Image Courtesy: Canva 
News & Views

ഗൂഗിളിന് തിരിച്ചടി; ഇന്റര്‍നെറ്റ് തിരയല്‍ മേഖലയില്‍ നിയമവിരുദ്ധ ആധിപത്യത്തിന് ശ്രമിക്കുന്നതായി യു.എസ് കോടതി

തിരയല്‍ സേവനങ്ങളില്‍ 89.2 ശതമാനം വിപണി വിഹിതം ഗൂഗിളിനുണ്ട്

Dhanam News Desk

ഗൂഗിൾ സെർച്ച് എഞ്ചിൻ ഇന്റര്‍നെറ്റ് തിരയല്‍ മേഖലില്‍ നിയമവിരുദ്ധമായി ആധിപത്യം നടത്താന്‍ ശ്രമിക്കുന്നതായി യു.എസ് കോടതി. ഇന്റര്‍നെറ്റ് തിരയല്‍ മേഖലില്‍ മത്സരം കുറയ്ക്കാനും നവീകരണം വരുന്നത് തടയാനും കമ്പനി ശ്രമിച്ചു. ഗൂഗിൾ അതിന്റെ കുത്തക നിലനിർത്തുന്നതിനായി വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി യു.എസ് ഡിസ്ട്രിക്ട് ജഡ്ജ് അമിത് മേത്ത പറഞ്ഞു.

പരസ്യദാതാക്കളിൽ നിന്ന് ഉയർന്ന നിരക്കുകള്‍ ഈടാക്കാന്‍ ഗൂഗിള്‍ അതിന്റെ ആധിപത്യം ഉപയോഗിച്ച് കൃത്രിമമായ ശ്രമം നടത്തി. ഗൂഗിളിന്റെ സെർച്ച് എഞ്ചിൻ ഡിഫോൾട്ട് ഓപ്ഷനായി ഡിവൈസുകളില്‍ ലഭ്യമാക്കാന്‍ പ്രതിവർഷം ചെലവഴിക്കുന്ന തുക അതിന്റെ കുത്തക നിലനിർത്തുന്നതിനുള്ള പ്രധാന ഘടകമാണ്.

ആധിപത്യം നിലനിര്‍ത്തുന്നതിന് ചെലവഴിക്കുന്നത് കോടിക്കണക്കിന് ഡോളര്‍

പുതിയ മൊബൈല്‍ ഫോണുകളിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായി ഗൂഗിള്‍ ഉപയോഗിക്കുന്നതിന് 2021ല്‍ 2600 കോടി ഡോളര്‍ (2.18 ലക്ഷം കോടി രൂപ) കമ്പനി ചെലവാക്കിയിട്ടുണ്ട്. ഐഫോണുകളിൽ സെർച്ച് എഞ്ചിൻ ഡിഫോൾട്ട് ആക്കുന്നതിന് ആപ്പിളിന് ഗൂഗിള്‍ 2022 ൽ മാത്രം ഏകദേശം 20 ബില്യൺ ഡോളർ നൽകിയതായാണ് റിപ്പോർട്ടുകള്‍.

ഗൂഗിളിന്റെ ഡിഫോൾട്ട് സെർച്ച് കരാറുകളിൽ കോടതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ, മൈക്രോസോഫ്റ്റിന് അത് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറില്‍ വ്യാപകമായി ഉപയോഗിക്കുന്ന ബിംഗിന് അത് അവസരങ്ങൾ തുറക്കും.

പൊതുവായ ഡിവൈസുകളിലുളള തിരയല്‍ സേവനങ്ങളില്‍ 89.2 ശതമാനം വിപണി വിഹിതവും ഗൂഗിളിനാണ്. മൊബൈല്‍ ഫോണുകളില്‍ പ്രത്യേകിച്ച് 94.9 ശതമാനവും വിപണി വിഹിതവും ഗൂഗിളാണ് സ്വന്തമാക്കിയിരിക്കുന്നത്.

അതേസമയം നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയിലെ ജനപ്രീതിയാണ് ഓണ്‍ലൈനില്‍ കാര്യങ്ങള്‍ തിരയുന്നതിന് ഗൂഗിളിനെ പ്രാപ്തമാക്കുന്നതെന്നും കമ്പനിയുടെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് പറയുന്നു. ദിവസവും 850 കോടി കാര്യങ്ങളാണ് ആളുകള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ തിരയുന്നത്. ഡിസ്ട്രിക്ട് കോടതി വിധിക്കെതിരെ കമ്പനി അപ്പീല്‍ പോകാനുളള സാധ്യതയുമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT