Phonepe limited canva
News & Views

ഫോൺപേ പേരു മാറ്റി, പുതിയ ചുവടുവെയ്പ്; ഉപയോക്താക്കളെ ബാധിക്കുമോ?

738 കോടി രൂപ നഷ്ടത്തില്‍ നിന്ന് 197 കോടി ലാഭത്തില്‍ എത്തിയ കമ്പനി

Dhanam News Desk

ഐപിഒ യിലേക്ക് ചുവടു വെക്കുന്ന, രാജ്യത്തെ മുന്‍നിര ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേയുടെ പേരില്‍ ചെറിയൊരു മാറ്റം. 'ഫോണ്‍പേ പ്രൈവറ്റ് ലിമിറ്റഡ്' എന്ന നിലവിലുള്ള പേര് 'ഫോണ്‍പേ ലിമിറ്റഡ്' എന്നായാണ് മാറുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന അസാധാരണ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനമുണ്ടായത്. പേര് മാറ്റത്തിന് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ അംഗീകാരമായി. വാള്‍മാര്‍ട്ടിന്റെ കീഴിലുള്ള 1,200 കോടി ഡോളര്‍ (1.02 ലക്ഷം കോടി രൂപ) മൂല്യമുള്ള ഫോണ്‍പേ ഇന്ത്യയില്‍ ബിസിനസ് വിപുലീകരണത്തിന്റെ പാതയിലാണ്. ബെംഗളൂരു ആസ്ഥാനമായാണ് ഇന്ത്യയിലെ പ്രവര്‍ത്തനം. പേരുമാറ്റം പക്ഷെ, കമ്പനിയുടെ പ്രവര്‍ത്തന രീതികളെയോ ഉപയോക്താക്കള്‍ക്കുള്ള സേവനങ്ങളെയോ ബാധിക്കില്ല.

പേര് മാറ്റത്തിന് പിന്നില്‍

ഇന്ത്യന്‍ ഓഹരി വിപണിയില്‍ കമ്പനി ലിസ്റ്റ് ചെയ്യുന്നതിന് മുമ്പുള്ള നിയമപരമായ ആവശ്യകതയാണ് പേര് മാറ്റത്തിന് പിന്നില്‍. ഐപിഒ എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും കമ്പനിക്ക് ഓഹരി വിപണിയിലേക്ക് എത്താനുള്ള ഉചിതമായ സമയമാണിതെന്ന് മാനേജ്‌മെന്റ് സൂചന നല്‍കിയിട്ടുണ്ട്. വിവിധ ബിസിനസ് പോര്‍ട്ട്‌ഫോളിയോകളില്‍ പ്രകടനം മികച്ചതാണെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കി. ഐപിഒക്ക് മുന്നോടിയായി കൊട്ടക്ക് മഹിന്ദ്ര കാപ്പിറ്റല്‍, ജെ.പി മോര്‍ഗന്‍, മോര്‍ഗന്‍ സ്റ്റാന്‍ലി തുടങ്ങിയ പ്രമുഖ കമ്പനികളെ ഫണ്ട് അഡൈ്വസര്‍മാരായി നിയമിച്ചിട്ടുണ്ട്. 1,500 കോടി ഡോളറാണ് കമ്പനി മൂല്യം കണക്കാക്കുന്നത്.

വരുമാനത്തില്‍ 73 ശതമാനം വളര്‍ച്ച

2022 ല്‍ ഫോണ്‍പേ സിംഗപ്പൂരില്‍ നിന്ന് ബെംഗളൂരിവിലേക്ക് പ്രവര്‍ത്തനം മാറ്റുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ 73 ശതമാനം വളര്‍ച്ചയാണ് നേടിയത്. വരുമാനം 5,064 കോടി രൂപയില്‍ എത്തി. 2023 സാമ്പത്തിക വര്‍ഷത്തില്‍ 738 കോടി രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിച്ച കമ്പനി കഴിഞ്ഞ വര്‍ഷം 197 കോടി രൂപ ലാഭം കണ്ടെത്തി. ഇന്ത്യന്‍ യുപിഐ വിപണിയില്‍ 48 ശതമാനം സാന്നിധ്യമാണ് അവര്‍ക്കുള്ളത്. 37 ശതമാനം വിപണി സാന്നിധ്യമുള്ള ഗൂഗ്ള്‍പേ ആണ് രണ്ടാം സ്ഥാനത്ത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT