ഇന്ത്യയും യു.എസും തമ്മിലുള്ള ആറാംറൗണ്ട് വ്യാപാര ചര്‍ച്ചകള്‍ അടുത്തയാഴ്ച പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയ്‌ക്കെതിരായ നിലപാടുകളില്‍ നിന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പിന്നോക്കം പോയത് ശുഭസൂചനയായിട്ടാണ് വിദഗ്ധര്‍ കാണുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയായിരിക്കും വേദിയാകുകയെന്നാണ് വിവരം.
ഓഗസ്റ്റ് അവസാന വാരത്തില്‍ നടക്കാനിരുന്ന വ്യാപാര ചര്‍ച്ചകള്‍ മാറ്റിവയ്ക്കുകയായിരുന്നു. ഇന്ത്യ ദീര്‍ഘകാല സുഹൃത്താണെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും കഴിഞ്ഞ ദിവസം ട്രംപ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച കുറിപ്പിലൂടെ സൂചിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിന്റെ പോസ്റ്റിനോട് അനുകൂലമായ രീതിയില്‍ പ്രതികരിക്കുകയും ചെയ്തത് മഞ്ഞുരുക്കത്തിന്റെ ലക്ഷണമാണെന്നാണ് വിപണിയുടെ വിലയിരുത്തല്‍.
യൂറോപ്യന്‍ യൂണിയനെ ഉപയോഗിച്ച് ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ട്രംപ് ശ്രമിച്ചിരുന്നെങ്കിലും കാര്യമായ ഫലംകണ്ടില്ല. റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കുംമേല്‍ 100 ശതമാനം താരിഫ് ചുമത്തണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. ഇന്ത്യയ്ക്കുമേല്‍ ഉയര്‍ന്ന താരിഫ് ചുമത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തയാറാകില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
താരിഫ് ചുമത്തണമെന്ന ട്രംപിന്റെ ആവശ്യത്തില്‍ യാതൊരുവിധ നടപടികളും ഉടനുണ്ടാകില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വക്താവ് വ്യക്തമാക്കി. റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്കു മേല്‍ ചില നിയന്ത്രണങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയിരുന്നു. ജൂലൈയിലായിരുന്നു ഇത്.
യു.എസിലേക്കുള്ള കയറ്റുമതി പ്രയാസത്തിലായ ഇന്ത്യന്‍ സമുദ്രോത്പന്ന കമ്പനികള്‍ക്ക് കഴിഞ്ഞദിവസം യൂറോപ്യന്‍ യൂണിയന്‍ കയറ്റുമതി അനുമതി നല്കിയിരുന്നു. 102 സ്ഥാപനങ്ങള്‍ക്കാണ് ഇത്തരത്തില്‍ അനുമതി ലഭിച്ചത്. ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യത്തിനാണ് യൂറോപ്യന്‍ യൂണിയന്‍ പച്ചക്കൊടി കാണിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine