Image courtesy: Canva, truthsocial.com/@realDonaldTrump
News & Views

യു.എസിലേക്കുള്ള വീസ നിയമങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നു, പല രാജ്യക്കാരും 15,000 ഡോളര്‍ ബോണ്ട് നല്‍കണം, ആരെയൊക്കെ ബാധിക്കും

കാലാവധിക്കു ശേഷവും യു.എസില്‍ തുടരുന്നവരെ ലക്ഷ്യമിട്ടാണ് നീക്കം

Dhanam News Desk

അമേരിക്കയിലേക്ക് വിനോദസഞ്ചാരത്തിനും ബിസിനസ് ആവശ്യങ്ങള്‍ക്കുമായുള്ള വീസക്ക് അപേക്ഷിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാകും, ബിസിനസ്, ടൂറിസ്റ്റ് വീസകള്‍ക്ക് അപേക്ഷിക്കുന്നവരില്‍ നിന്ന് 15,000 ഡോളര്‍ (ഏകദേശം 13.15 ലക്ഷം രൂപ)വരെ ബോണ്ട് ആവശ്യപ്പെടാനൊരുങ്ങുകയാണ് യു.എസ് വിദേശകാര്യമന്ത്രാലയം.

വീസ കാലാവധി കഴിഞ്ഞവര്‍ രാജ്യത്ത് തുടരുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് യു.എസിന്റെ നീക്കം. യു.എസ് പ്രസിഡന്റായി ഡൊണള്‍ഡ്ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതു മുതല്‍ കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി വരികയാണ്.

ആരെയൊക്കെ ബാധിക്കും?

ഓഗസ്റ്റ് 20 മുതല്‍ 12 മാസത്തേക്ക് ബി-1 (ബിസിനസ് വീസ), ബി-2 (ടൂറിസ്റ്റ് വീസ) വീസകള്‍ക്ക് അപേക്ഷിക്കുന്ന ചില രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ക്കാണ് ബോണ്ട് ഏര്‍പ്പെടുത്തുകയെന്നാണ് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നത്. വീസ കാലാവധി കഴിഞ്ഞും യു.എസില്‍ തുടരുന്നവരുടെ എണ്ണം കൂടുതലുള്ള രാജ്യങ്ങളെയാണ് ട്രംപ് ഇതുവഴി നോട്ടമിടുന്നത്.

യു.എസ് ഫെഡറല്‍ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ച നോട്ടീസില്‍ പറയുന്നത് കുടിയേറ്റത്തിനല്ലാത്ത വീസ അപേക്ഷകരില്‍ നിന്ന് കോണ്‍സുലര്‍ ഓഫീസര്‍മാര്‍ 15,000 ഡോളര്‍ വരെയുള്ള ബോണ്ട് ആവശ്യപ്പെടണമെന്നാണ്.

₹5000 മുതല്‍ ₹15,000 വരെ ബോണ്ട്

ഏറ്റവും കുറഞ്ഞ ബോണ്ട് 5,000 ഡോളറാണ്. വീസ നിബന്ധനകള്‍ പാലിക്കുന്നവര്‍ക്ക് ഈ പണം തിരിച്ചു നല്‍കും. അനുവദനീയമായ കാലയളവിനപ്പുറവും യുഎസില്‍ തുടരുന്നവരുടെ ബോണ്ട് സര്‍ക്കാര്‍ പിടിച്ചു വയ്ക്കും.

തിരഞ്ഞെടുത്ത വിമാനത്താവളങ്ങള്‍ വഴി മാത്രമാണ് ഈ രാജ്യങ്ങളില്‍ നിന്നുള്ള ബി1, ബി2 വീസക്കാര്‍ക്ക് യു.എസിലേക്ക് പ്രവേശിക്കാനും മടങ്ങി പോകാനും കഴിയുക.

നിലവില്‍ ഏതൊക്കെ രാജ്യങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല. 2023ല്‍ പ്രസിദ്ധീകരിച്ച ഹൈ വീസ ഓവര്‍സ്‌റ്റേ റേറ്റുള്ള രാജ്യങ്ങളുടെ പട്ടിക പ്രകാരമായിരിക്കും ഇത് നടപ്പാക്കുക.

കൂടാതെ, വിവരങ്ങള്‍ പരിശോധിക്കുന്നതില്‍ പോരായ്മയുള്ളതായി കണക്കാക്കപ്പെടുന്ന രാജ്യങ്ങളില്‍ നിന്നുള്ളതോ അല്ലെങ്കില്‍ താമസ നിബന്ധനകളില്ലാതെ നിക്ഷേപത്തിലൂടെ പൗരത്വം നേടാന്‍ കഴിയുന്നതോ ആയ രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ക്കും ബോണ്ട് ബാധകമായിരിക്കും.

അതേസമയം, ചാഢ്, എരിത്രിയ, മ്യാന്‍മര്‍, ഹെയ്തി, യെമന്‍, ജിബൂട്ടി, ടോഗോ, ബറൂണ്ടി എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പണ്ടേ തുടങ്ങി വച്ചത്

യു.എസിലേക്കുള്ള വീസ അപേക്ഷകര്‍ക്ക് സാമ്പത്തിക ബാധ്യതയ്ക്ക് ഇടവരുത്തുന്നതാണ് പുതിയ നടപടി. എത്രത്തോളം പേരെ ഇത് ബാധിക്കുമെന്നതിന്റെ കണക്കുകളും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ടിട്ടില്ല. പദ്ധതി നടപ്പാക്കുന്നതിന് 15 ദിവസം മുമ്പ് ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇതു ബാധകമാകും, എന്തൊക്കെയാണ് മാനദണ്ഡങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നാണ് വിദേശകാര്യ വിഭാഗം സൂചിപ്പിച്ചിരിക്കുന്നത്.

സമാനമായൊരു പരിഷ്‌കാരം 2020 നവംബറില്‍, ട്രംപിന്റെ ആദ്യ കാലയളവിലും കൊണ്ടു വന്നിരുന്നു. എന്നാല്‍ കൊവിഡ് 19 ആഗോള ട്രാവല്‍ മേഖലയെ ബാധിച്ചതിനാല്‍ ഇത് പൂര്‍ണമായും നടപ്പാക്കിയിരുന്നില്ല.

യാത്രികരുടെ എണ്ണം വളരെ കുറവായ രാജ്യങ്ങളില്‍ നിന്നുള്ള 2,000ത്തോളം പേരെ മാത്രമാകും ഇത് ബാധിക്കുക എന്നാണ് യു.എസ് ട്രാവല്‍ അസോസിയേഷന്‍ പറയുന്നത്. എന്നാല്‍ ഇത് യു.എസിലേക്കുള്ള സഞ്ചാരികളുടെ വരവിനെ ബാധിച്ചേക്കാമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

US plans mandatory $5,000–$15,000 bonds for B1/B2 visa applicants from select countries to prevent overstays.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT