Russian oil canva,Facebook / Narendra Modi, Donald Trump
News & Views

അമേരിക്കക്കും യൂറോപ്പിനും റഷ്യയില്‍ നിന്ന് വാങ്ങാം, ഭീഷണി ഇന്ത്യയോടോ? ഉത്തരം മുട്ടി ട്രംപ്, വ്യാപാര കണക്കുകള്‍ ഇങ്ങനെ

പ്രകൃതി വാതകവും സമ്പുഷ്ടീകരിച്ച യുറേനിയവും ഉള്‍പ്പെടെയാണ് ഈ രാജ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്

Dhanam News Desk

യുക്രെയിനുമായി യുദ്ധം ആരംഭിച്ച ശേഷവും യു.എസും യൂറോപ്യന്‍ യൂണിയനും റഷ്യയില്‍ നിന്ന് കോടികളുടെ ഊര്‍ജ്ജ ഇറക്കുമതി തുടരുന്നതായി റിപ്പോര്‍ട്ട്. പ്രകൃതി വാതകവും സമ്പുഷ്ടീകരിച്ച യുറേനിയവും ഉള്‍പ്പെടെയാണ് ഈ രാജ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. റഷ്യന്‍ എണ്ണ, പ്രതിരോധ ഇറക്കുമതി തുടര്‍ന്നാല്‍ ഇന്ത്യക്ക് മേല്‍ പിഴച്ചുങ്കം ഏര്‍പ്പെടുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. യു.എസിന്റേത് ഇരട്ടത്താപ്പാണെന്നാണ് ഇന്ത്യയുടെ നിലപാട്.

റഷ്യയില്‍ നിന്നുള്ള യു.എസ് ഇറക്കുമതിയെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിഞ്ഞ ദിവസം ട്രംപ് തയ്യാറായിരുന്നില്ല. അതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു അദ്ദേഹം. ഈ സാഹചര്യത്തില്‍ യു.എസ്, യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ തുടങ്ങിയവര്‍ റഷ്യയുമായി നടത്തുന്ന വ്യാപാരം എങ്ങനെയാണെന്ന് പരിശോധിക്കാം.

യൂറോപ്പിന്റെ റഷ്യന്‍ വ്യാപാരം

യുക്രെയിന്‍ യുദ്ധം തുടങ്ങിയതിന് ശേഷം യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള റഷ്യന്‍ ഇറക്കുമതി കാര്യമായി കുറഞ്ഞിരുന്നു. 2022ലെ ആദ്യ പാദം മുതല്‍ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദം വരെയുള്ള കണക്കെടുത്താല്‍ ഏകദേശം 86 ശതമാനം കുറവുണ്ടായി. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത് 10.11 ബില്യന്‍ ഡോളറിന്റെ (ഏകദേശം 88,000 കോടിരൂപ) ഉത്പന്നങ്ങളാണ്. നാല് വര്‍ഷം മുമ്പ് 297 ബില്യന്‍ യൂറോയുടെ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്‌തെന്നും യൂറോസ്റ്റാറ്റിന്റെ കണക്കുകള്‍ പറയുന്നു.

റഷ്യയില്‍ നിന്നുള്ള പല ഉത്പന്നങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും ക്രൂഡ് ഓയില്‍, നിക്കല്‍ പ്രകൃതി വാതകം, വളം, ഇരുമ്പ്, സ്റ്റീല്‍ എന്നിവ ഇറക്കുമതി ചെയ്യുന്നത് യൂറോപ്യന്‍ യൂണിയന്‍ നിറുത്തിയില്ല. നാല് വര്‍ഷം മുമ്പ് വരെ യൂറോപ്യന്‍ യൂണിയന് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കുന്ന രാജ്യമായിരുന്നു റഷ്യ. 2021ല്‍ 28.74 ശതമാനം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തത് ഇക്കൊല്ലം 2.01 ശതമാനമായി കുറഞ്ഞു.

അടുപ്പ് കത്താന്‍ റഷ്യ തന്നെ ശരണം

യൂറോപ്യന്‍ യൂണിയന് ആവശ്യമായ പ്രകൃതി വാതകത്തിന്റെ 17 ശതമാനവും ഇപ്പോഴുമെത്തുന്നത് റഷ്യയില്‍ നിന്നാണ്. തുര്‍ക്ക്‌സ്ട്രീം പൈപ്പ് ലൈന്‍ വഴിയും കപ്പലുകളിലുമാണ് ഇവ എത്തിയിരുന്നത്. അതേസമയം, 20021ല്‍ 48 ശതമാനമുണ്ടായിരുന്നതാണ് ഇപ്പോള്‍ 17 ശതമാനത്തിലേക്ക് ചുരുങ്ങിയതെന്നും കണക്കുകള്‍ പറയുന്നു. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള റഷ്യയുടെ പ്രകൃതി വാതക ഇറക്കുമതി മുന്‍ വര്‍ഷത്തേക്കാള്‍ 13 ശതമാനം കുറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

യു.എസിന്റെ റഷ്യന്‍ വ്യാപാരം

നാല് വര്‍ഷം മുമ്പ് റഷ്യയില്‍ നിന്നും 14.14 ബില്യന്‍ ഡോളറിന്റെ ഉത്പന്നങ്ങളാണ് യു.എസ് ഇറക്കുമതി ചെയ്തിരുന്നത്. 2025ലെ ആദ്യ പകുതിയില്‍ ഇത് 2.50 ബില്യന്‍ ഡോളറായി കുറഞ്ഞെന്ന് യു.എസ് സെന്‍സസ് ബ്യൂറോ ആന്‍ഡ് ബ്യൂറോ ഓഫ് ഇക്കണോമിക്ക് അനാലിസിസ് കണക്കുകള്‍ പറയുന്നു. യുക്രെയിനുമായി യുദ്ധം തുടങ്ങിയ 2022ന് ശേഷം 24.51 ബില്യന്‍ ഡോളറിന്റെ റഷ്യന്‍ ഉത്പന്നങ്ങളാണ് യു.എസ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം 1.27 ബില്യന്‍ ഡോളറിന്റെ വളവും 624 മില്യന്‍ ഡോളറിന്റെ യുറേനിയും, പ്ലൂട്ടോണിയം എന്നിവയും യു.എസ് ഇറക്കുമതി ചെയ്തു. ഇതേ കാലയളവില്‍ 878 മില്യന്‍ ഡോളറിന്റെ പലേഡിയം ഇറക്കുമതി ചെയ്തതായും കണക്കുകള്‍ പറയുന്നു.

ഇന്ത്യന്‍ ഇറക്കുമതി കൂടി

അതേസമയം, 2022 ഫെബ്രുവരിക്ക് ശേഷം റഷ്യയില്‍ നിന്നുള്ള ഇന്ത്യന്‍ ഇറക്കുമതി വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2021ല്‍ 8.25 ബില്യന്‍ ഡോളറുണ്ടായിരുന്ന റഷ്യന്‍ ഇറക്കുമതി 2024ല്‍ 65.7 ബില്യന്‍ ഡോളറായി വര്‍ധിച്ചു. ക്രൂഡ് ഓയിലാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്. 2021ല്‍ വെറും 2.31 ബില്യന്‍ ഡോളറിന്റെ ക്രൂഡ് ഓയിലാണ് ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തതെങ്കില്‍ 2024ല്‍ ഇത് 52.5 ബില്യന്‍ ഡോളറായി വര്‍ധിച്ചു. 3.5 ബില്യന്‍ ഡോളറിന്റെ കല്‍ക്കരിയും ഇന്ത്യ ഇറക്കുമതി ചെയ്തു. 2021ല്‍ വെറും 1.12 ബില്യന്‍ ഡോളറിന്റെ കല്‍ക്കരിയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. നാല് വര്‍ഷം മുമ്പ് 483 മില്യന്‍ ഡോളര്‍ മാത്രമുണ്ടായിരുന്ന വളം ഇറക്കുമതി കഴിഞ്ഞ വര്‍ഷം 1.67 ബില്യന്‍ ഡോളറായി കൂടിയെന്നും വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.

Despite publicly criticising India for importing Russian oil, the US and EU continue trading billions with Russia even three years into the Ukraine war, raising questions over geopolitical double standards.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT