യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് (UPI) ഇടപാടുകള്‍ സൗജന്യമായി തുടരുന്നതിനായി സര്‍ക്കാര്‍ സബ്‌സിഡിയെ മാത്രം ആശ്രയിക്കുന്ന മാതൃക ദീര്‍ഘകാലം നിലനില്‍ക്കില്ലെന്ന് ഫോണ്‍പേ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സമീര്‍ നിഗം. തിരഞ്ഞെടുത്ത ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ യുപിഐ ഇടപാട് തോതില്‍ ബാങ്കുകളും ഫിന്‍ടെക് കമ്പനികളും ഉള്‍പ്പെടുന്ന പേയ്മെന്റ് വ്യവസായത്തിന് പ്രതിവര്‍ഷം ഏകദേശം 10,000-12,000 കോടി ചെലവാകുന്നുണ്ടെന്നും സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി ഈ ചെലവ് നികത്താന്‍ പര്യാപ്തമല്ലെന്നും നിഗം ഇന്ത്യടുഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
പേയ്മെന്റ് കമ്പനികള്‍ ലാഭലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണെന്നും ഇക്വിറ്റിയും കടവും വഴി മൂലധനം സമാഹരിക്കുന്ന ഇത്തരം കമ്പനികള്‍ക്ക് സ്വന്തം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വരുമാനം കണ്ടെത്താനാകുന്ന സ്ഥിതി ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുപിഐ സംവിധാനത്തിന് സ്ഥിരതയുള്ള ഒരു വരുമാന മാതൃക ആവശ്യമാണെന്നാണ് നിഗമിന്റെ നിലപാട്. തുടക്കത്തില്‍ യുപിഐ ഇടപാടുകള്‍ക്ക് 0.65 ശതമാനം എംഡിആര്‍ ഉണ്ടായിരുന്നുവെന്നും 2020ലെ കോവിഡ് കാലത്താണ് സര്‍ക്കാര്‍ ഇത് പൂജ്യമാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എംഡിആര്‍ നിലവിലുണ്ടായിരുന്ന സമയത്തും യുപിഐ അതിവേഗം വളര്‍ന്നിരുന്നുവെന്നും ഡിജിറ്റല്‍ പേയ്മെന്റുകളുടെ വളര്‍ച്ചയ്ക്ക് പൂജ്യം എംഡിആര്‍ നിര്‍ബന്ധമാണെന്ന വാദത്തോട് താന്‍ യോജിക്കുന്നില്ലെന്നും നിഗം പറഞ്ഞു.
സര്‍ക്കാര്‍ നല്കുന്ന 2,000 കോടി സബ്‌സിഡി ഈ മേഖലയിലെ ചെലവുകള്‍ നിറവേറ്റാന്‍ മതിയാകില്ലെന്നും കമ്പനികള്‍ നഷ്ടം സഹിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൊത്തം ഇടപാടുകളില്‍ 95-96 ശതമാനവും 2,000ല്‍ താഴെയാണെന്നും അതിനാല്‍ പലചരക്ക്, ഓട്ടോറിക്ഷ നിരക്ക്, പൊതുഗതാഗതം തുടങ്ങിയ സാധാരണ ദൈനംദിന പേയ്മെന്റുകളുടെ വലിയൊരു ഭാഗത്തെ ഈ മാറ്റം ബാധിക്കില്ല. അതേസമയം 2,000ന് മുകളിലുള്ള ഇടപാടുകള്‍ എണ്ണത്തില്‍ ഏകദേശം നാല് ശതമാനം മാത്രമാണെങ്കിലും മൊത്തം യുപിഐ ഇടപാട് മൂല്യത്തിന്റെ ഏകദേശം 66 ശതമാനം ഇവയാണെന്നും നിഗം വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine