canva
News & Views

ട്രംപിന്റെ പ്രസ്താവന തിരിഞ്ഞുകൊത്തി, നഷ്ടം ₹175 ലക്ഷം കോടി! യു.എസ് ഓഹരി വിപണിയില്‍ ചോരപ്പുഴ, മസ്‌കിന് വീണ്ടും പ്രഹരം

ബിറ്റ്‌കോയിന്‍ വില ട്രംപ് അധികാരത്തിലേറിയതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍

Dhanam News Desk

ഇക്കൊല്ലം സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാമെന്ന സാധ്യത തള്ളാത്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട് യു.എസ് ഓഹരി വിപണിയെ ചോരക്കളമാക്കി. തിങ്കളാഴ്ച അമേരിക്കന്‍ വിപണികളില്‍ ഏകദേശം 1.75 ട്രില്യന്‍ അമേരിക്കന്‍ ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസത്തെ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍ നിന്നും ഏകദേശം നാല് ട്രില്യന്‍ അമേരിക്കന്‍ ഡോളറിന്റെ (ഏകദേശം 350 ലക്ഷം കോടി രൂപ) നഷ്ടമാണ് വിപണിക്കുണ്ടായത്. എസ് ആന്‍ഡ് പി 500 2.7 ശതമാനം ഇടിഞ്ഞു. നാസ്ഡാക്ക് 100 3.81 ശതമാനം നഷ്ടത്തിലായി. 2022 സെപ്റ്റംബറിന് ശേഷമുണ്ടായ ഏറ്റവും വലിയ നഷ്ടം. ഡോ 2.08 ശതമാനം ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ട്രംപിന്റെ വിശ്വസ്തനായ ഇലോണ്‍ മസ്‌കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്‌ലക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. 15.43 ശതമാനമാണ് ടെസ്‌ല ഓഹരികള്‍ ഇടിഞ്ഞത്. ക്രിപ്‌റ്റോ കറന്‍സികള്‍ക്കും വലിയ നഷ്ടമുണ്ടായി. ട്രംപ് അധികാരത്തിലെത്തിയ ശേഷമുള്ള ഏറ്റവും വലിയ ഇടിവിനാണ് ബിറ്റ്‌കോയിന്‍ സാക്ഷ്യംവഹിച്ചത്. ഏഷ്യന്‍ വിപണികളെയും യു.എസ് വിപണി തകര്‍ച്ച ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

തകര്‍ച്ചക്ക് പിന്നില്‍

ട്രംപിന്റെ താരിഫ് ഭീഷണി ആഗോള തലത്തില്‍ വ്യാപാര യുദ്ധത്തിന് തുടക്കമിടുമെന്ന ആശങ്ക ശക്തമായി നിലനില്‍ക്കുകയാണ്. കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങള്‍ക്കെതിരെ താരിഫ് ചുമത്തുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത ട്രംപിന്റെ നീക്കങ്ങളിലും വിപണിക്ക് ആശങ്കയുണ്ട്. ഇതിനോടൊപ്പം ചെലവു ചുരുക്കലും പിരിച്ചുവിടലും വ്യാപകമായതോടെ യു.എസ് വിപണിയില്‍ മാന്ദ്യഭീതിയുമുണ്ട്. ഇക്കൂട്ടത്തിലാണ് ഞായറാഴ്ച ഫോക്‌സ് ന്യൂസിലെ അഭിമുഖത്തില്‍ ട്രംപിന്റെ വിവാദ പരാമര്‍ശങ്ങളുണ്ടായത്. ഇക്കൊല്ലം സാമ്പത്തിക മാന്ദ്യമുണ്ടാകുമോയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

കാര്യങ്ങള്‍ അങ്ങനെ പ്രവചിക്കാന്‍ ഞാനില്ലെന്ന് ട്രംപ് പറഞ്ഞു. ഇതൊരു മാറ്റത്തിന്റെ സമയമാണ്. കാരണം നമ്മള്‍ വലിയ കാര്യങ്ങളാണ് ചെയ്യുന്നത്. അമേരിക്കയിലേക്ക് സമ്പത്ത് തിരികെ കൊണ്ടുവരികയാണ്. അതൊരു വലിയ കാര്യമാണ്. അതിന് സമയമെടുക്കും. പക്ഷേ ഇത് എല്ലാവര്‍ക്കും ഗുണകരമായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് വേണ്ടി വിപണിയിലെ തകര്‍ച്ച കാര്യമാക്കുന്നില്ലെന്ന നിലപാടാണ് ട്രംപിനുള്ളതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇതോടെ തിങ്കളാഴ്ച യു.എസ് വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം രൂക്ഷമായി. എല്ലാ സെക്ടറുകളിലും നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിച്ചു. മാന്ദ്യമുണ്ടാകുമെന്ന ഭീതിയില്‍ യു.എസ് ട്രഷറി യീല്‍ഡുകളില്‍ കുറവുണ്ടായതും വിപണിയെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍.

മസ്‌കിന് വീണ്ടും തിരിച്ചടി

യു.എസ് പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല വലിയ നേട്ടമുണ്ടാക്കിയിരുന്നു. എന്നാല്‍ താരിഫ് യുദ്ധവും വിവാദങ്ങളും തുടര്‍ക്കഥയായതോടെ ടെസ്‌ല ഓഹരികള്‍ ഇക്കൊല്ലം 45 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. മസ്‌കിനെതിരെയുള്ള പ്രതിഷേധം ടെസ്‌ലക്കെതിരെയും നീണ്ടതോടെ വില്‍പ്പനയും കുത്തനെ ഇടിഞ്ഞിരുന്നു. മറ്റൊരു ടെക്‌നോളജി ഓഹരിയായ എന്‍വിഡിയ അഞ്ച് ശതമാനവും എ.ഐ കമ്പനിയായ പലാന്റിര്‍ 10 ശതമാനവും ഇടിഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT