Image Courtesy: x.com/PMOIndia, x.com/netanyahu 
News & Views

ഇറാന്‍ എണ്ണയ്ക്ക് യു.എസിന്റെ 'ലോക്ക്', ആശങ്കയില്‍ ഗള്‍ഫ് രാജ്യങ്ങള്‍; തലവേദന ഇന്ത്യയ്ക്കും

മേഖലയില്‍ ഇറാനെ താല്പര്യമില്ലാത്ത ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോള്‍ ഒന്നിനും വയ്യാത്ത അവസ്ഥയിലാണ്

Dhanam News Desk

പശ്ചിമേഷ്യയില്‍ സംഘര്‍ഷം പതിയെ ലഘൂകരിക്കപ്പെടുന്നുവെന്ന് തോന്നിച്ചിടത്തു നിന്ന് കാര്യങ്ങള്‍ മാറിമറിയുന്നു. തങ്ങള്‍ക്കെതിരേ നില്‍ക്കുന്ന അറബ് രാജ്യങ്ങള്‍ക്കെതിരേ ആക്രമണഭീഷണിയുമായി ഇറാന്‍ രംഗത്തു വന്നതിനൊപ്പം യു.എസിന്റെ പുതിയ നീക്കവും കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നു. ഇറാന്റെ എണ്ണവില്പനയ്ക്ക് മേല്‍ ഉപരോധം ചുമത്തിയാണ് യു.എസ് പശ്ചിമേഷ്യന്‍ സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

ഇറാനുമായി എണ്ണ വിപണനത്തിലും വിതരണത്തിലും പങ്കാളികളാകുന്ന കമ്പനികളും കപ്പലുകളും ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നാണ് യു.എസ് മുന്നറിയിപ്പ്. ഇത്തരം കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്യും. യു.എസിന്റെ നടപടി വരുന്നതോടെ എണ്ണവില്പനയിലൂടെ വരുമാനം കണ്ടെത്തുന്ന ഇറാന് കാര്യങ്ങള്‍ എളുപ്പമാകില്ല.

എണ്ണയില്‍ പിടിമുറുക്കി യു.എസ്

പ്രതിദിന എണ്ണ ഉത്പാദനത്തിലും കയറ്റുമതിയിലും ലോകത്ത് ഏഴാംസ്ഥാനത്താണ് ഇറാന്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാന്റെ എണ്ണ വാങ്ങുന്നുണ്ട്. ഉക്രെയ്ന്‍ യുദ്ധം തുടങ്ങിയശേഷം ഇന്ത്യ കൂടുതലായി എണ്ണ ഇടപാട് നടത്തുന്നത് റഷ്യയുമായിട്ടാണ്. യു.എസിന്റെ ഉപരോധം ഇറാന്റെ സാമ്പത്തികമേഖലയെ ചെറുതല്ലാത്ത രീതിയില്‍ ബാധിക്കുമെന്നാണ് കരുതുന്നത്.

അതേസമയം, ഇറാന്റെ എണ്ണപ്പാടങ്ങള്‍ ആക്രമിച്ച് അവരെ സാമ്പത്തികമായി നിലംപരിശാക്കാന്‍ ഇസ്രയേല്‍ ശ്രമിച്ചേക്കുമെന്ന ഊഹാപോഹങ്ങള്‍ കുറച്ചുദിവസമായി പ്രചരിക്കുന്നുണ്ട്. ഇസ്രയേല്‍ അപ്രതീക്ഷിതമായി ആക്രമണം നടത്തിയേക്കുമെന്ന ഭയം ഇറാനുമുണ്ട്. ഈ മാസം ആദ്യം ഇസ്രയേലിന് നേര്‍ക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.

ഗള്‍ഫ് മേഖലയില്‍ ഭയം

അമേരിക്കയെയും ഇസ്രയേലിനെയും പരസ്യമായോ രഹസ്യമായോ സഹായിക്കുന്ന അറബ് രാജ്യങ്ങള്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് ഇറാന്‍ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യ, യു.എ.ഇ, ജോര്‍ദാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ക്കുനേരെയാണ് ഇറാന്റെ ഭീഷണി. ഈ രാജ്യങ്ങളിലെല്ലാം യു.എസിന്റെ സൈനിക സാന്നിധ്യം നിലവിലുണ്ട്. ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് സഹായം നല്‍കിയാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. മേഖലയില്‍ ഇറാന്റെ ആധിപത്യത്തിന് താല്പര്യമില്ലാത്ത ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പക്ഷേ ഇപ്പോഴത്തെ അവസ്ഥ ഗുണകരമാകില്ല.

ഇറാനും ഇസ്രയേലും നേര്‍ക്കുനേര്‍ വന്നാല്‍ എണ്ണ കയറ്റുമതിയെ അത് ബാധിക്കും. എണ്ണ വിതരണത്തെ ബാധിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക നിലനില്പിനെ ബാധിക്കും. സംഘര്‍ഷത്തിലേക്ക് തങ്ങളെ വലിച്ചിഴയ്ക്കരുതെന്ന് ഈ ഗള്‍ഫ് രാജ്യങ്ങള്‍ യു.എസിനോട് അഭ്യര്‍ത്ഥിച്ചതായി വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എണ്ണവില കുറയുന്നു

ഒരു ഘട്ടത്തില്‍ 70 ഡോളറില്‍ താഴെയായ എണ്ണവില വീണ്ടും 80 ഡോളറിലേക്ക് അടുക്കാന്‍ കാരണമായത് ഇറാന്‍ നടത്തിയ മിസൈലാക്രമണങ്ങളായിരുന്നു. ഇതിനു പിന്നാലെ 80 ഡോളറിന് അടുത്തെത്തിയ എണ്ണവില വീണ്ടും 75 ഡോളറില്‍ താഴെയായി. ചൈനയില്‍ നിന്നടക്കമുള്ള ആവശ്യകത കുറഞ്ഞതാണ് എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യയില്‍ എണ്ണവില കുറയ്ക്കാനുള്ള നീക്കങ്ങള്‍ കേന്ദ്രം നടത്തുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT