x/Nirmala Sitharaman Office
News & Views

ബജറ്റ് വെറും രണ്ടു ശതമാനം ജനങ്ങള്‍ക്ക് വേണ്ടിയോ? ചോദ്യമുയര്‍ത്തി പ്രതിപക്ഷം; കേരളത്തിന് തികഞ്ഞ അവഗണനയെന്ന് ധനമന്ത്രി

വിഴിഞ്ഞം പദ്ധതിയെക്കുറിച്ചും വയനാട് പാക്കേജിനെക്കുറിച്ചും പ്രഖ്യാപനങ്ങളില്ലാത്തത് നിരാശപ്പെടുത്തി

Dhanam News Desk

കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ കേരളത്തിന് പൂര്‍ണ അവഗണനയെന്ന് പ്രതിപക്ഷവും സംസ്ഥാന സര്‍ക്കാരും. ന്യായമായ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും കേരളത്തോടുള്ള കേന്ദ്രസമീപനത്തില്‍ ഒരു മാറ്റവുമില്ലെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ ബജറ്റെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തോടുള്ള സമീപനം നിരാശാജനകമാണ്. സംസ്ഥാനങ്ങളോട് ഒരേ സമീപനം സ്വീകരിച്ചില്ല. സാധാരണക്കാരുടെ കൈകളില്‍ പണം എത്തുന്ന തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് ഒന്നും മിണ്ടിയില്ല. ഇപ്പഴത്തേത് ബി.ജെ.പി ഫ്രണ്ട്‌ലി ബജറ്റാണ്. വിഴിഞ്ഞം പദ്ധതിയെക്കുറിച്ചും വയനാട് പാക്കേജിനെക്കുറിച്ചും പ്രഖ്യാപനങ്ങളില്ലാത്തത് നിരാശപ്പെടുത്തിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതത്തിലും കേരളത്തിന് വലിയ രീതിയിലുള്ള കുറവുണ്ടായെന്നും ബാലഗോപാല്‍ ആരോപിച്ചു. കഴിഞ്ഞ തവണ 73,000 കോടി രൂപ കിട്ടാന്‍ അവകാശമുണ്ടായിട്ടും കേരളത്തിന് ലഭിച്ചത് 33,000 കോടി രൂപയാണ്. ഇത്തവണയും ഈ തുക കുറയുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

രണ്ട് ശതമാനത്തിന് വേണ്ടിയുള്ളത്

ആദായ നികുതി നല്‍കുന്ന രാജ്യത്തെ രണ്ട് ശതമാനം ആളുകള്‍ക്ക് വേണ്ടിയുള്ള ബജറ്റാണ് ഇപ്പോഴത്തേതെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി കുറ്റപ്പെടുത്തി. ഡല്‍ഹി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ പ്രഖ്യാപനം. ബജറ്റ് പ്രസംഗത്തില്‍ ആറ് സ്ഥലത്താണ് ബീഹാറിനെ പരാമര്‍ശിച്ചത്. എന്നിട്ടും ആന്ധ്രാപ്രദേശിനെക്കുറിച്ച് എന്തുകൊണ്ട് മിണ്ടിയില്ലെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. എന്നാല്‍ അടുത്തിടെ പ്രധാനമന്ത്രി ആന്ധ്രയിലെത്തി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചെന്നും അദ്ദേഹം പറഞ്ഞു. കേരളം ആവശ്യപ്പെട്ട 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജിലടക്കം കടുത്ത അവഗണനയാണുണ്ടായത്. 100 ജില്ലകളില്‍ നൂതന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഭാരവും സംസ്ഥാനങ്ങളുടെ തലയിലേക്ക് വച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാധാരണക്കാര്‍ക്ക് ഒന്നുമില്ലെന്ന് പ്രതിപക്ഷ എം.പിമാര്‍

ബീഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തയ്യാറാക്കിയ ബജറ്റാണിതെന്നു സാധാരണക്കാരെയും മധ്യവര്‍ഗത്തെയും പൂര്‍ണമായും അവഗണിച്ചെന്നും പ്രതിപക്ഷ എം.പിമാര്‍ കുറ്റപ്പെടുത്തി. രാജ്യത്തിന്, പ്രത്യേകിച്ചും മധ്യവര്‍ഗത്തിന്, തിരിച്ചടിയാകുന്ന ബജറ്റാണിതെന്ന് ഡി.എം.കെ എം.പി ദയാനിധി മാരന്‍ ആരോപിച്ചു. 12 ലക്ഷം വരെയുള്ളവര്‍ക്ക് ആദായ നികുതി ഇളവ് നല്‍കുമെന്നാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറയുന്നത്. എന്നാല്‍ 10 മുതല്‍ 8 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി സ്ലാബ് ഏര്‍പ്പെടുത്തിയത് എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT