ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കരാറിലൊപ്പിടുന്നതോടെ ഇന്ത്യയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ 50 ശതമാനം ഇറക്കുമതി തീരുവ 15-16 ശതമാനത്തിലേക്ക് താഴുമെന്ന് 'മിന്റ്' റിപ്പോര്‍ട്ട് ചെയ്തു.
ഈ മാസം അവസാനം നടക്കുന്ന ആസിയാന്‍ സമ്മിറ്റിന് മുമ്പായി വ്യാപാര കരാറിന്റെ കാര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ യോജിപ്പിലെത്തും. കാര്‍ഷിക, ഊര്‍ജ്ജ മേഖലകളുമായി ബന്ധപ്പെട്ടാണ് കരാറില്‍ ഇപ്പോള്‍ ചില വിയോജിപ്പുകളുള്ളത്. ഇക്കാര്യത്തില്‍ നിരന്തര ആശയവിനിമയം ഇരുരാജ്യങ്ങളും തമ്മില്‍ നടത്തുന്നുണ്ട്. അധികം വൈകാതെ ശുഭവാര്‍ത്ത പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ കാര്‍ഷിക വിപണി യുഎസ് കമ്പനികള്‍ക്കായി തുറന്നു കൊടുക്കണമെന്നതായിരുന്നു യുഎസിന്റെ ആവശ്യം. എന്നാല്‍ രാജ്യത്തെ കര്‍ഷകരെ ബാധിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും കേന്ദ്രസര്‍ക്കാര്‍ തയാറായില്ല. യുഎസില്‍ നിന്ന് ജനിതകമാറ്റം വരുത്താത്ത ചോളം, സോയാബീന്‍ എന്നിവയുടെ ഇറക്കുമതിക്ക് ഇന്ത്യ സമ്മതം മൂളിയേക്കുമെന്ന് സൂചനയുണ്ട്.
യുഎസ് പാല്‍, പാല്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണി തുറന്നു കിട്ടാന്‍ യുഎസ് വലിയതോതില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ വിട്ടുവീഴ്ച്ചയ്ക്ക് തയാറായിട്ടില്ല. യുഎസില്‍ നിന്ന് കൂടുതല്‍ ഇന്ധനം വാങ്ങാനും ധാരണയാകും.
ചില വിട്ടുവീഴ്ച്ചകള്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് വരുന്നതോടെ ഇറക്കുമതി തീരുവ 50 ശതമാനത്തില്‍ നിന്ന് 15-16 ശതമാനമാക്കി കുറയ്ക്കും. ടെക്‌സ്റ്റൈല്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ജുവലറി മേഖലയ്ക്ക് ഈ നീക്കം ഗുണം ചെയ്യും. യുഎസ് വിപണിക്ക് നഷ്ടപ്പെട്ടപ്പോള്‍ ഇന്ത്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ പകരം മാര്‍ക്കറ്റ് കണ്ടെത്തിയിരുന്നു.
യുഎസ് താരിഫ് താഴുന്നതോടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇരട്ടിമധുരമാകും. അതേസമയം തീരുവ കുറയ്ക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമോ യുഎസ് ഭരണകൂടമോ പ്രതികരിച്ചില്ലെന്ന് മിന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് ട്രംപ് ഭരണകൂടം ഇന്ത്യയ്ക്കുമേല്‍ കൂടുതല്‍ ചുങ്കം ചുമത്തിയത്. എണ്ണ വാങ്ങല്‍ അവസാനിപ്പിക്കുമോയെന്ന കാര്യത്തില്‍ ഇന്ത്യ ഇതുവരെ യാതൊരു ഉറപ്പും നല്കിയിട്ടില്ല.
Read DhanamOnline in English
Subscribe to Dhanam Magazine