Image courtesy: x.com
News & Views

യു.എസില്‍ മലയാളി നഴ്സിന് നേരെ വംശീയാധിക്ഷേപവും ക്രൂര ആക്രമണവും, കണ്ണുകള്‍ നഷ്ടപ്പെടാന്‍ സാധ്യത

നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ലീലാമ്മ

Dhanam News Desk

മലയാളി നേഴ്സിന് നേരെ യു.എസിലെ ഫ്ലോറിഡയില്‍ വംശീയാധിക്ഷേപവും ക്രൂരമായ മര്‍ദനവും. 67 വയസുള്ള ലീലാമ്മ ലാലിനെയാണ് പാംസ് വെസ്റ്റ് ആശുപത്രിയിൽ 33 കാരനായ സ്റ്റീഫൻ സ്കാൻറ്റിൽബറിയെന്ന മാനസികരോഗി അതി ക്രൂരമായി മര്‍ദിച്ചത്. ഫെബ്രുവരി 18 ന് നടന്ന ആക്രമണത്തില്‍ മുഖത്ത് ഗുരുതരമായി പരിക്കേറ്റ ലീലാമ്മയ്ക്ക് രണ്ട് കണ്ണുകളും നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് പോലീസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ പറയുന്നു. വെസ്റ്റ് പാം ബീച്ചിലെ സെന്റ് മേരീസ് മെഡിക്കൽ സെന്ററിൽ തീവ്രപരിചരണ വിഭാഗത്തിലാണ് നിലവിൽ ലീലാമ്മ.

രണ്ട് പതിറ്റാണ്ടിലേറെയായി പാംസ് വെസ്റ്റിൽ നഴ്‌സായ ലീലാമ്മ സ്‌കാൻറ്റിൽബറിയുടെ മുറിയില്‍ പരിശോധിക്കാൻ ചെന്നപ്പോഴാണ് പ്രതി യാതൊരു പ്രകോപനവുമില്ലാതെ ക്രൂരമായി ആക്രമിച്ചത്. ഇന്ത്യക്കാർ മോശക്കാരാണെന്ന് പറഞ്ഞ് പ്രതി ലീലാമ്മയുടെ മുഖത്ത് ശക്തമായി ഇടിക്കുകയായിരുന്നു. ആക്രമണത്തില്‍ ലീലാമ്മയുടെ മുഖത്തെ എല്ലാ എല്ലുകളും തകര്‍ന്നു.

രണ്ടാം ഡിഗ്രി കൊലപാതകശ്രമത്തിനാണ് കേസെടുത്ത പോലീസ് കസ്റ്റഡിയിലുളള പ്രതിയെ കോടതിയില്‍ ഹാജരാക്കി. ജയിൽ ശിക്ഷ ഗണ്യമായി വർദ്ധിപ്പിക്കുന്നതാണ് വിദ്വേഷ കുറ്റകൃത്യങ്ങള്‍.

പരക്കെ ആശങ്ക

യു.കെ മാഞ്ചസ്റ്ററിലെ റോയൽ ഓൾഡ്ഹാം ആശുപത്രിയില്‍ 57 കാരിയായ മലയാളി നഴ്‌സ് അച്ചാമ്മ ചെറിയാനെ ഒരു രോഗി കത്രിക കൊണ്ട് കുത്തിയത് കഴിഞ്ഞ ദിവസമാണ്. കേരളത്തില്‍ നിന്ന് നിരവധി നഴ്സുമാരാണ് യു.എസ്, യു.കെ, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. രോഗികളില്‍ നിന്നുണ്ടാകുന്ന ക്രൂരമായ ആക്രമണങ്ങള്‍ വിദേശ നഴ്സിംഗ് സമൂഹവും അവരുടെ നാട്ടിലുളള ബന്ധുക്കളും വളരെ ആശങ്കയോടെയാണ് കാണുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT