US-Ukraine talks Canva
News & Views

യുഎസ്-യുക്രെയ്ന്‍ ചര്‍ച്ച നാളെ സൗദിയില്‍; നിര്‍ണായകമെന്ന് ട്രംപ്

സെലന്‍സ്‌കിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും സൗദി കിരീടാവകാശിയെ കാണും

Dhanam News Desk

യുക്രെയ്ന്‍ യുദ്ധം അവസാനിക്കുന്നതില്‍ സുപ്രധാനമെന്ന് കരുതുന്ന യുഎസ്-യുക്രെയ്ന്‍ ചര്‍ച്ച നാളെ സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കും. ഇരു രാജ്യങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരാണ് കൂടിക്കാഴ്ച നടത്തുന്നത്. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോയുടെ നേതൃത്വത്തിലുള്ള യുഎസ് ഉദ്യോഗസ്ഥ സംഘമാണ് ചര്‍ച്ചക്കെത്തുന്നത്. മാര്‍ക്കോ റുബിയോ ഇന്ന് മുതല്‍ രണ്ട് ദിവസം സൗദി അറേബ്യ സന്ദര്‍ശിക്കുന്നുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി അദ്ദേഹം ചര്‍ച്ച നടത്തുന്നുണ്ട്.

സെലന്‍സ്‌കിയും സൗദിയില്‍

യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയും സൗദി തലസ്ഥാനമായ റിയാദില്‍ എത്തിയിട്ടുണ്ട്. അദ്ദേഹവും സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തും. അതേസമയം, യുഎസ്-യുക്രെയ്ന്‍ ഉന്നത തല ചര്‍ച്ചയില്‍ സെലന്‍സ്‌കി പങ്കെടുക്കില്ലെന്നാണ് സൂചനകള്‍. നാളെ നടക്കുന്ന ചര്‍ച്ച വിജയിച്ചാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സെലന്‍സ്‌കിയും അടുത്തയാഴ്ച അന്തിമ ഘട്ട ചര്‍ച്ച നടന്നേക്കും. ചര്‍ച്ചകളെ സൗദി വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തിട്ടുണ്ട്.

നിര്‍ണായകമെന്ന് ട്രംപ്

സൗദിയില്‍ നടക്കുന്ന ചര്‍ച്ച നിര്‍ണായകമാണെന്ന് ഡൊണാള്‍ഡ് ട്രംപ് വാഷിംഗ്ടണില്‍ പറഞ്ഞു. അമേരിക്കയുമായി ധാതു കരാര്‍ ഒപ്പുവെക്കാന്‍ ഉക്രൈയ്ന്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. യുക്രെയ്നില്‍ സമാധാനം വേണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെടേണ്ടതുണ്ട്. എന്നാല്‍ അദ്ദേഹം അത്ര ഗൗരവം കാണിക്കുന്നില്ല- ട്രംപ് ചൂണ്ടിക്കാട്ടി.

നാളെ നടക്കുന്ന ചര്‍ച്ചയില്‍ റഷ്യന്‍ സൈനിക പിന്‍മാറ്റത്തിന് യുക്രെയ്ന്‍ എന്തെല്ലാം വിട്ടുവീഴ്ചകള്‍ ചെയ്യാനാകുമെന്നതും ധാതു കരാറിന്റെ പുരോഗതിയുമാണ് പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT