image:@canva 
News & Views

യു.എസ് കയറ്റുമതി തടസപ്പെട്ട ഉത്പന്നങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഡിസ്‌കൗണ്ട് നിരക്കില്‍ കിട്ടുമോ? ട്രംപ് ഇഫക്ടിന്റെ ബാക്കിപത്രമെന്ത്?

ഇന്ത്യയെക്കാള്‍ തീരുവ കുറവാണ് പാക്കിസ്ഥാനും ബംഗ്ലാദേശിനും. കുറഞ്ഞ തീരുവയുള്ള രാജ്യങ്ങളിലേക്ക് യു.എസിലെ വാങ്ങലുകാര്‍ മാറുന്നതോടെ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഡിമാന്‍ഡ് നഷ്ടപ്പെടും

Dhanam News Desk

ഇന്ത്യയ്ക്കുമേല്‍ യു.എസ് ചുമത്തിയ ഇരട്ട താരിഫ് നിലവില്‍ വന്നിരിക്കുകയാണ്. 50 ശതമാനം തീരുവ വന്നതോടെ യു.എസിലേക്കുള്ള കയറ്റുമതി ഏറെക്കുറെ നിലച്ച മട്ടാണ്. സമുദ്രോത്പന്ന ഉത്പന്നങ്ങള്‍, ഗാര്‍മെന്റ്‌സ്, സ്‌പൈസ് തുടങ്ങി ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വലിയ വിപണിയായിരുന്നു യു.എസ്. കയറ്റുമതി തടസപ്പെട്ടതോടെ ഈ മേഖലകളില്‍ വലിയ തൊഴില്‍നഷ്ടവും അനിശ്ചിതത്വവും ഉടലെടുത്തിട്ടുണ്ട്.

യു.എസിലേക്കുള്ള കയറ്റുമതി ലാഭകരമല്ലാതായി മാറിയതോടെ ഈ ഉത്പന്നങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കാന്‍ നിര്‍മാതാക്കള്‍ തയാറാകുമോ? അതോ യൂറോപ്യന്‍, ഗള്‍ഫ്, ആഫ്രിക്കന്‍ വിപണികളിലേക്ക് ശ്രദ്ധ തിരിക്കുമോ? കയറ്റുമതി ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞ വിലയില്‍ വിറ്റഴിക്കാന്‍ കമ്പനികള്‍ ശ്രമിക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

കയറ്റുമതിക്ക് എന്തു സംഭവിക്കും?

കഴിഞ്ഞ ദിവസം വരെ യു.എസില്‍ 100 രൂപയ്ക്ക് കിട്ടിയിരുന്ന സാധനത്തിന് ഇനി മുതല്‍ തീരുവ ഉള്‍പ്പെടെ 150 രൂപ കൊടുക്കണം. ഈ അധികബാധ്യത വഹിക്കേണ്ടത് അവിടുത്തെ ഇറക്കുമതിക്കാരും ഉപയോക്താക്കളുമാണ്. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ തീരുവ ഉയര്‍ന്നതോടെ സ്വഭാവികമായും അവര്‍ മറ്റ് രാജ്യങ്ങളിലേക്ക് തിരിയും.

ഇന്ത്യയെക്കാള്‍ തീരുവ കുറവാണ് പാക്കിസ്ഥാനും ബംഗ്ലാദേശിനും. കുറഞ്ഞ തീരുവയുള്ള രാജ്യങ്ങളിലേക്ക് യു.എസിലെ വാങ്ങലുകാര്‍ മാറുന്നതോടെ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഡിമാന്‍ഡ് നഷ്ടപ്പെടും. ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇതാണ്.

ഈ അവസ്ഥയില്‍ കയറ്റുമതിക്കാര്‍ക്ക് മുന്നില്‍ ചുരുങ്ങിയ വഴികളാണുള്ളത്. അതിലൊന്ന് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് തിരിയുകയെന്നതാണ്. അതുപക്ഷേ അത്ര എളുപ്പമല്ല.

ടെക്‌സ്റ്റൈല്‍, ഫര്‍ണിച്ചര്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ യു.എസ് വിപണി ലക്ഷ്യമിട്ട് നിര്‍മിക്കുന്നവയാണ്. ഇവ കൂടിയ മാര്‍ജിനിലാണ് കയറ്റുമതി ചെയ്യുന്നത്. ഈ സാധനങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഉയര്‍ന്ന വിലയ്ക്ക് വിറ്റുപോകില്ല. വില കുറച്ചാല്‍ വരുമാനം നേര്‍ത്തതാകും. ഇത് കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കും.

ഡോളറിലാണ് കയറ്റുമതി വരുമാനം ലഭിക്കുന്നത്. ഇതാണ് കയറ്റുമതി കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. മാത്രമല്ല, ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വില്ക്കുന്ന അതേ ഗുണമേന്മയല്ല യു.എസിലേക്കുള്ള ഉത്പന്നങ്ങളില്‍ ഉണ്ടാകുക. യു.എസ് മാര്‍ക്കറ്റിനായി കൂടുതല്‍ ക്വാളിറ്റി കയറ്റുമതിക്കാര്‍ ഉറപ്പുവരുത്താറുണ്ട്. കൂടുതല്‍ പണം ചെലവഴിച്ച് നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ അത്രയും വിലയ്ക്ക് ആഭ്യന്തര മാര്‍ക്കറ്റില്‍ വിറ്റഴിക്കാന്‍ സാധിക്കില്ല.

ഇന്ത്യയില്‍ ആളുകളുടെ പര്‍ച്ചേസിംഗ് കപ്പാസിറ്റി കുറവാണ്. ഉയര്‍ന്ന വിലകൊടുത്ത് കൂടുതല്‍ ക്വാളിറ്റിയുള്ള സാധനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണവും കുറവാണ്. ഇന്ത്യയില്‍ വില്ക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ യൂറോപ്യന്‍ യൂണിയന്‍, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയ മറ്റ് വിപണികള്‍ കണ്ടെത്താനാകും നിര്‍മാതാക്കള്‍ ശ്രമിക്കുക.

ഇന്ത്യയില്‍ കേരളത്തിലൊഴികെ മറ്റെല്ലായിടത്തും തൊഴിലാളി വേതനം കുറവാണ്. അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളിലുള്ള പോലെ യന്ത്രവല്‍ക്കരണം കുറവാണ്. കയറ്റുമതി കുറയുന്നതോടെ ഉത്പാദനം പലരും കുറയ്ക്കും. സ്വഭാവികമായി നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടമാകും.

Impact of US dual tariffs on Indian exports sparks debate over discounted domestic sales and potential job losses

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT