News & Views

റെയില്‍വേയുടെ വന്ദേഭാരത് സ്ലീപ്പര്‍ 'കണക്കുകൂട്ടല്‍' പിഴച്ചു; ഈ വര്‍ഷം പ്രതീക്ഷ വേണ്ട?

കരാര്‍ അനുസരിച്ച് ആറു വര്‍ഷത്തിനുള്ളില്‍ 80 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ കൈമാറാനാണ് വ്യവസ്ഥയുള്ളത്

Dhanam News Desk

ഇന്ത്യന്‍ റെയില്‍വേയുടെ മുഖംമാറ്റുന്നതില്‍ വന്ദേഭാരത് ട്രെയിനുകളുടെ വരവ് വലിയ പങ്കുവഹിച്ചിരുന്നു. കൂടുതല്‍ വേഗത്തിലും സുഖകരമായ രീതിയിലും യാത്ര പൂര്‍ത്തിയാക്കാമെന്നതാണ് വന്ദേഭാരത് ട്രെയിനുകളുടെ പ്രത്യേകത. വന്ദേഭാരതിനെ പുതിയ തലത്തിലേക്ക് മാറ്റുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ റെയില്‍വേ ഈ വര്‍ഷം പുറത്തിറക്കാന്‍ പദ്ധതിയിട്ടിരുന്നു.

എന്നാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ ഈ സര്‍വീസിനായി കാത്തിരിക്കുന്നവരെ സംബന്ധിച്ച് നിരാശ പകരുന്നതാണ്. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ട്രാക്കിലിറങ്ങാന്‍ 9 മാസമെങ്കിലും വൈകുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ജൂലൈയില്‍ ഉദ്ഘാടനം നടത്താനായിരുന്നു റെയില്‍വേയുടെ മുന്‍ തീരുമാനം. ഇപ്പോള്‍ വരുന്ന വിവരം അനുസരിച്ച് അടുത്ത വര്‍ഷം മാര്‍ച്ചോടെ മാത്രമേ വന്ദേഭാരത് സ്ലീപ്പര്‍ തയാറാകുകയുള്ളൂ.

കോച്ചുകള്‍ കൂടും

ടിറ്റാഗര്‍ റെയില്‍ സിസ്റ്റവും (TRS) ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെയും (BHEL) കണ്‍സോര്‍ഷ്യം ആണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ആദ്യത്തെ പ്രോട്ടോടൈപ്പ് വൈകുന്നതിന് കാരണങ്ങള്‍ പലതാണെന്ന് ബിസിനസ്‌ലൈന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

തുടക്കത്തില്‍ 16 കോച്ചുകളുള്ള ട്രെയിന്‍ 120 കോടി രൂപയ്ക്ക് നിര്‍മിക്കാനായിരുന്നു തീരുമാനം. റെയില്‍വേ പിന്നീട് 202-24 കോച്ചുകളുള്ള ട്രെയിനിലേക്ക് മാറാന്‍ തീരുമാനിച്ചു. ഇതോടെ ചെലവും ഉയര്‍ന്നു. ബജറ്റിന്റെ കാര്യത്തില്‍ തീരുമാനം വൈകുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

കരാര്‍ ഒപ്പിട്ട് 33 മാസത്തിനുള്ളില്‍ ആദ്യത്തെ പ്രോട്ടോടൈപ്പ് ട്രെയിന്‍ കൈമാറണമെന്നാണ് വ്യവസ്ഥ. ആദ്യത്തെ ട്രെയിന്‍ നല്കിയശേഷം 60 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ പ്രോട്ടോടൈപ്പ് ട്രെയിനും റെയില്‍വേയ്ക്ക് കൈമാറണം. 2023 ജൂണിലാണ് റെയില്‍വേയും കണ്‍സോഷ്യവും തമ്മില്‍ കരാറില്‍ ഒപ്പിട്ടത്.

കരാര്‍ അനുസരിച്ച് ആറു വര്‍ഷത്തിനുള്ളില്‍ 80 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ കൈമാറാനാണ് വ്യവസ്ഥയുള്ളത്. ആദ്യത്തെ വര്‍ഷം 8 ട്രെയിനുകളും രണ്ടാംവര്‍ഷം 12 എണ്ണവും പിന്നീടുള്ള വര്‍ഷങ്ങളില്‍ 20 ട്രെയിനുകള്‍ വീതവും നല്‍കണമെന്നാണ് വ്യവസ്ഥ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT