ലോകത്തെയൊന്നാകെ മുൾമുനയിലാക്കിക്കൊണ്ട് പശ്ചിമേഷ്യയിൽ യു.എസും ഇറാനും തമ്മിലുള്ള യുദ്ധം ആറാം ദിനത്തിലേക്ക് കടക്കുമ്പോൾ, സംഘർഷം രൂക്ഷമാകുന്നതിന്റേയും ആക്രമണം വ്യാപിക്കുന്നതിന്റേയും ലക്ഷണങ്ങളാണ് തെളിയുന്നത്. ഗൾഫിന്റെ ആകാശത്ത് ഇടമുറിയാതെ മിസൈലുകളും ഡ്രോണുകളും ചീറിപ്പായുന്നു. സമുദ്രം വഴിയുള്ള ചരക്ക് കടത്തിൽ ഏറെ തന്ത്രപ്രധാന സ്ഥാനമുള്ള ഹോർമുസ് കടലിടുക്ക് സംഘർഭരിതമായി കഴിഞ്ഞു.
ഇതോടെ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും അസംസ്കൃത എണ്ണയുടെ (ക്രൂഡോയിൽ) വിലക്കയറ്റത്തിലും അതിന്റെ സുഗമമായ വിതരണത്തിലും ഇതുമായി ചുറ്റിപ്പറ്റിയ രാഷ്ട്രീയത്തിലേക്കുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാൽ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ മുൻകാല ക്ലാസിഫൈഡ് രേഖകളിലും ഇന്റലിജൻസ് റിപ്പോർട്ടുകളിൽ നിന്നും വെളിവാകുന്നത്, ഗൾഫിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന തന്ത്രപ്രധാന ഉത്പന്നം അഥവാ സ്ട്രാറ്റജിക് കമ്മോഡിറ്റി (Strategic commodity) എണ്ണയല്ല, അത് കുടിവെള്ളമാണെന്നാണ്.
കടൽലവെള്ളത്തിൽ നിന്നും ഉപ്പ് വേർതിരിച്ചെടുത്ത് കുടിക്കാൻ യോഗ്യമായ ശുദ്ധജലമാക്കാൻ സാഹയിക്കുന്ന ഡിസാലിനേഷൻ (Desalination) കേന്ദ്രങ്ങളെ ആക്രമിക്കാൻ മടിക്കില്ലെന്ന സൂചനകൾ ഇറാൻ ഇതിനകം നൽകിക്കഴിഞ്ഞു. അങ്ങനെയൊന്ന് സംഭവിച്ചാൽ ഊഷരഭൂമിയിൽ കെട്ടിപ്പടുത്ത ഗൾഫ് രാജ്യങ്ങൾ കടുത്ത പ്രതിസന്ധിയാകും നേരിടുക. കുടിവെള്ളം മുട്ടി ജീവിതം അതീവ ദുസ്സഹമാകുന്ന സാഹചര്യം ഉണ്ടായാൽ ഒരു കോടിയോളം പ്രവാസികളുള്ള ഇന്ത്യയ്ക്കും അതു കടുത്ത വെല്ലുവിളിയേകും. പശ്ചിമേഷ്യൻ യുദ്ധം വഷളാകും. വിധി മാറിമറിയും.
പേർഷ്യൻ ഗൾഫ് അസംസ്കൃത എണ്ണ ശേഖരത്താൽ സമൃദ്ധവും അതിൽ നിന്നുള്ള പണംകൊണ്ട് സമ്പന്നവുമാണ്. എന്നാൽ ജനകോടികൾക്ക് പൂർണമായും ആശ്രയിക്കാവുന്ന തരത്തിലുള്ള പ്രകൃതിദത്ത ശുദ്ധജല സ്രോതസ്സുകളുടെ അഭാവം, ഗൾഫ് രാജ്യങ്ങൾക്കുമേൽ വിധിവൈപരീത്യമായി തുറിച്ചുനോക്കുന്നു. 1970കളിൽ പെട്രോഡോളർ ഒഴുകിയെത്താൻ തുടങ്ങിയപ്പോഴാണ്, മരുഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് ഭീഷണിയായ ഈ പ്രശ്നത്തിനുള്ള പരിഹാരം തെളിയുന്നത്.
ഏകേദശം 450-ഓളം ഡിസാലിനേഷൻ കേന്ദ്രങ്ങളിലൂടെ കടൽവെള്ളം ശുദ്ധീകരിച്ചാണ് സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഖത്തർ, ബഹറൈൻ, ഒമാൻ എന്നീ ജിസിസി രാജ്യങ്ങളിലെ 10 കോടിയിൽപ്പരം ജനങ്ങൾ ഇന്ന് ജീവിതം കെട്ടിപ്പടുത്തിരിക്കുന്നത്. കുവൈറ്റ്, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾക്ക് ഡിസാലിനേഷൻ കേന്ദ്രങ്ങളല്ലാതെ കുടിവെള്ളത്തിന് ആശ്രയിക്കാവുന്ന മറ്റുള്ള ബദൽ മാർഗങ്ങളൊന്നും തന്നെയില്ല. ലോകത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നും ലക്ഷക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരായ പ്രവാസികളും താമസിക്കുന്ന ദുബായ് ആകട്ടെ, ശുദ്ധീകരിച്ച കടൽവെള്ളത്തെയാണ് ദാഹമകറ്റാൻ പൂർണമായും ആശ്രയിക്കുന്നത്.
സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദ്, കുടിവെള്ളത്തിനായി 90 ശതമാനവും ആശ്രയിക്കുന്നത് ജുബൈലിൽ നിന്നുള്ള ഒരൊറ്റ ഡിസാലിനേഷൻ കേന്ദ്രത്തെയാണ്. അതും 500 കിലോമീറ്റർ നീളത്തിലുള്ള പൈപ്പ്‍ലൈൻ ശൃംഖലയിലൂടെയാണ് എത്തിക്കുന്നത്. ജുബൈലിലെ ഡിസാലിനേഷൻ കേന്ദ്രത്തിന് ഗുരുതര തകരാർ എന്തെങ്കിലും സംഭവിച്ചാൽ ഒരാഴ്ചക്കുള്ളിൽ റിയാദ് നഗരത്തെ പൂർണമായും ഒഴിപ്പിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ്, വിക്കിലീക്ക്സ് പുറത്തുവിട്ടിട്ടുള്ള 2008ലെ യുഎസ് എംബസിയുടെ രേഖകളിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.
യുഎസിനുള്ള തിരിച്ചടി എന്ന നിലയിൽ ഗൾഫ് രാജ്യങ്ങളിലെ വൈദ്യുതി വിതരണത്തിനുള്ള അടിസ്ഥാന സൗകര്യ പദ്ധതികളെ ആക്രമിക്കാനുള്ള സന്നദ്ധത ഇറാൻ ഇതിനകം പ്രകടമാക്കിയിട്ടുണ്ട്. യുഎഇയിലെ ഫുജൈറയിൽ പവർ സ്റ്റേഷന് നേരെയുണ്ടായ ആക്രമണം ഇതിനുള്ള ഉദ്ദാഹരണമാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ ഡിസാലിനേഷൻ കേന്ദ്രങ്ങളിലൊന്ന് പ്രവർത്തിക്കുന്ന ഇടംകൂടിയാണ് ഫുജൈറ എന്നതും ഇതിനോട് ചേർത്തുവായിക്കാം. കുവൈറ്റിൽ ജലശുദ്ധീകരണ പ്ലാന്റിൽ തീപിടിത്തമുണ്ടായത്, ആക്രമിക്കാനെത്തിയ ഇറാൻ ഡ്രോണിനെ വെടിവെച്ചു വീഴ്ത്തിയപ്പോഴുള്ള അവശിഷ്ടങ്ങളിൽ നിന്നായിരുന്നു.
1991ലെ ഗൾഫ് യുദ്ധത്തിൽ, കനത്ത തിരിച്ചടിയേറ്റതിനെ തുടർന്ന് സദ്ദാം ഹുസൈന്റെ നേതൃത്വത്തിലുള്ള ഇറാഖി സൈന്യം കുവൈറ്റിൽ നിന്നും പിൻവാങ്ങുന്നതിനിടയിൽ, പശ്ചിമേഷ്യൻ ഉൾക്കടലിൽ വൻതോതിലുള്ള എണ്ണ കലക്കിയിരുന്നു. സൗദി അറേബ്യയുടെ ഡിസാലിനേഷൻ കേന്ദ്രങ്ങൾ വെള്ളമെടുക്കുന്നത് തടയുന്നതിനു വേണ്ടിയായിരുന്നു ഇത്. ചുരുക്കത്തിൽ ഗൾഫിൽ കടുത്ത ദൗർലഭ്യം നേരിടുന്ന കുടിവെള്ളം, യുദ്ധതന്ത്രത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങൾക്ക് മുൻകാല ചരിത്രത്തിൽ ഉദ്ദാഹരണങ്ങളുണ്ടെന്ന് സാരം. ഇരുചേരിയിലുമായി പോരാടുന്ന ഇറാൻ - യുഎസ് യുദ്ധത്തിൽ ജനകോടികളുടെ ജീവിതം ദുഷ്കരമാക്കുന്ന കുടിവെള്ളം ആയുധമാകാതിരിക്കട്ടെയെന്ന് പ്രത്യാശിക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine