യു.എസ് റീട്ടെയില്‍ കമ്പനികളായ വാള്‍മാര്‍ട്ട്, ആമസോണ്‍, ടാര്‍ഗറ്റ്, ഗ്യാപ് തുടങ്ങിയവ ഇന്ത്യയില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്നത് താത്കാലികമായി നിറുത്തിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്ക് മേല്‍ 50 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനത്തിന് പിന്നാലെയാണിത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യേണ്ടെന്ന് കാട്ടി യു.എസിലെ പല ഇടപാടുകാരില്‍ നിന്നും ഇ-മെയില്‍ ലഭിച്ചതായി ഈ രംഗത്തുള്ളവര്‍ പറയുന്നു. അടുത്ത ദിവസങ്ങളില്‍ യു.എസിലേക്ക് പോകേണ്ട പല ഉത്പന്നങ്ങളുടെയും കയറ്റുമതി ഇതോടെ പ്രതിസന്ധിയിലായെന്നും എന്‍.ഡി.ടി.വി പ്രോഫിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടെക്‌സ്‌റ്റൈല്‍ രംഗത്തുള്ളവരെയാണ് പ്രതിസന്ധി കൂടുതല്‍ ബാധിച്ചതെന്നും റിപ്പോര്‍ട്ട് തുടരുന്നു.
50 ശതമാനം അധിക നികുതി കൊടുത്ത് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ കഴിയില്ലെന്നാണ് യു.എസിലെ ഇടപാടുകാരുടെ വാദം. ഇന്ത്യന്‍ കമ്പനികള്‍ തന്നെ ഈ ബാധ്യത ഏറ്റെടുക്കണമെന്നും ഇവര്‍ പറയുന്നു. അധിക ഭാരം ഉപയോക്താക്കളുടെ തലയില്‍ വീഴുമെന്നതിനാല്‍ ഉത്പന്നങ്ങളുടെ വില 30 മുതല്‍ 35 ശതമാനം വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇത് കമ്പനികളുടെ ലാഭത്തിലും കാര്യമായ തിരിച്ചടിയുണ്ടാക്കും. ഇരട്ടിത്തീരുവ നിലവില്‍ വരുന്ന ഓഗസ്റ്റ് 26ന് മുമ്പ് ഇന്ത്യയും യു.എസും തമ്മില്‍ നടക്കുന്ന വ്യാപാര ചര്‍ച്ചകളില്‍ ഫലം കാണാനുള്ള സാധ്യതയുണ്ട്. അതുവരെ കാത്തിരിക്കാനാണ് ഇവരുടെ തീരുമാനമെന്നാണ് അറിയുന്നത്.
ഇന്ത്യന് ടെക്‌സ്‌റ്റൈല്‍ രംഗത്തെ മിക്ക കമ്പനികളുടെയും പ്രധാന വിപണിയാണ് യു.എസ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ യു.എസിലേക്ക് മാത്രം കയറ്റി അയച്ചത് 36.61 ബില്യന്‍ ഡോളറിന്റെ തുണിത്തരങ്ങള്‍. രാജ്യത്തിന്റെ ആകെ ടെക്‌സ്‌റ്റൈല്‍ കയറ്റുമതിയുടെ 28 ശതമാനമാണിത്. യു.എസ് കമ്പനികളില്‍ നിന്നുള്ള ഓര്‍ഡറുകളില്‍ 40-50 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് ചില നിരീക്ഷകര്‍ പറയുന്നത്. അങ്ങനെ വന്നാല്‍ ഇന്ത്യന് ടെക്‌സ്റ്റൈല്‍ രംഗത്തിന് 4-5 ബില്യന്‍ ഡോളര്‍ (ഏകദേശം 43,000 കോടി) വരെ നഷ്ടമുണ്ടാകുമെന്നാണ് കരുതുന്നത്.
തുണിത്തരങ്ങള്‍, ബെഡ്ഷീറ്റുകള്‍, ടവ്വലുകള്‍ എന്നിവ നിര്‍മിക്കുന്ന വെല്‍സ്പന്‍ ലിവിംഗ്, ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്‌സ്, ഇന്‍ഡോ കൗണ്ട്, ട്രിഡന്റ് തുടങ്ങിയ കമ്പനികളുടെ 70 ശതമാനം ഉത്പന്നങ്ങളും വില്‍ക്കുന്നത് യു.എസിലാണ്. ഇന്ത്യക്ക് മേല്‍ ഉയര്‍ന്ന താരിഫ് ഏറെക്കാലം നിലനിന്നാല്‍ യു.എസ് വ്യാപാരികള്‍ വിയറ്റ്‌നാം, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളിലേക്ക് തിരിയാനും സാധ്യതയുണ്ട്. ഈ രാജ്യങ്ങള്‍ക്ക് ഇന്ത്യയേക്കാള്‍ കുറഞ്ഞ 20 ശതമാനം തീരുവയാണ് ചുമത്തിയിരിക്കുന്നത്.
ഇന്ത്യയുടെ ടെക്‌സ്‌റ്റൈല്‍ ഹബ്ബായ തിരുപ്പൂരിലെ കമ്പനികളും ഇതോടെ ആശങ്കയിലാണ്. മുന്‍കൂട്ടി ബുക്ക് ചെയ്ത ഓര്‍ഡറുകളുടെ പോലും വില കുറക്കാന്‍ യു.എസ് ഇടപാടുകാര്‍ നിര്‍ബന്ധിക്കുന്നുവെന്ന് ഇവര്‍ പറയുന്നു. ഇടപാടുകാരെ പിടിച്ചുനിറുത്താനും സ്റ്റോക്ക് കുന്നുകൂടുന്നത് ഒഴിവാക്കാനും ഡിസ്‌ക്കൗണ്ട് നല്‍കാന്‍ തയ്യാറാണെന്നും ചിലര്‍ പറയുന്നു.
ട്രംപിന്റെ അധിക തീരുവ നിലവില്‍ വരുന്നതിന് മുമ്പ് ഉത്പന്നങ്ങള്‍ യു.എസിലെത്തിക്കാനുള്ള ശ്രമങ്ങളും വ്യാപാരികള്‍ നടത്തുന്നുണ്ട്. അധിക തീരുവ ഒഴിവാക്കാന്‍ ഓഗസ്റ്റ് 16ന് മുമ്പെങ്കിലും ഇവ യു.എസ് കസ്റ്റംസ് ക്ലിയറന്‍സ് നേടേണ്ടതുണ്ട്. കടല്‍ മാര്‍ഗം അയച്ചാല്‍ 40-50 ദിവസമെടുത്താലേ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ യു.എസിലെത്തൂ. അല്ലെങ്കില്‍ ചെലവ് കൂടിയ രീതിയായ എയര്‍ കാര്‍ഗോ തിരഞ്ഞെടുക്കണം. ഇത് ലാഭത്തില്‍ കാര്യമായ കുറവുണ്ടാക്കുമെന്നതിനാല്‍ മിക്ക കമ്പനികളും കയറ്റുമതി നിറുത്തിവെക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. യു.എസുമായുള്ള ചര്‍ച്ചയില്‍ നീക്കുപോക്കുണ്ടാകുന്നത് വരെ കാത്തിരിക്കാനാണ് ഇവരുടെ തീരുമാനം.
After former President Trump doubled tariffs on Indian goods to 50%, major US chains including Amazon, Walmart, Target, and Gap have halted apparel and textile orders, citing cost pressures and supply chain uncertainty
Read DhanamOnline in English
Subscribe to Dhanam Magazine