ഡൊണള്‍ഡ് ട്രംപിന്റെ വ്യാപാര തീരുവയില്‍ നട്ടംതിരിയുകയാണ് അമേരിക്കന്‍ ജനത. ഇറക്കുമതി ചെയ്യുന്ന അവശ്യസാധനങ്ങളുടെ വില വലിയതോതില്‍ ഉയര്‍ന്നതാണ് ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. അവശ്യ വസ്തുക്കളെ തീരുവയില്‍ നിന്നൊഴിവാക്കുമെന്ന് ട്രംപ് വാക്കുനല്കിയിരുന്നെങ്കിലും അതൊന്നും നടപ്പിലായില്ലെന്ന് മാത്രം.
അമേരിക്കക്കാരുടെ നിത്യജീവിതത്തിലെ ഒഴിവാക്കാനാകത്ത പാനീയമാണ് കാപ്പി. ഈ കാപ്പിയുടെ വില ചുരുങ്ങിയ ദിവസങ്ങള്‍ക്കിടെ 15 ശതമാനത്തിന് മുകളിലാണ് വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ കാപ്പി വില 41 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്. ആവശ്യകതയുടെ 99 ശതമാനം കാപ്പിപ്പൊടിയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് യുഎസ്. ഒരു ശതമാനം കാപ്പി മാത്രമാണ് യുഎസ് ഉത്പാദിപ്പിക്കുന്നത്.
ബ്രസീലില്‍ നിന്നാണ് യുഎസിന് ആവശ്യമായ കാപ്പിയുടെ 30 ശതമാനവും വരുന്നത്. താരിഫ് യുദ്ധത്തിന് തുടക്കമിട്ടപ്പോള്‍ തന്നെ ബ്രസീലിനെ ശത്രുപക്ഷത്ത് നിര്‍ത്താനാണ് ട്രംപ് ശ്രമിച്ചത്. നിലവിലുണ്ടായിരുന്ന 10 ശതമാനം തീരുവയ്‌ക്കൊപ്പം പുതുതായി 40 ശതമാനം തീരുവയും ബ്രസീലിനു മേല്‍ ചുമത്തി. അമേരിക്കക്കാരുടെ സമ്പത്ത് ബ്രസീല്‍ കൊള്ളയടിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ട്രംപിന്റെ നടപടി.
തീരുവ വര്‍ധിച്ചതോടെ ബ്രസീലിയന്‍ കമ്പനികള്‍ കയറ്റുമതി നിര്‍ത്തിവച്ചു. അധികതീരുവ ആര് നല്കുന്നുവെന്ന കാര്യത്തില്‍ അമേരിക്കന്‍ കമ്പനികളുമായി തര്‍ക്കം തുടരുകയാണ്. യുഎസ് കമ്പനികള്‍ അധികതീരുവയുടെ വിഹിതം ഏറ്റെടുത്തില്ലെങ്കില്‍ ബ്രസീലില്‍ നിന്നുള്ള കയറ്റുമതി പൂര്‍ണമായും സ്തംഭിക്കുമെന്നാണ് സൂചന.
യുഎസ് മാര്‍ക്കറ്റിലെത്തുന്ന കാപ്പിയുടെ 20 ശതമാനം വിഹിതമുള്ള കൊളംബിയയും ഇപ്പോള്‍ ട്രംപിന്റെ ശത്രുപക്ഷത്താണ്. നിലവില്‍ 10 ശതമാനം താരിഫാണ് ഈ ലാറ്റിനമേരിക്കന്‍ രാജ്യത്തിനു മേല്‍ ചുമത്തിയിരിക്കുന്നത്. ഇത് കുത്തനെ വര്‍ധിപ്പിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ മയക്കുമരുന്ന് ഡീലറാണെന്ന് വരെ ട്രംപ് അധിക്ഷേപിച്ചു. മയക്കുമരുന്നിനെതിരായ പോരാട്ടത്തിന് കൊളംബിയയ്ക്ക് നല്കുന്ന സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കുന്നു.
കൊളംബിയയ്ക്ക് മേല്‍ ഇനിയും താരിഫ് വര്‍ധിപ്പിച്ചാല്‍ കാപ്പി വരവ് തീര്‍ത്തും നിലയ്ക്കും. ഇത് യുഎസില്‍ കോഫി ഉത്പന്നങ്ങളുടെ വില പിടിവിട്ട് ഉയരാന്‍ കാരണമാകും. യുഎസ് വിപണിയില്‍ എട്ടുശതമാനമുള്ള വിയറ്റ്‌നാമിന് മേലുള്ള താരിഫ് 20 ശതമാനമാക്കിയതും വില ഉയരുന്നതിന് കാരണമായി.
Read DhanamOnline in English
Subscribe to Dhanam Magazine