വെനസ്വേലയില്‍ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദിയാക്കിയതിന് പിന്നാലെ അവിടുത്തെ എണ്ണവില്പനയുടെ നിയന്ത്രണം യുഎസ് സ്വന്തമാക്കിയിരുന്നു. വെനസ്വേലന്‍ വിഷയത്തില്‍ ലോകരാജ്യങ്ങള്‍ പതിഞ്ഞ പ്രതികരണമായിരുന്നു നടത്തിയത്. ക്രൂഡ്ഓയില്‍ വില കൂടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ഉണ്ടായില്ല.
ഇപ്പോഴിതാ എണ്ണ വിഷയത്തില്‍ തന്നെ അടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രംഗത്തെത്തിയിരിക്കുന്നു. ഇന്ത്യയ്ക്ക് നേരെയാണ് മുന്നറിയിപ്പ്. റഷ്യന്‍ എണ്ണ വാങ്ങലില്‍ ഉടനൊരു തീരുമാനം ഉണ്ടായില്ലെങ്കില്‍ താരിഫ് വീണ്ടും വര്‍ധിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ 50 ശതമാനം തീരുവയാണ് ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് യുഎസില്‍ ഈടാക്കുന്നത്.
ഈ തീരുവ വര്‍ധിപ്പിക്കുമെന്നാണ് വാഷിംഗ്ടണില്‍ നടന്ന പൊതുപരിപാടിയില്‍ വച്ച് ട്രംപ് മുന്നറിയിപ്പ് നല്കിയത്. വ്യാപാര കരാറിനായി ഇന്ത്യ-യുഎസ് ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ ക്രിയാത്മകമായി നടക്കുന്നതിനിടെയാണ് ട്രംപിന്റെ ഭീഷണിയെന്നത് ശ്രദ്ധേയമാണ്.
ക്ഷീരമേഖല ഉള്‍പ്പെടെ ചുരുക്കം ചില മേഖലകളില്‍ കൂടി സമവായത്തിലെത്തിയാല്‍ ഇന്ത്യ-യുഎസ് കരാര്‍ യാഥാര്‍ത്ഥ്യമാകും. പാലുല്പന്നങ്ങള്‍ക്കായി ഇന്ത്യന്‍ വിപണി തുറന്നു നല്കണമെന്ന യുഎസ് ആവശ്യമാണ് ചര്‍ച്ചയില്‍ കല്ലുകടിയായി നില്ക്കുന്നത്.
വൈറ്റ്ഹൗസ് ട്വിറ്ററില്‍ പങ്കുവച്ച ശബ്ദ സംഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോാദിയെ പരാമര്‍ശിക്കുന്നുണ്ട്. താന്‍ സന്തോഷവാനല്ലെന്ന് മോദിക്ക് അറിയാം. എന്നെ സന്തോഷിപ്പിക്കുകയെന്നത് പ്രധാനപ്പെട്ടതാണ്. അവരിപ്പോഴും വ്യാപാരം ചെയ്യുന്നു. ഞങ്ങള്‍ക്ക് വളരെ വേഗം താരിഫ് വര്‍ധിപ്പിക്കാന്‍ സാധിക്കും... ഇങ്ങനെ പോകുന്നു താരിഫില്‍ ട്രംപിന്റെ മുന്നറിയിപ്പ്.
യുഎസിന്റെ ഇരട്ട താരിഫിനുശേഷം യുഎസിലേക്കുള്ള കയറ്റുമതിയില്‍ കുറവുണ്ടായെങ്കിലും മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിച്ച് പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. വസ്ത്ര കയറ്റുമതിയില്‍ മാത്രമാണ് ഇപ്പോഴും വലിയ പ്രതിസന്ധി തുടരുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine