Image Courtesy: x.com/WhiteHouse/media, canva 
News & Views

ദരിദ്ര രാജ്യങ്ങള്‍ക്കുള്ള മരുന്നിനും ട്രംപിന്റെ വിലക്ക്; നിര്‍ത്തലാക്കിയത് 7,200 കോടി ഡോളറിന്റെ സഹായം

വിദേശനയവും കാര്യക്ഷമതയും പരിശോധിച്ച ശേഷം പദ്ധതി പുനരാരംഭിക്കുമെന്ന് അമേരിക്ക

Dhanam News Desk

നവജാത ശിശുക്കളടക്കം, ദരിദ്ര രാജ്യങ്ങളിലെ രോഗബാധിതർക്ക്  അമേരിക്ക നല്‍കി വരുന്ന മരുന്നുകളുടെ വിതരണം നിര്‍ത്തിവെക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് നടപ്പാക്കി തുടങ്ങി. ഏതാണ്ട് 7,200 കോടി ഡോളറിന്റെ അമേരിക്കന്‍ സഹായമാണ് മൂന്നു മാസത്തേക്ക് നിര്‍ത്തി വെക്കുന്നത്. യുഎസ് സര്‍ക്കാരിന്റെ നിർദേശം  വിതരണ ശൃംഖലയിലെ കരാര്‍ കമ്പനികള്‍ക്ക് കൈമാറിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയുടെ വിദേശനയവും മരുന്നു വിതരണ പദ്ധതിയുടെ കാര്യക്ഷമതയും അവലോകനം ചെയ്ത ശേഷം മാത്രമേ പദ്ധതി തുടരൂവെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ജീവന്‍രക്ഷാ മരുന്നുകളും മുടങ്ങും

23 ദരിദ്ര രാജ്യങ്ങളിലെ എച്ച്‌ഐവി ബാധിതര്‍ ഉള്‍പ്പടെ 2 കോടി രോഗികള്‍ക്കുള്ള മരുന്ന് വിതരണമാണ് പെട്ടെന്ന് നിലക്കുന്നത്. അമേരിക്കയുടെ സഹായ പദ്ധതിയായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് (USAID) വഴിയാണ് സഹായമെത്തിച്ചിരുന്നത്. എച്ച്‌ഐവി, മലേരിയ, ടിബി തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവരും വിവിധ രോഗങ്ങള്‍ പിടിപെട്ട നവജാത ശിശുക്കളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. മരുന്ന് വിതരണം പെട്ടെന്ന് നിര്‍ത്തലാക്കുന്നത് ദരിദ്ര രാജ്യങ്ങളെ പ്രതിസന്ധിയിലാക്കും. എച്ച്‌ഐവി മരുന്ന് ലഭിക്കാതെ വരുന്നതോടെ രോഗശമന തോത് കുറയുമെന്നും രോഗവ്യാപനത്തിന് സാധ്യതയേറുമെന്നും യുഎസ്എയ്ഡിലെ മുന്‍ ഉദ്യോഗസ്ഥനായ ഗവാണ്ടെ ചൂണ്ടിക്കാട്ടി.

വിലക്ക് 90 ദിവസത്തേക്ക്

ഡൊണാള്‍ഡ് ട്രംപ് ജനുവരി 20 ന് അധികാരമേറ്റ ദിവസം തന്നെ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരുന്നു. കരാര്‍ കമ്പനികള്‍ക്കുള്ള നിര്‍ദേശം കൈമാറി വരികയാണ്. 90 ദിവസത്തേക്കാണ് മരുന്ന് വിതരണം നിര്‍ത്തിവെച്ചിരിക്കുന്നത്. മരുന്ന് ലഭിക്കുന്ന ദരിദ്ര രാജ്യങ്ങളുമായുള്ള അമേരിക്കയുടെ വിദേശനയം കൂടി പരിശോധിച്ച ശേഷമായിരിക്കും പദ്ധതി പുനരാരംഭിക്കുകയെന്നും സൂചനയുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT