കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ന്യൂഡല്‍ഹി കേരള ഹൗസില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നു. കെ.വി തോമസ് സമീപം. 
News & Views

കേന്ദ്രവുമായി 'മഞ്ഞുരുക്കം', മുന്‍കൈയെടുത്ത് ഗവര്‍ണര്‍; കേരളഹൗസില്‍ നിര്‍മല-പിണറായി കൂടിക്കാഴ്ചയില്‍ എല്ലാം റൈറ്റ് ആകുമോ?

മാര്‍ച്ചിലെ അധിക സാമ്പത്തിക ബാധ്യത മറികടക്കാന്‍ 12,000 കോടി രൂപ കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്

Dhanam News Desk

സംസ്ഥാന സര്‍ക്കാര്‍ വലിയ കടക്കെണിയിലായി നില്‍ക്കേ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയിലെ കേരള ഹൗസില്‍ വച്ചാണ് ഇരുവരും അനൗപചാരിക ചര്‍ച്ച നടത്തിയത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, സംസ്ഥാന സര്‍ക്കാരിന്റെ തലസ്ഥാനത്തെ പ്രത്യേക പ്രതിനിധി കെ.വി തോമസ് എന്നിവരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.

ഇന്ന് രാവിലെ ഒന്‍പതോടെയാണ് നിര്‍മല സീതാരാമന്‍ കേരള ഹൗസില്‍ എത്തിയത്. ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ സംസ്ഥാനവും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കുറ്റപ്പെടുത്തലുകള്‍ തുടരുന്നതിനിടെയാണ് സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്.

കടമെടുപ്പ് പ്രധാന വിഷയം

മാര്‍ച്ചിലെ അധിക സാമ്പത്തിക ബാധ്യത മറികടക്കാന്‍ 12,000 കോടി രൂപ കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ അനുകൂല നിലപാട് കേന്ദ്രത്തില്‍ നിന്ന് നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നാണ് വിവരം. കടമെടുപ്പ് വിഷയം കൂടിക്കാഴ്ചയില്‍ പിണറായി ഉന്നയിച്ചതായാണ് സൂചന.

ഇതിനു പുറമേ വയനാട് പുനരധിവാസം, വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ വയബിലിറ്റി ഗ്യാപ് ഫണ്ട് എന്നീ കാര്യങ്ങളിലും ചര്‍ച്ച നടന്നു. വയനാട് പുനരധിവാസത്തിന് നല്കിയ വായ്പ വിനിയോഗ കാലാവധി നീട്ടി നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ലാപ്‌സായ കേന്ദ്രസഹായം മുന്‍കാല പ്രാബല്യത്തോടെ നല്കണമെന്നും കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രഭാത ഭക്ഷണവും കഴിച്ചാണ് കേന്ദ്രമന്ത്രി മടങ്ങിയത്.

ഗവര്‍ണറുടെ നയതന്ത്രം

സംസ്ഥാന സര്‍ക്കാരുമായി നിരന്തരം കലഹിച്ചിരുന്ന ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് വ്യത്യസ്തമായി ഏറ്റുമുട്ടലുകള്‍ കുറച്ചുകൊണ്ടാണ് ഇപ്പോഴത്തെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മുന്നോട്ടു പോകുന്നത്. വിവിധ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ കൂടി വിശ്വാസത്തിലെടുത്താണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. കേന്ദ്രവുമായുള്ള മഞ്ഞുരുക്കത്തിന് ഗവര്‍ണറുടെ പങ്കും നിര്‍ണായകമാണെന്ന സൂചനകളാണ് ഇന്നത്തെ കൂടിക്കാഴ്ച നല്‍കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT