍മാരുടെ ശമ്പളം, നിയമന രീതികള്‍, ചൂഷണങ്ങളിലെ നിയന്ത്രണം തുടങ്ങി സുപ്രധാനമായ മാറ്റങ്ങള്‍ ഏപ്രില്‍ 9 മുതലാണ് നിലവില്‍ വരുന്നത്. കെയര്‍ സെന്ററുകളുടെ പേരില്‍ മലയാളികള്‍ ഉള്‍പ്പടെ ഒട്ടേറെ പേര്‍ വിസ തട്ടിപ്പില്‍ കുടുങ്ങുന്ന വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കെ, പുതിയ എമിഗ്രേഷന്‍ നയത്തെ കുറിച്ച് മനസിലാക്കേണ്ടതുണ്ട്.

ആദ്യമെത്തിയവര്‍ക്ക് മുന്‍ഗണന

രാജ്യത്ത് നിലവില്‍ വന്ന് താമസിക്കുന്ന വിദേശികളായ ജീവനക്കാര്‍ക്കാണ് തൊഴിലുടമകള്‍ മുന്‍ഗണന നല്‍കേണ്ടതെന്നാണ് നിയമത്തില്‍ പറയുന്നത്. അതായത്, പുതിയ വിസക്കാരേക്കാള്‍ അവിടെ തൊഴില്‍ വിസയില്‍ എത്തി ജോലി അന്വേഷിക്കുന്നവര്‍ക്കും സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ ശ്രമിക്കുന്നവര്‍ക്കുമാണ് പരിഗണന. പുതിയ വിസക്കാരെ അതിന് ശേഷമേ പരിഗണിക്കേണ്ടതുള്ളൂവെന്ന് തൊഴില്‍ ഉടമകളോട് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. ഇതിനായി രാജ്യത്തുള്ള വിദേശികളുടെ തൊഴില്‍ ഡാറ്റയാണ് തൊഴില്‍ ഉടമകള്‍ ഉപയോഗിക്കേണ്ടത്. അതിന് ശേഷം മാത്രമേ വിദേശ രാജ്യങ്ങളില്‍ പരസ്യം നല്‍കേണ്ടതുള്ളൂ. രാജ്യത്ത് ലഭ്യമായ വിദേശ ജോലിക്കാരെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുക, വിദേശ രാജ്യങ്ങള്‍ക്കു മേല്‍ ആശ്രയത്വം കുറക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇതുവഴി സര്‍ക്കാരിനുള്ളത്.

സ്‌പോണ്‍സര്‍ഷിപ്പിന് ഫീസില്ല

സ്‌പോണ്‍സര്‍ഷിപ്പ് നല്‍കാന്‍ ജീവനക്കാരുടെ കയ്യില്‍ നിന്ന് ഫീസ് ഈടാക്കുന്നത് നിയമപരമായി വിലക്കിയിട്ടുണ്ട്. പണം വാങ്ങി സ്‌പോണ്‍സര്‍ഷിപ്പ് നല്‍കി ജോലി നല്‍കാതെ നിരവധി പേര്‍ ചൂഷണത്തിന് ഇരകളാകുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. കേരളത്തില്‍ നിന്നുള്ള ഇത്തരം ഇരകളെ കുറിച്ച് അടുത്തിടെ ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജീവനക്കാരെ ദുരുപയോഗം ചെയ്യുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടിയാണ് പുതിയ നയം ശുപാര്‍ശ ചെയ്യുന്നത്.

2022 ഒക്ടോബറിന് ശേഷം കെയര്‍ സെക്ടറില്‍ 470 സ്‌പോണ്‍സര്‍ ലൈസന്‍സുകള്‍ യുകെ റദ്ദാക്കിയിരുന്നു. എമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ചതിനായിരുന്നു ഇത്. 39,000 പേര്‍ നിയമലംഘനത്തിന് ഇരകളായതായാണ് കണ്ടെത്തിയത്. ജോലിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും എമിഗ്രേഷന്‍ സംവിധാനത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനും പുതിയ നയം ഊന്നല്‍ നല്‍കുന്നുണ്ട്.

മിനിമം ശമ്പളം ഉറപ്പാക്കും

വിദഗ്ധ തൊഴിലാളികള്‍ക്ക് മിനിമം ശമ്പളം ഉറപ്പാക്കണമെന്ന് നയത്തില്‍ പറയുന്നു. മണിക്കൂറിന് 12.82 പൗണ്ടാണ് (1,430 രൂപ) കെയര്‍ വര്‍ക്കേഴ്‌സിന് കുറഞ്ഞ ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വിദേശ തൊഴിലാളികള്‍ക്ക് ഇത് ഏറെ അനുഗ്രഹമാകും. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു മെഡിക്കല്‍ പ്രൊഫഷണലുകള്‍, അധ്യാപകര്‍ എന്നിവരാകും ഇതിന്റെ പ്രധാന ഗുണഭോക്താക്കള്‍.


പഠന വിസയില്‍ ജോലി സാധ്യത കുറയും

വിദ്യാഭ്യാസത്തിനായി എത്തുന്ന വിദേശികള്‍ ജോലിയിലേക്ക് തിരിയുന്നത് നിയന്ത്രിക്കുന്നതിനുള്ള നിര്‍ദേശങ്ങളും പുതിയ നയത്തിലുണ്ട്. ഷോര്‍ട്ട്‌ടേം സ്റ്റുഡന്റ് വിസ ദുരുപയോഗം ചെയ്യുന്നത് തടയും. പഠിക്കാന്‍ വരുന്നവര്‍ പഠിക്കട്ടെ എന്നതാണ് യുകെയുടെ കര്‍ശന നിലപാട്.


വിദേശ റിക്രൂട്ട്‌മെന്റ് കുറയും

തദ്ദേശ ജീവനക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നത് യുകെയിലേക്കുള്ള വിദേശ റിക്രൂട്ട്‌മെന്റ് ഗണ്യമായി കുറക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്ത് നിന്ന് തന്നെ റിക്രൂട്ട്‌മെന്റ് നടത്തണമെന്ന നിര്‍ദേശം പാലിക്കാത്ത തൊഴിലുടമകളുടെ സ്‌പോണ്‍സര്‍ഷിപ്പ് ലൈസന്‍സ് റദ്ദാക്കുമെന്നും പുതിയ നയത്തില്‍ വ്യക്തിമാക്കുന്നു. യുകെയിലേക്കുള്ള ജോലി വാഗ്ദാനങ്ങളെ ഇനി പൂര്‍ണമായും വിശ്വസിക്കില്ലെന്ന സൂചന കൂടി ഇത് നല്‍കുന്നുണ്ട്. തദ്ദേശ തൊഴില്‍ പട്ടികയില്‍ നിന്നുള്ള നിയമനം പൂര്‍ത്തിയായ ശേഷം വരുന്ന അവസരങ്ങളില്‍ മാത്രമായിരിക്കും പുതിയ വിദേശ റിക്രൂട്ട്‌മെന്റുകള്‍ നടക്കുക. അതിന് ഏറെ സമയമെടുക്കുമെന്നാണ് സൂചനകള്‍. തൊഴില്‍ വിസകള്‍ക്ക് പണം നല്‍കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ഓര്‍ത്തിരിക്കണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT