canva , Facebook/ Donald Trump
News & Views

അതിരു വിട്ടത് ട്രംപോ കോടതിയോ? ചുങ്കപ്പോരില്‍ അടി കിട്ടിയ ട്രംപ് കോടതിപ്പോരിന്, തീരുവ മുഴുവനും ഇല്ലാതായിട്ടില്ല, ആശ്വസിക്കാന്‍ സമയമായോ?

പെട്ടെന്ന് മാറ്റങ്ങളൊന്നും സംഭവിക്കില്ല, മേല്‍ക്കോടതിയും ട്രംപിനെ കൈവിട്ടാല്‍ ആഗോളവ്യാപാര രംഗത്ത് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍

Dhanam News Desk

ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുന്നത് തടഞ്ഞ യു.എസ് ഫെഡറല്‍ കോടതിയുടെ തീരുമാനം യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് തിരിച്ചടിയെന്ന് വിലയിരുത്തല്‍. 1977ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേര്‍സ് ആക്ട് പ്രകാരം മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തിയതിലൂടെ ട്രംപ് തന്റെ അധികാരം ദുരുപയോഗം ചെയ്‌തെന്ന് മൂന്നംഗ യു.എസ് അന്താരാഷ്ട്ര വ്യാപാര കോടതി (Court Of International Trade) വിധിച്ചു. വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തിയത് ആഗോള വ്യാപാരത്തെ സാരമായി ബാധിക്കുകയും ഓഹരി വിപണികളെ നഷ്ടത്തിലാക്കുകയും ആഗോളതലത്തില്‍ സാമ്പത്തിക പ്രതിസന്ധിയുടെ കരിനിഴല്‍ വീഴ്ത്തുകയും ചെയ്തിരുന്നു.

അതേസമയം, ഫെഡറല്‍ കോടതിയുടെ തീരുമാനത്തിനെതിരെ അടിയന്തരമായി അപ്പീല്‍ സമര്‍പ്പിക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രതികരണം. വിഷയം യു.എസ് സുപ്രീം കോടതിയില്‍ അടക്കം നിയമയുദ്ധത്തിന് വഴിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോടതി ജുഡീഷ്യല്‍ ആക്ടിവിസമാണ് കാട്ടിയതെന്നും ഇവര്‍ ആരോപിക്കുന്നു. മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ കോടതി വിധിയെ അവഗണിച്ച് തീരുവയുമായി ട്രംപ് ഭരണകൂടം മുന്നോട്ടുപോകാനുള്ള സാധ്യതയും നിരീക്ഷകര്‍ കാണുന്നുണ്ട്. ട്രംപിന്റെ തീരുവ തീരുമാനത്തിനെതിരെ ചില സ്റ്റേറ്റുകളും ചെറുകിട വ്യാപാരികളുമാണ് കോടതിയെ സമീപിച്ചത്.

ട്രംപിന്റെ ആദ്യഭരണകാലത്ത് ചൈനയില്‍ നിന്നുള്ള സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് അടക്കം ഏര്‍പ്പെടുത്തിയിരുന്ന തീരുവക്ക് മാറ്റമൊന്നും സംഭവിക്കാന്‍ സാധ്യതയില്ല. ഇക്കൊല്ലം ഏര്‍പ്പെടുത്തിയ തീരുവക്ക് നിയമസാധുത നല്‍കാന്‍ ട്രംപ് സര്‍ക്കാരിന് പുതിയ നിയമനിര്‍മാണം നടത്തേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.

ചെറിയ മാറ്റം പോലും വലിയ ആശ്വാസമാകും

തീരുവ മരവിപ്പിച്ചുള്ള യു.എസ് ഫെഡറല്‍ കോടതിയുടെ തീരുമാനം എപ്പോള്‍ മുതല്‍ നിലവില്‍ വരുമെന്ന കാര്യത്തില്‍ നിശ്ചയമില്ലെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നികുതി റദ്ദാക്കാന്‍ 10 ദിവസത്തെ സമയമാണ് കോടതി ട്രംപ് സര്‍ക്കാരിന് അനുവദിച്ചിരിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള 30 ശതമാനം തീരുവയും മറ്റ് രാജ്യങ്ങള്‍ക്ക് മേലുള്ള 10 ശതമാനം തീരുവയും ഇല്ലാതാകും. ഇത് യു.എസ് വ്യാപാര ചരിത്രത്തിലെ തന്നെ വലിയൊരു മാറ്റമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

ചെറിയ തോതില്‍ തീരുവ പിന്‍വലിച്ചാല്‍ പോലും യു.എസിലേക്ക് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കും നിര്‍മാണ കമ്പനികള്‍ക്കും വലിയ ആശ്വാസമാകും. ആഗോള സാമ്പത്തിക മേഖലക്ക് തീരുമാനം പുത്തനുണര്‍വാകുമെന്നും അനലിസ്റ്റുകള്‍ പ്രവചിക്കുന്നു. ആഗോള വ്യാപാരത്തിനും സാമ്പത്തിക വളര്‍ച്ചകും വിഘാതമായി നിന്ന പകരചുങ്കത്തിന് ഇളവ് വരുന്നത് വിതരണ ശൃംഖലയില്‍ സ്ഥിരത കൊണ്ടുവരുമെന്നും നിക്ഷേപകരുടെ ആത്മവിശ്വാസം തിരികെയെത്തിക്കാന്‍ സഹായിക്കുമെന്നും ഇവര്‍ പറയുന്നു.

ട്രംപിന് സാമ്പത്തികമായും തിരിച്ചടി

കോടതിയുടെ തീരുമാനം ട്രംപ് ഭരണകൂടത്തിന് സാമ്പത്തികമായും തിരിച്ചടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പകരചുങ്കത്തിലൂടെ ലഭിക്കുമായിരുന്ന ശതകോടികളാണ് യു.എസിന് നഷ്ടമാകുന്നത്. തീരുവ ചുമത്തിയതിലൂടെ 16.5 ബില്യന്‍ ഡോളര്‍ ഏപ്രിലില്‍ യു.എസിന് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. നിലവിലെ വിധി അപ്പീല്‍ കോടതിയും ശരിവെച്ചാല്‍ ഈ വരുമാനം നിലക്കും. മാത്രവുമല്ല ഇതിനോടകം ഈടാക്കിയ തീരുവ പലിശയടക്കം തിരികെ നല്‍കേണ്ടി വരുമെന്നും ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ ട്രംപ് അവതരിപ്പിച്ച നികുതി ബില്ല് നടപ്പിലാക്കാനും ഇത് വിഘാതമാകും.

കൂടാതെ യു.കെ അടക്കമുള്ള രാജ്യങ്ങളുമായി യു.എസ് ഏര്‍പ്പെട്ട വ്യാപാരകരാറിലെ വ്യവസ്ഥകളും ഇതോടെ റദ്ദാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യു.എസുമായി വ്യാപാര കരാറില്‍ ചര്‍ച്ചകള്‍ നടത്തുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇതില്‍ നിന്നും പിന്നോക്കം നില്‍ക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

A US trade court has blocked Donald Trump’s broad tariff plans, raising questions about future global trade and American economic strategy.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT