Image:@https://twitter.com/vandebharatexp / Representative Image 
News & Views

സാധാരണക്കാര്‍ക്ക് 'വന്ദേ സാധാരണ്‍' വരുന്നു; എറണാകുളത്തും സ്‌റ്റോപ്പ്

65 കോടി രൂപയുടെ പദ്ധതി. ഏതാനും കോച്ചുകളില്‍ റിസര്‍വേഷന്‍ ഉണ്ടായിരിക്കും.

Dhanam News Desk

വന്ദേഭാരത് ട്രെയ്‌നുകളെ എപ്പോഴും ആശ്രയിക്കുക എന്നത് സാധാരണക്കാര്‍ക്ക് 'എടുത്താല്‍ പൊങ്ങാത്ത'സാമ്പത്തിക ബാധ്യതയാണ്. എന്നാല്‍ വേഗതയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന വന്ദേഭാരത്,അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഏത് യാത്രക്കാര്‍ക്കും പ്രയോജനപ്രദമാണ്. വന്ദേഭാരത് ട്രെയ്ന്‍ ടിക്കറ്റ് 'താങ്ങില്ല' പൊതുജനാഭിപ്രായം മാനിച്ച് വന്ദേ ഭാരതിന് പിന്നാലെ നിരക്കു കുറഞ്ഞ വന്ദേ സാധാരണ്‍ ട്രെയിനുകള്‍ അവതരിപ്പിച്ച് റെയില്‍വേ.

ഏറ്റവും തിരക്കേറിയ സെക്ടറുകളിലാണ് വന്ദേ സാധാരണ്‍ ട്രെയ്‌നുകള്‍ സര്‍വീസ് നടത്തുക. ഇതിനായി തിരഞ്ഞെടുത്ത 9 റൂട്ടുകളില്‍ എറണാകുളവും ഇടംപിടിച്ചിട്ടുണ്ട്. നോണ്‍ എസി ട്രെയ്ന്‍ ആണ് വന്ദേ സാധാരണ്‍ എങ്കിലും ഏതാനും കോച്ചുകളില്‍ റിസര്‍വേഷന്‍ ഉണ്ടായിരിക്കും.

24 കോച്ചുകളായിരിക്കും വന്ദേ സാധാരണ്‍ ട്രെയ്‌നില്‍ ഉണ്ടാകുക. കൂടുതല്‍ വേഗം കൈവരിക്കാനായി പുഷ് പുള്‍ രീതിയില്‍ മുന്നിലും പിന്നിലും എന്‍ജിന്‍ ഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിസിടിവി ക്യാമറ, ബയോ വാക്വം ശുചിമുറികള്‍ എന്നിവയുണ്ടായേക്കും. ഓട്ടോമാറ്റിക് വാതിലുകളുള്ള ആദ്യ നോണ്‍ എ.സി ട്രെയ്‌നാകും വന്ദേ സാധാരണ്‍.

65 കോടിയുടെ പദ്ധതി

65 കോടി രൂപയാണു വന്ദേ സാധാരണ്‍ ട്രെയ്‌നിന്റെ നിര്‍മാണച്ചെലവ്. ചെന്നൈയിലാണ് ട്രെയ്‌നുകള്‍ നിര്‍മിക്കുന്നതെന്നാണ് വിവരം. ഒക്ടോബറില്‍ ആദ്യ ട്രെയ്ന്‍ പുറത്തിറങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്. ആഴ്ചയില്‍ ഒന്നു വീതമുള്ള എറണാകുളം-ഗുവാഹത്തി റൂട്ട് സര്‍വീസായിട്ടാകും ട്രെയ്ന്‍ സേവനമാരംഭിക്കുക.

സാധാരണക്കാര്‍ക്കായി

വന്ദേ ഭാരത് ദീര്‍ഘദൂര ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം കുറച്ചതോടെ സെക്കന്‍ഡ് ക്ലാസ് യാത്രക്കാര്‍ അനധികൃതമായി എ.സി കോച്ചുകളില്‍ പ്രവേശിക്കുന്നെന്ന പരാതിയും വ്യാപകമായിരുന്നു. ഇത്തരം ആക്ഷേപങ്ങള്‍ കൂടി കണക്കിലെടുത്താണ് റെയില്‍വേ സാധാരണക്കാര്‍ക്കായി പ്രത്യേക ട്രെയിന്‍ പുറത്തിറക്കുന്നത്.

നിലവില്‍ രാജ്യത്ത് വന്ദേ ഭാരത് ഓടുന്ന റൂട്ടുകളില്‍ ഏറ്റവും മികച്ച പ്രകടനമാണ് കേരളത്തിലെ തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്‌സ്പ്രസിന്റേത്. അത്തരത്തില്‍ വന്ദേ സാധാരണ്‍ സര്‍വീസിനും മികച്ച പ്രതികരണമാണ് റെയ്ല്‍വേ പ്രതീക്ഷിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT