PMO in X
News & Views

വ്യാപാര കരാറിന് ഗതിവേഗം പകരാന്‍ യുഎസ് പ്രതിനിധി ഇന്ത്യയിലേക്ക്; ആദ്യഘട്ട കരാര്‍ ജൂലൈയില്‍ ഒപ്പിട്ടേക്കും

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അമേരിക്കന്‍ വിപണിയില്‍ കൂടുതല്‍ പ്രവേശനവും കുറഞ്ഞ തീരുവയും ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്നു ഗോയല്‍

Dhanam News Desk

ഇന്ത്യ-യുഎസ് വ്യാപാര കരാറിലേക്കുള്ള ചര്‍ച്ചകള്‍ക്ക് വേഗത പകരാന്‍ യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ നാളെ ന്യൂഡല്‍ഹിയിലെത്തും. രണ്ടുദിന സന്ദര്‍ശനത്തിനിടെ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലുമായി ചര്‍ച്ച നടത്തും. വ്യാപാര കരാറിന്റെ ഭാഗമായുള്ള സംയുക്ത പ്രസ്താവനയെക്കുറിച്ചും ഇടക്കാല കരാറിനെക്കുറിച്ചും ചര്‍ച്ച ചെയ്യാനാണ് ഗ്രീറിന്റെ യാത്രയെന്ന് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഫ്രാന്‍സില്‍ നടന്ന ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ശരിയായ ട്രാക്കിലാണെന്ന് കൂടിക്കാഴ്ച്ചയ്ക്കുശേഷം ട്രംപ് വ്യക്തമാക്കിയിരുന്നു.

വ്യാപാര കരാറിന്റെ ആദ്യഘട്ടം ജൂലൈ 24ന് മുമ്പ് ഒപ്പുവയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ വ്യക്തമാക്കി.

കുറഞ്ഞ താരിഫിനായി ഇന്ത്യ

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വ്യാപാര കരാറില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് വലിയ ബലംപിടുത്തമാണെന്ന് അടുത്തിടെ ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. മറ്റ് രാജ്യങ്ങളെക്കാള്‍ കുറഞ്ഞ താരിഫില്‍ യുഎസ് വിപണിയില്‍ കൂടുതല്‍ പ്രവേശനം ലഭിക്കാനണ് ഇന്ത്യ സമ്മര്‍ദം ചെലുത്തി കൊണ്ടിരിക്കുന്നത്. മികച്ച കരാറിലേക്ക് എത്തിച്ചേരാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലും പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് തുടക്കത്തില്‍ 50% തീരുവ ഏര്‍പ്പെടുത്തിയതിനാല്‍ വ്യാപാര കരാര്‍ അന്തിമമാക്കുന്നതിലേക്ക് കൂടുതല്‍ സമയമെടുക്കുന്നതായി ഗോയല്‍ പറഞ്ഞു. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അമേരിക്കന്‍ വിപണിയില്‍ കൂടുതല്‍ പ്രവേശനവും കുറഞ്ഞ തീരുവയും ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് കൂടുതല്‍ മത്സരശേഷി നല്‍കുന്ന രീതിയില്‍ പ്രത്യേക ഇളവുള്ള തീരുവ സംവിധാനം കരാറില്‍ ഉള്‍പ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. കരാറില്‍ 'റൂള്‍സ് ഓഫ് ഒറിജിന്‍' (Rules of Origin) വ്യവസ്ഥകളും ഉള്‍പ്പെടും. ഉത്പന്നങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഏത് രാജ്യത്താണ് നിര്‍മിച്ചതെന്ന് നിര്‍ണയിക്കുന്നതിനും വ്യാപാര ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉറപ്പാക്കുന്നതിനും ഈ വ്യവസ്ഥകള്‍ സഹായിക്കും.

രാജ്യതാല്പര്യത്തില്‍ വിട്ടുവീഴ്ച്ചയുണ്ടാകില്ല

വ്യാപാര മേഖലയില്‍ കുതിപ്പാണ് ലക്ഷ്യമെങ്കിലും കൃഷി, മത്സ്യബന്ധനം, ക്ഷീരോത്പാദനം തുടങ്ങിയ മേഖലകളുടെ ഇന്ത്യന്‍ താല്‍പര്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് ഗോയല്‍ വ്യക്തമാക്കി. വിദേശ മത്സരത്തിന് ഈ മേഖലകള്‍ പൂര്‍ണമായി തുറന്നുകൊടുക്കുന്നതില്‍ ഇന്ത്യ പരമ്പരാഗതമായി ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങില്‍ മന്ത്രി വ്യക്തമാക്കി.

അമേരിക്കയുമായും യൂറോപ്യന്‍ യൂണിയനുമായും ഇന്ത്യ ചര്‍ച്ച ചെയ്യുന്ന വ്യാപാര കരാറുകള്‍ രാജ്യത്തെ സേവനമേഖലയ്ക്ക് വലിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഐടി, കണ്‍സള്‍ട്ടിംഗ്, എന്‍ജിനീയറിംഗ് തുടങ്ങിയ മേഖലകളിലെ ഇന്ത്യന്‍ കമ്പനികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കൂടുതല്‍ വിപണി പ്രവേശനം ലഭിച്ചേക്കും.

അമേരിക്കയ്ക്ക് പുറമെ കാനഡ, ഇസ്രായേല്‍, ജിസിസി അംഗരാജ്യങ്ങള്‍ എന്നിവരുമായും വ്യാപാര കരാറുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ഇന്ത്യയുടെ ശ്രമം. കയറ്റുമതി വര്‍ധിപ്പിക്കാനും പ്രധാന വിപണികളുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുമുള്ള വിപുലമായ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കങ്ങള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT