ആഗോള എണ്ണവില പിടിവിട്ട് കുതിക്കുന്നതിനിടെ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ നടപടികളുമായി യുഎസ് ഭരണകൂടം. ഇതിന്റെ ഭാഗമായി ഇറാന്റെ നിയന്ത്രണത്തിലുള്ള കപ്പലുകളില്‍ നിന്ന് എണ്ണവാങ്ങാനുള്ള നിയന്ത്രണത്തില്‍ ഇളവുവരുത്തി. ഏപ്രില്‍ 19 വരെ ഇത്തരത്തില്‍ ഇറാന്‍ എണ്ണ വാങ്ങാം.
കടലിലുള്ള ഇറാനിയന്‍ എണ്ണക്കപ്പലുകളില്‍ ഏകദേശം 140 മില്യണ്‍ ബാരല്‍ എണ്ണ ഉണ്ടെന്നാണ് കണക്ക്. ഇത് ആഗോള വിപണിയിലേക്ക് എത്തുന്നത് കുതിച്ചുയരുന്ന എണ്ണവിലയെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രതീക്ഷ. യുദ്ധം അതിന്റെ അവസാന ഘട്ടത്തിലാണെന്നും അധികം വൈകാതെ ഫലം കാണുമെന്നും ഇന്നലെ ട്രംപ് വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി 28ന് പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിച്ച ശേഷം എണ്ണവിലയില്‍ 50 ശതമാനത്തിനടുത്ത് വര്‍ധന രേഖപ്പെടുത്തി. ഡബ്ല്യുടിഐ ക്രൂഡ് വില 100 ഡോളറിന് അടുത്താണ്. മര്‍ബന്‍ ക്രൂഡ് ആകട്ടെ ബാരലിന് 146 ഡോളറായി കുതിച്ചുയര്‍ന്നു. ബ്രെന്റ് ക്രൂഡിന്റെ ഇന്നത്തെ വില 112 ഡോളറാണ്.
ഖത്തറിലെ പ്രധാന പ്രകൃതിവാതക ഉത്പാദന കേന്ദ്രത്തിലേക്ക് ഇറാന്‍ നടത്തിയ ആക്രമണം എല്‍പിജി ലഭ്യതയിലും കുറവുവരുത്തിയിട്ടുണ്ട്. എണ്ണയുടെ 80 ശതമാനം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയില്‍ അടക്കം പ്രതിസന്ധി രൂക്ഷമാണ്. പാക്കിസ്ഥാനില്‍ എണ്ണലഭ്യത നിലച്ചതോടെ റിപ്പബ്ലിക് ദിന പരേഡ് പോലും ഒഴിവാക്കി. ശ്രീലങ്കയില്‍ ബുധനാഴ്ചകളിലും പൊതുഅവധി പ്രഖ്യാപിച്ചു. ബംഗ്ലാദേശിലും ഗുരുതരമാണ് സ്ഥിതി.
എണ്ണവില പിടിവിട്ട് പോകുന്നത് തന്റെ രാഷ്ട്രീയ ഭാവിക്ക് ഗുണകരമല്ലെന്ന് മനസിലാക്കിയ ട്രംപ്, യുഎസിന്റെ കൈവശമുള്ള 45 മില്യണ്‍ ബാരല്‍ പെട്രോളിയം റിസര്‍വ് കൂടി വിപണിയിലിറക്കുമെന്ന് പ്രഖ്യാപിച്ചു. നവംബറില്‍ നടക്കുന്ന മിഡ്‌ടേം ഇലക്ഷനില്‍ ഉയരുന്ന എണ്ണവില വലിയ ഘടകമായി മാറുമെന്നാണ് വിലയിരുത്തല്‍. യുദ്ധം വേഗം നിര്‍ത്തി എണ്ണവിലയില്‍ സ്ഥിരത കൊണ്ടുവരാനാണ് യുഎസ് പദ്ധതി.
വരുംദിവസങ്ങളില്‍ ആഗോള എണ്ണവില 150 ഡോളറിലേക്ക് എത്തുമെന്നാണ് വിദഗ്ധ വിലയിരുത്തല്‍. ഇറാന്‍ തന്ത്രം മാറ്റിയത് മേഖലയിലെ എണ്ണവിതരണത്തെ ബാധിച്ചിട്ടുണ്ട്. എണ്ണപ്പാടങ്ങളും റിഫൈനറികളും തിരഞ്ഞു പിടിച്ച് ആക്രമിക്കുകയെന്ന നയത്തിലേക്കാണ് ഇറാന്‍ മാറിയത്.
Read DhanamOnline in English
Subscribe to Dhanam Magazine