ഇന്ത്യ-യു.എസ് വ്യാപാര ബന്ധം
ശക്തമാക്കണമെന്നുണ്ടെങ്കില്‍ കുറഞ്ഞത് 5-6 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന
അമേരിക്കന്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഇന്ത്യ വാങ്ങിയേ പറ്റുവെന്ന
നിലപാടുമായി ട്രംപ് ഭരണകൂടം. അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ
കാണാനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ന്യൂഡല്‍ഹി
സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി നടന്നുവരുന്ന ചര്‍ച്ചകളിലാണ് ഈ നിബന്ധന
ഉയര്‍ന്നുവന്നത്.
കാര്‍ഷിക മേഖലയ്ക്കു പുറമേ
ഊര്‍ജ മേഖലയില്‍ നിന്ന് വ്യാപാര കരാറിലൂടെ നേട്ടമുണ്ടാക്കാനാണ് യുഎസ്
ആഗ്രഹിക്കുന്നത്. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളുമായി ഊര്‍ജ മേഖലയിലെ
സഹകരണം വര്‍ധിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച ഊര്‍ജ
മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞിരുന്നു. ഇ-കൊമേഴ്സ് നയത്തിലെ ഇളവ്,
ആഡംബര ബൈക്കുകളുടെ ഇറക്കുമതി തീരുവ എന്നിവയും ചര്‍ച്ചകളില്‍ ഉയര്‍ന്നു
വരുന്നുണ്ട്.
അമേരിക്കയിലേക്കുള്ള 5.6
ബില്യണ്‍ ഡോളര്‍ കയറ്റുമതിയില്‍ പൂജ്യം താരിഫ് അനുവദിക്കുന്ന ജനറലൈസ്ഡ്
സിസ്റ്റം ഓഫ് പ്രിഫറന്‍സ് (ജിഎസ്പി) പ്രോഗ്രാമില്‍ നിന്ന് കഴിഞ്ഞ വര്‍ഷം
ഇന്ത്യയെ ട്രംപ് നീക്കം ചെയ്തിരുന്നു. ഇതിന് പ്രതികാരമായി, രണ്ട് ഡസനിലധികം
യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തി. ബദാം,
വാല്‍നട്ട്, ആപ്പിള്‍ തുടങ്ങിയ ചില കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഇതോടെ
വന്ന ഉയര്‍ന്ന താരിഫ് പിന്‍വലിക്കുന്ന കാര്യം ഇപ്പോള്‍ സജീവ
ചര്‍ച്ചയിലാണന്നാണു സൂചന.
മെഡിക്കല്‍
ഉപകരണങ്ങളുടെ തീരുവ ഉയര്‍ത്തിയത് ഭാഗികമായി പിന്‍വലിക്കുന്നതിനും ചില യുഎസ്
ചരക്കുകളുടെ തീരുവ പിന്‍വലിക്കുന്നതിനും ഇന്ത്യ സന്നദ്ധത
അറിയിച്ചിട്ടുണ്ട്. ശീതീകരിച്ച കോഴി ഉല്‍പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ
വര്‍ധിപ്പിക്കണമെന്നും യുഎസ് ആഗ്രഹിക്കുന്നു. പൊതുവില്‍ കോഴി
ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നികുതി കുറയ്ക്കാന്‍ യുഎസ് ഇന്ത്യയോട്
ആവശ്യപ്പെടുന്നുമുണ്ട്.കഴിഞ്ഞ വര്‍ഷം പരിമിതമായ വ്യാപാര കരാര്‍
നടപ്പാക്കുമെന്ന് ഇരു സര്‍ക്കാരുകളും പ്രതീക്ഷിച്ചത് സഫലമായില്ല.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine