canva
News & Views

ഇറാൻ ഉപരോധം: മലയാളി അടക്കം 5 ഇന്ത്യക്കാർക്കും 2 മുംബൈ കമ്പനികൾക്കും ഉപരോധമേർപ്പെടുത്തി യു.എസ്

ഉപരോധം മറികടന്ന് ഇറാനെ സഹായിക്കുന്ന അന്താരാഷ്ട്ര ശൃംഖലകൾക്കെതിരെയുള്ള നടപടി ശക്തമാക്കുകയാണ്‌ വാഷിംഗ്ടൺ

Dhanam News Desk

ഇറാന്റെ എണ്ണക്കച്ചവടവും സാമ്പത്തിക സ്രോതസുകളും ലക്ഷ്യമിട്ട് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന നടപടികള്‍ കൂടുതല്‍ കടുപ്പിക്കുന്നു. ഇറാന് എണ്ണവ്യാപാരത്തില്‍ സഹായം നല്‍കിയെന്നാരോപിച്ച് മലയാളി എന്നു കരുതുന്ന ഒരാളടക്കം അഞ്ച് ഇന്ത്യന്‍ പൗരന്മാര്‍ക്കും മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ക്കുമെതിരെ യു.എസ് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. ഇറാന്റെ ഉപരോധ ലംഘന ശൃംഖല തകര്‍ക്കാന്‍ ലക്ഷ്യമിട്ട് വാഷിംഗ്ടണ്‍ പ്രഖ്യാപിച്ച നടപടികളുടെ ഭാഗമായാണ് ഈ നീക്കം.

യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ്‌സ് കണ്‍ട്രോള്‍ (OFAC) പുറത്തുവിട്ട പട്ടികയിലാണ് ഇന്ത്യക്കാരുടെയും കമ്പനികളുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹരിശ്യാം ഹരിഹരന്‍ ചുണ്ടക്കാട്ടില്‍, കേതന്‍ മനോഹര്‍ കൊച്ചിക്കര്‍, ഭൂപേന്ദ്രസിംഗ് ധല്‍സിംഗ് സാഹു, ധ്വനി നിസര്‍ഗ് വോറ, നിസര്‍ഗ് സമീര്‍ വോറ എന്നിവരാണ് നടപടി നേരിട്ട ഇന്ത്യന്‍ പൗരന്മാര്‍. സമുദ്ര മറൈന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, എസ്.എസ്.പി.എല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ഉപരോധപ്പട്ടികയിലുള്ള മുംബൈ കമ്പനികള്‍.

പങ്ക് വ്യക്തമല്ല

ഇറാന്റെ പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ ലക്ഷ്യമിടുന്ന എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ 13846 (Executive Order 13846) പ്രകാരമാണ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. ട്രഷറിയുടെ രേഖകള്‍ പ്രകാരം ഹരിശ്യാം ഹരിഹരന്‍ ചുണ്ടക്കാട്ടില്‍, കേതന്‍ മനോഹര്‍ കൊച്ചിക്കര്‍, ഭൂപേന്ദ്രസിംഗ് സാഹു എന്നിവര്‍ സമുദ്ര മറൈന്‍ സര്‍വീസസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. ധ്വനി വോറ, നിസര്‍ഗ് വോറ എന്നിവര്‍ക്ക് എസ്.എസ്.പി.എല്‍ സൊല്യൂഷന്‍സുമായാണ് ബന്ധമുള്ളത്.

ഈ വ്യക്തികള്‍ക്ക് കമ്പനികളുമായുള്ള ബന്ധം വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇവര്‍ ഓരോരുത്തരും ഇറാന്റെ എണ്ണ വ്യാപാരത്തില്‍ എന്തെല്ലാം പങ്കുവഹിച്ചു എന്നതിന്റെ വ്യക്തമായ വിശദാംശങ്ങള്‍ ഔദ്യോഗിക രേഖകളില്‍ വ്യക്തമാക്കിയിട്ടില്ല.

'ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റ്'

ഇറാന്റെ വരുമാന സ്രോതസുകള്‍ തടയുന്നതിനും സാമ്പത്തിക ഉപരോധം മറികടക്കാന്‍ ടെഹ്‌റാന് സഹായം നല്‍കുന്ന ശൃംഖലകള്‍ തകര്‍ക്കുന്നതിനുമായി യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പ്രഖ്യാപിച്ച 'ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റ്' (Operation Economic Outcast) പ്രചാരണത്തിന്റെ ഭാഗമായാണ് നിലവിലെ നടപടി.

യു.എസ് ഉപരോധ നിയമങ്ങള്‍ അനുസരിച്ച്, നടപടി നേരിട്ട വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ യു.എസിലുള്ളതോ യു.എസ് പൗരന്മാരുടെ നിയന്ത്രണത്തിലുള്ളതോ ആയ സ്വത്തുക്കളും സാമ്പത്തിക താല്‍പര്യങ്ങളും മരവിപ്പിക്കുകയും OFAC-ല്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം. പ്രത്യേക അനുമതികളോ ഇളവുകളോ ഇല്ലാതെ ഇത്തരം വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ ഇടപാടുകള്‍ നടത്തുന്നതില്‍ നിന്ന് യു.എസ് വ്യക്തികളെയും സ്ഥാപനങ്ങളെയും പൂര്‍ണമായി വിലക്കിയിട്ടുണ്ട്.

സമുദ്ര മേഖലയിലും സാമ്പത്തിക രംഗത്തും പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ഇത്തരം ഉപരോധങ്ങള്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും.

നിഴല്‍ക്കപ്പലുകള്‍ക്കും പൂട്ടുവീണു

ഇന്ത്യന്‍ പൗരന്മാര്‍ക്കും കമ്പനികള്‍ക്കും പുറമെ, ഇറാന്റെ എണ്ണ കടത്താന്‍ ഉപയോഗിക്കുന്ന 'ഷാഡോ ഫ്‌ളീറ്റ്' (Shadow Fleet) വിഭാഗത്തില്‍പ്പെട്ട എണ്ണക്കപ്പലുകള്‍ക്കെതിരെയും യു.എസ് നടപടിയെടുത്തിട്ടുണ്ട്. ക്രൂഡ് ഓയില്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, പെട്രോകെമിക്കലുകള്‍ എന്നിവ അന്താരാഷ്ട്ര വിപണിയിലെത്തിക്കാന്‍ ഉപയോഗിക്കുന്ന ടാങ്കറുകളാണ് ഇവ.

കോമറോസ് പതാക വഹിക്കുന്ന 'പാരിതോഷ്' (Paritosh), പനാമ പതാകയുള്ള 'ബിറ്റു' (Bitu), ബഹാമാസ് പതാകയുള്ള 'ഗ്യാസ് ലക്കി' (Gas Lucky) എന്നീ കപ്പലുകള്‍ക്കെതിരെയാണ് പ്രധാനമായും നടപടിയുണ്ടായത്.

പാരിതോഷ് എന്ന കപ്പല്‍ ഒരു ലക്ഷത്തിലധികം ബാരല്‍ ബിറ്റുമിനും, ബിറ്റു എന്ന ടാങ്കര്‍ 1,70,000 ബാരലിലധികം ഉല്‍പന്നങ്ങളും കടത്തിയതായി ട്രഷറി കണ്ടെത്തി. ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (LPG) ടാങ്കറായ ഗ്യാസ് ലക്കി അഞ്ച് ലക്ഷത്തിലധികം ബാരല്‍ ഇറാനിയന്‍ എഥിലിന്‍ കടത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇറാന്റെ വരുമാനമാര്‍ഗങ്ങള്‍ പൂര്‍ണ്ണമായി അടയ്ക്കുക എന്നതാണ് യു.എസ് ലക്ഷ്യം.

Washington tightens restrictions on Tehran's petroleum exports by blacklisting Indian individuals and shipping entities under Executive Order 13846.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT