സാധാരണ യുപിഐ വ്യാപാരി ഇടപാടുകള്‍ക്ക് അധിക ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള ഏതൊരു നീക്കവും പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഇലക്ട്രിക് ട്രേഡ്‌സ് അസോസിയേഷന്‍ (കെറ്റ). കുറഞ്ഞ ലാഭവിഹിതത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട, ഇടത്തരം വ്യാപാരികള്‍ക്ക് ഇത്തരം ചാര്‍ജുകള്‍ അധിക സാമ്പത്തിക ബാധ്യതയാകുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി. ആര്‍. സന്തോഷ് പറഞ്ഞു.
ഓരോ ഡിജിറ്റല്‍ ഇടപാടിനും വരുന്ന ചെറിയ അധിക ചെലവുപോലും വ്യാപാര സ്ഥാപനങ്ങളുടെ മൊത്തം പ്രവര്‍ത്തനച്ചെലവ് ഉയര്‍ത്താം. ഇതിന്റെ പ്രതിഫലനം ഉപഭോക്താക്കളിലേക്കും എത്താനുള്ള സാധ്യതയുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിന്റെ വളര്‍ച്ചയില്‍ യുപിഐ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ചെറുകിട കടകള്‍ മുതല്‍ വലിയ വ്യാപാര സ്ഥാപനങ്ങള്‍ വരെ യുപിഐയും ക്യുആര്‍ കോഡ് പേയ്മെന്റുകളും ദൈനംദിന ഇടപാടുകളുടെ ഭാഗമായി സ്വീകരിച്ചുകഴിഞ്ഞു. ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുകയും വ്യാപാരികളെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്തശേഷം അതേ സംവിധാനത്തിലൂടെ അധിക സാമ്പത്തിക ബാധ്യത ഏര്‍പ്പെടുത്തുന്നത് വ്യാപാര സമൂഹത്തില്‍ ആശങ്കയും നിരാശയും സൃഷ്ടിക്കുമെന്ന് കെറ്റ വ്യക്തമാക്കി.
യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള ചാര്‍ജ് സംവിധാനം പരിഗണിക്കുന്നുണ്ടെങ്കില്‍ പ്രതിനിധി വ്യാപാരി സംഘടനകളുമായി വിശദമായ കൂടിയാലോചന നടത്തണമെന്നാണ് കെറ്റയുടെ ആവശ്യം. ചെറുകിട, ഇടത്തരം വ്യാപാരികള്‍ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine