News & Views

കേരളത്തില്‍ കൂടുതല്‍ നിക്ഷേപമെത്തുന്നു; അടിസ്ഥാന വികസനത്തിന് അതിവേഗം; അഭിനന്ദനവുമായി കേന്ദ്രമന്ത്രി

സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി മുഖച്ഛായ മാറ്റുമെന്ന് പിയൂഷ് ഗോയല്‍

Dhanam News Desk

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപമെത്തുന്നുണ്ടെന്നും അടിസ്ഥാന സൗകര്യ വികസനത്തില്‍ സംസ്ഥാനം അതിവേഗം കുതിക്കുകയാണെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള സമ്മിറ്റി ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം, ലോജിസ്റ്റിക്, നിര്‍മാണ രംഗത്ത് വലിയ നേട്ടം കൊയ്യാന്‍ കേരളത്തിന് സാധിക്കുന്നുണ്ട്. കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ വരുന്നുണ്ട്. ഇത് സ്വാഗതാര്‍ഹമാണ്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇതുവഴി സാധിക്കുന്നു. ഡിജിറ്റല്‍ കണക്ടിവിറ്റി, മാലിന്യ സംസ്‌കരണം, റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, കൊമേഴ്‌സ്യല്‍ സ്‌പേസ് എന്നീ കാര്യങ്ങളിലെല്ലാം കേരളത്തിന് നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ഭാരത്മാല പദ്ധതിയില്‍പ്പെടുത്തി റോഡ് നിര്‍മാണത്തില്‍ വലിയ പുരോഗതി നേടാന്‍ സാധിച്ചു. അദ്ദേഹം പറഞ്ഞു.

സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി മുഖച്ഛായ മാറ്റും

കെ റെയിലിന് പകരമായി സംസ്ഥാനം പരിഗണിക്കുന്ന സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയെക്കുറിച്ചും പീയുഷ് ഗോയല്‍ പ്രസംഗത്തിനിടെ പരാമര്‍ശിച്ചു. ഇത്തരം വലിയ പദ്ധതികള്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്ന അഭിപ്രായമാണ് കേന്ദ്രമന്ത്രി പങ്കുവച്ചത്.

51 ഫൈവ്സ്റ്റാര്‍ ഹോട്ടലുകളാണ് കേരളത്തിലുള്ളത്. ടൂറിസം രംഗത്തെ അടിവരയിടുന്നതാണ് ഈ കണക്കുകള്‍. നെടുമ്പാശേരി വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാനായി സംസ്ഥാനമെടുത്ത പരിശ്രമം ശ്ലാഘനീയമാണ്. മെഡിക്കല്‍ ടൂറിസം രംഗത്ത് കേരളത്തിന് വലിയ സ്ഥാനമാണുള്ളത്.

2047 ഓടെ ഇന്ത്യയെ 30-35 ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയാക്കുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ കേരളത്തിന്റെ സംഭാവനയും വലുതാണെന്ന് പീയുഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT