image credit : canva and facebook
News & Views

ട്രംപ് വന്നപ്പോള്‍ മൂക്കു കുത്തി ഡോളര്‍, 1973നു ശേഷം ആദ്യം, ആറു മാസം കൊണ്ട് തകര്‍ച്ച 11 %, രൂപക്ക് കരുത്ത്, ഇന്ത്യന്‍ ബിസിനസുകള്‍ക്ക് ഗുണമോ ദോഷമോ?

Dhanam News Desk

2025 കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ പകുതിയില്‍ അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് കുത്തനെയിടിഞ്ഞു. 1973ല്‍ റിച്ചാര്‍ഡ് നിക്‌സണ്‍ പ്രസിഡന്റായിരുന്ന കാലത്തിന് ശേഷം ഒരു വര്‍ഷത്തിലെ ആദ്യ പകുതിയില്‍ അമേരിക്കന്‍ ഡോളര്‍ ഇത്രയധികം ശോഷിക്കുന്നത് ഇതാദ്യം. ഇക്കൊല്ലം ഇതുവരെ 10.8 ശതമാനമാണ് ഡോളറിന്റെ വിനിമയ നിരക്കില്‍ കുറവുണ്ടായത്. 1973ലെ സമാന കാലയളവില്‍ 14.8 ശതമാനമാണ് ഇടിഞ്ഞത്. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങളെക്കുറിച്ചുള്ള ആശങ്കയും യു.എസ് കടപ്പത്രങ്ങളുടെ പലിശ നിരക്ക് കുറക്കണമെന്നുള്ള ട്രംപിന്റെ നിരന്തര ആവശ്യവുമാണ് ഡോളറിനെ പിന്നോട്ടടിച്ചത്.

എന്താണ് സംഭവിച്ചത്

യൂറോ, സ്വിസ് ഫ്രാങ്ക്, ജാപ്പനീസ് യെന്‍, ബ്രിട്ടീഷ് പൗണ്ട്, കനേഡിയന്‍ ഡോളര്‍, സ്വീഡിഷ് ക്രോണ തുടങ്ങിയ ആറ് കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കന്‍ ഡോളറിന്റെ മൂല്യം കണക്കാക്കുന്ന ഡോളര്‍ ഇന്‍ഡക്‌സ് നിലവില്‍ 97 എന്ന നിലയിലാണ്. ഇക്കൊല്ലം മാത്രം ഈ സൂചിക ഇടിഞ്ഞത് 10 ശതമാനത്തിന് മുകളില്‍. ട്രംപ് സ്ഥാനമേറ്റെടുക്കുമ്പോള്‍ 110 എന്ന നിലയിലായിരുന്നു. നിലവില്‍ 2022 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഡോളര്‍. സ്വര്‍ണത്തെ അടിസ്ഥാനമാക്കിയുള്ള ബ്രെട്ടണ്‍വുഡ് സാമ്പത്തിക വ്യവസ്ഥ അവസാനിപ്പിച്ചതിന് ശേഷം ഒരു വര്‍ഷത്തിലെ ആദ്യ പകുതിയില്‍ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയുമാണിത്.

ഡോളര്‍ വിറ്റൊഴിച്ച് നിക്ഷേപകര്‍

ഏത് പ്രതിസന്ധിഘട്ടങ്ങളിലും കുലുങ്ങാതെ നില്‍ക്കുന്ന അമേരിക്കന്‍ ഡോളറിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമെന്നാണ് കരുതിപ്പോന്നത്. ട്രംപിന്റെ വ്യാപാരനയങ്ങള്‍ ഇതിനെല്ലാം മാറ്റം വരുത്തി. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഡോളര്‍ വാങ്ങിയവരെല്ലാം വിറ്റൊഴിവാക്കാന്‍ തുടങ്ങി. മറ്റ് കറന്‍സികളേക്കാള്‍ ഡോളറിന് 10 ശതമാനത്തിലേറെ മൂല്യമിടിഞ്ഞു. ട്രംപിന്റെ ഭരണം കുഴപ്പം പിടിച്ചതാണെന്നാണ് മിക്ക നിക്ഷേപകരും കരുതുന്നത്. താരിഫ് വിഷയത്തില്‍ ട്രംപിന്റെ അടുത്ത തീരുമാനമെന്തെന്ന് ഈ രംഗത്തെ വിദഗ്ധര്‍ക്ക് പോലും പ്രവചിക്കാന്‍ കഴിയുന്നുമില്ല. ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിനെ ട്രംപ് മാറ്റിയേക്കുമെന്ന സൂചനകളും ഡോളറിന്റെ വിലയിടിച്ചു. നിലവില്‍ ജര്‍മന്‍ കടപത്രങ്ങള്‍ പോലുള്ളവയിലാണ് നിക്ഷേപകര്‍ക്ക് താത്പര്യമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കടമുയര്‍ത്തി ബിഗ് ബ്യൂട്ടിഫുള്‍ ബില്‍

ട്രംപിന്റെ താരിഫ് നയങ്ങള്‍ക്കൊപ്പം യു.എസിലെ പൊതുകടം കൂടിയതും ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ വളര്‍ച്ചാ നിരക്കില്‍ സംശയം രേഖപ്പെടുത്തിയതും ഡോളറിനെ സ്വാധീനിച്ചുവെന്നാണ് കരുതുന്നത്. അടുത്തിടെ ട്രംപ് നടപ്പിലാക്കിയ ബിഗ് ബ്യൂട്ടിഫുള്‍ ബജറ്റ് ബില്‍ രാജ്യത്തെ പൊതുകടം പിന്നെയും ഉയര്‍ത്തുമെന്നും അനലിസ്റ്റുകള്‍ പറയുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കന്‍ ഡോളര്‍ ഒഴിവാക്കി മറ്റ് കറന്‍സികളില്‍ രാജ്യാന്തര ഇടപാടുകള്‍ ചെയ്യാന്‍ തുടങ്ങിയതും ഡോളറിന് വിനയായി.

മറ്റ് കറന്‍സികള്‍ എങ്ങനെ

അതേസമയം, അമേരിക്കന്‍ ഡോളറിന്റെ വിലയിടിഞ്ഞതോടെ മറ്റ് പ്രധാന കറന്‍സികള്‍ നേട്ടത്തിലാണ്. ഇക്കൊല്ലം ഡോളറിനെതിരെ വിലയിടിയുമെന്ന് പ്രവചിക്കപ്പെട്ട യൂറോയുടെ വിനിമയ നിരക്ക് ഉയര്‍ന്നത് 13 ശതമാനം. ബ്രിട്ടീഷ് പൗണ്ട് മൂന്ന് ശതമാനവും നേട്ടമുണ്ടാക്കി. അമേരിക്കന്‍ ഡോളറിനെതിരെയുള്ള വിനിമയ നിരക്കില്‍ ഇന്ത്യന്‍ രൂപക്കും കുതിപ്പാണ്. നിലവില്‍ 42 പൈസ വര്‍ധിച്ച് 85.34 എന്ന നിലയിലാണ് ഇന്ത്യന്‍ രൂപയുടെ വിനിമയം.

ഇന്ത്യയെ എങ്ങനെ ബാധിക്കും?

അമേരിക്കന്‍ ഡോളറിന്റെ വിലയിടിയുന്നത് ഇന്ത്യക്ക് സാമ്പത്തികമായി ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, ഇലക്ട്രോണിക്‌സ് തുടങ്ങിയ സാധനങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് അമേരിക്കന്‍ ഡോളറിലാണ്. ഡോളറിന്റെ വില കുറയുന്നതോടെ ഇറക്കുമതി ചെലവും താഴേക്ക് വരും. ഇത് രാജ്യത്ത് എണ്ണവിലയും അവശ്യസാധനങ്ങളുടെ വിലയും പണപ്പെരുപ്പവും കുറക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

കൂടുതല്‍ വിദേശനിക്ഷേപം

ഡോളറിന്റെ വില കുറയുന്നതോടെ ഇന്ത്യയടക്കമുള്ള എമര്‍ജിംഗ് വിപണികളിലേക്ക് കൂടുതല്‍ വിദേശനിക്ഷേപമെത്തുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാല്‍ ഓഹരി വിപണിയില്‍ കുതിപ്പും രൂപക്ക് കരുത്തുമാകും. കൂടാതെ അമേരിക്കന്‍ ഡോളറിനെ അടിസ്ഥാനമാക്കിയുള്ള വിദേശവായ്പകളുടെ ഭാരവും ഇതോടെ കുറയും. അമേരിക്കന്‍ ഡോളറിനെതിരെ രൂപ ശക്തിയാര്‍ജിക്കുന്നതോടെ തിരിച്ചടവ് തുകയും കുറയും. വിദേശരാജ്യങ്ങളിലേക്കുള്ള യാത്രക്കും വിദേശ വിദ്യാഭ്യാസത്തിനും ചെലവഴിക്കേണ്ട തുകയിലും കുറവുണ്ടാകും.

നേട്ടം മാത്രമല്ല

എന്നാല്‍ രൂപയുടെ കരുത്ത് കൂടുന്നതോടെ ആഗോള വിപണിയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വിലയും വര്‍ധിക്കും. ഇത് ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഡിമാന്‍ഡ് കുറക്കുമെന്നും വിദഗ്ധര്‍ ആശങ്കപ്പെടുന്നു. ഒരു പരിധി കഴിഞ്ഞ് ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നത് തടയാന്‍ ആര്‍.ബി.ഐയുടെ ഇടപെടലിനുള്ള സാധ്യതയുമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT