Image : Canva 
News & Views

ഫീസ് ഏർപ്പെടുത്തിയാൽ യു.പി.ഐ ഉപേക്ഷിക്കും; മുന്നറിയിപ്പുമായി 75 ശതമാനം ഉപയോക്താക്കളും

വ്യക്തമായ ഒരു വരുമാന മാതൃകയില്ലാതെ യുപിഐക്ക് സൗജന്യമായി തുടര്‍ന്ന് പോകാനാകില്ല എന്ന വാദം പ്രബലമാകുന്നു

Dhanam News Desk

ചെറിയ ഒരു കടയില്‍ നിന്ന് ചായ കുടിക്കുമ്പോള്‍ മുതല്‍ പലചരക്ക് സാധനങ്ങൾ, വൈദ്യുതി ബില്ല് തുടങ്ങിയവക്ക് വരെ ഇന്ന് മിക്കവരും യുപിഐയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ യുപിഐ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിന് വലിയ തോതിലുളള ചെലവുകളാണ് ഉളളത്. ബാങ്കുകൾ, പേയ്‌മെന്റ് ആപ്പുകൾ തുടങ്ങിയവക്കുളള ചെലവുകളും സൈബർ സുരക്ഷ അടക്കമുളള അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിനുള്ള ചെലവുകളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

വ്യക്തമായ ഒരു വരുമാന മാതൃകയില്ലാതെ യുപിഐക്ക് ഇത്തരത്തില്‍ തുടര്‍ന്ന് പോകാനാകില്ല എന്ന വാദത്തിന് ഈ അവസരത്തിലാണ് പ്രസക്തിയേറുന്നത്. യുപിഐ സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കണമെന്ന ആവശ്യം പ്രബലമാകുകയാണ്.

10 വര്‍ഷം പിന്നിടുന്നു

എന്നാല്‍ ഇത്തരത്തില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിനെ ഭൂരിഭാഗം ഉപയോക്താക്കളും എതിര്‍ക്കുകയാണ്. ഇടപാട് ഫീസ് ഏർപ്പെടുത്തിയാൽ 75 ശതമാനം ഉപയോക്താക്കളും സേവനം ഉപയോഗിക്കുന്നത് നിർത്തുമെന്നാണ് ലോക്കൽ സർക്കിള്‍സ് നടത്തിയ ‘യുപിഐ @ 10’ സർവേ വ്യക്തമാക്കുന്നത്. 25 ശതമാനം ഉപയോക്താക്കള്‍ മാത്രമാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിനോട് യോജിക്കുന്നത്.

2016 ലാണ് ഇടപാടുകള്‍ക്ക് നോട്ടുകള്‍ കൈമാറുന്ന രീതിക്ക് പ്രാധാന്യം കുറച്ച് കൊണ്ട് പണരഹിത ഡിജിറ്റല്‍ സംവിധാനത്തിലേക്ക് ഇന്ത്യ മാറുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ സാമ്പത്തിക ആവാസവ്യവസ്ഥയുടെ നട്ടെല്ലായി മാറിയിരിക്കുകയാണ് യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റര്‍ഫേസ്. വഴിയൊര കച്ചവടത്തിന് ‍മുതല്‍ വീട് വാടകകള്‍ നല്‍കുന്നത് വരെ സാധാരണക്കാരന്റെ ഏത് ധനപരമായ ആവശ്യങ്ങള്‍ക്കും ഇന്ന് ഭൂരിഭാഗം പേരും യുപിഐയെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇതിന് ഇടപാട് ഫീസ് ഈടാക്കാന്‍ തുടങ്ങിയാല്‍ ഉപയോക്താക്കള്‍ ഈ സേവനത്തില്‍ നിന്ന് പിന്‍വാങ്ങുമെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ സര്‍വേ.

ഭീമമായ ചെലവ്

2026 സാമ്പത്തിക വര്‍ഷം 314 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് 2026 സാമ്പത്തിക വര്‍ഷം നടന്നത്. മാര്‍ച്ചില്‍ മാത്രം 2,200 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്. ഇത്ര ഭീമമായ സാമ്പത്തിക ക്രയവിക്രയം നടത്തുന്നതിന് ഒരുക്കേണ്ട അടിസ്ഥാന സൗകര്യ സംവിധാനങ്ങള്‍ക്ക് വലിയ തോതിലുളള സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാകുന്നുവെന്നാണ് പേയ്‌മെന്റ് ആപ്പുകളുടെയും ബാങ്കുകളുടെയും നിലപാട്. എന്നാല്‍ ഇതിന് ഇടപാട് ഫീസ് ചുമത്തുന്നതിനോട് യോജിക്കുന്നില്ലെന്ന് വ്യക്തമാക്കുകയാണ് ഉപയോക്താക്കള്‍. എന്നാല്‍ പകരം എങ്ങനെയായിരിക്കണം ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ചെലവുകള്‍ കണ്ടെത്തണമെന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT