image credit : facebook  
News & Views

വന്ദേഭാരത് പാര്‍സല്‍ ട്രെയിനുകള്‍ വരുന്നു! മൊബൈല്‍ ഫോണ്‍ മുതല്‍ റോസാപ്പൂവ് വരെ ഇനി പറന്നെത്തും

അതിവേഗ പാര്‍സല്‍ സര്‍വീസ് ട്രെയിനുകള്‍ അവതരിപ്പിക്കാന്‍ റെയില്‍വേ

Dhanam News Desk

വന്ദേഭാരത് പാര്‍സല്‍ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. വലിപ്പം കുറഞ്ഞതും വിലപിടിച്ചതുമായ ഉത്പന്നങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിവേഗത്തിലെത്തിക്കുകയാണ് ലക്ഷ്യം. സാധാരണ ട്രെയിന്‍ സര്‍വീസ് പോലെയാകും വന്ദേഭാരത് പാര്‍സല്‍ സര്‍വീസിന്റെയും യാത്ര. മൊബൈല്‍ ഫോണ്‍, റോസാ പൂവ്, ഓര്‍ക്കിഡ് തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളാകും ഇതിലൂടെ കൈമാറ്റം ചെയ്യപ്പെടുക.

വിമാനത്തേക്കാള്‍ വേഗത്തിലെത്തുമോ?

ഇത്തരം ട്രെയിനുകളുടെ ഡിസൈന്‍ പൂര്‍ത്തിയായെന്നും അനുമതിക്ക് കാത്തിരിക്കുകയാണെന്നും ദ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വന്ദേഭാരത് പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന ട്രെയിനിന്റെ ഡിസൈന്‍ അതിവേഗ ചരക്ക് നീക്കത്തിന് ഉതകുന്ന രീതിയിലാകും. 12-14 മണിക്കൂര്‍ കൊണ്ട് ഓടിയെത്താന്‍ സാധിക്കുന്ന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചാകും സര്‍വീസ്. എയര്‍ കാര്‍ഗോക്ക് ബദലായി അതിവേഗത്തില്‍ പാര്‍സലുകള്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ ലോജിസ്റ്റിക്‌സ് രംഗത്ത് വമ്പന്‍ മാറ്റങ്ങള്‍ക്ക് കാരണമാകും. അത്യാധുനിക സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന വന്ദേഭാരത് സര്‍വീസുകള്‍ കൃത്യ സമയത്ത് സാധനങ്ങള്‍ എത്തിക്കാന്‍ സഹായിക്കും. കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളോടെയാകും ട്രെയിന്‍ നിര്‍മിക്കുന്നത്.

രാജ്യത്ത് 136 വന്ദേഭാരത് സര്‍വീസുകള്‍

വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് രാജ്യത്ത് 136 വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. പുതിയ വന്ദേഭാരത് മെട്രോ ട്രെയിനുകളുടെ നിര്‍മാണം നടക്കുകയാണ്. മെമു മാതൃകയില്‍ ചെറുയാത്രകള്‍ക്കാകും ഇവ ഉപയോഗിക്കുന്നത്. ഇതിന് പുറമെ ദീര്‍ഘദൂര യാത്രകള്‍ക്കായി പ്രീമിയം ശ്രേണിയിലുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളും വൈകാതെയെത്തും. 10 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെയും 50 റേക്കുകളുടെയും നിര്‍മാണം പുരോഗമിക്കുകയാണ്. 200 ട്രെയിന്‍ റേക്കുകള്‍ നിര്‍മിക്കാനുള്ള കരാര്‍ നല്‍കിയിട്ടുണ്ടെന്നും റെയില്‍വേ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് അടുത്തിടെ പാർലമെന്റില്‍ പറഞ്ഞിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT