Image by Canva 
News & Views

കൃഷിയില്‍ ഡിജിറ്റല്‍ വിപ്ലവം; ₹2,817 കോടിയുടെ ഡിജിറ്റല്‍ കാര്‍ഷിക മിഷനുമായി കേന്ദ്രം

കാര്‍ഷിക മേഖലക്കായി 13,960 കോടിയുടെ ഏഴു പദ്ധതികള്‍ അംഗീകരിച്ച് മന്ത്രിസഭ

Dhanam News Desk

കൃഷിയിലും ഡിജിറ്റല്‍ വിപ്ലവം. ഡിജിറ്റല്‍ കാര്‍ഷിക മിഷന്‍ നടപ്പാക്കാന്‍ 2,817 കോടി രൂപയുടെ പദ്ധതി കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ഇതടക്കം കര്‍ഷകരുടെ വരുമാനവും ജീവിത സ്ഥിതിയും മെച്ചപ്പെടുത്താന്‍ 13,960 കോടി രൂപയുടെ ഏഴു പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകരിച്ചിട്ടുളളത്.

കര്‍ഷക രജിസ്റ്റര്‍, ഗ്രാമ ഭൂമി രജിസ്റ്റര്‍, വിള രജിസ്റ്റര്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഡിജിറ്റല്‍ കാര്‍ഷിക മിഷനെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരിച്ചു. വരള്‍ച്ചയും മഴയും നിരീക്ഷിച്ചുള്ള കൃഷി നിര്‍ണയ സഹായ സംവിധാനവും മറ്റും മിഷന്റെ ഭാഗമാണ്. മണ്ണിന്റെ ഘടന, ഡിജിറ്റല്‍ വിള നിര്‍ണയം, വിള വായ്പാ സഹായം, നവീന സാങ്കേതിക വിദ്യ സ്വായത്തമാക്കല്‍ തുടങ്ങിയവയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രയോജനവും മിഷന്റെ ഭാഗം.

ഭക്ഷ്യ, പോഷകാഹാര സുരക്ഷക്ക് ഉതകുന്ന 3,979 കോടി രൂപയുടെ കാര്‍ഷിക ശാസ്ത്ര പദ്ധതിയും കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. കാര്‍ഷിക വിദ്യാഭ്യാസം, മാനേജ്‌മെന്റ് രീതികള്‍ എന്നിവ മെച്ചപ്പെടുത്തും. ഇതിന് 2,291 കോടി. 1,702 കോടി ചെലവിട്ട് കന്നുകാലി ആരോഗ്യ പരിപാലനത്തിന് പുതിയ സൗകര്യങ്ങള്‍ കൊണ്ടുവരും. ഉദ്യാനകൃഷി വികസനം -860 കോടി, കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ -1,202 കോടി, പ്രകൃതി വിഭവ മാനേജ്‌മെന്റ് -1,115 കോടി എന്നിങ്ങനെയും തുക അനുവദിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT