News & Views

പുതുവര്‍ഷം, പുതിയ സാധ്യതകളുടെ വര്‍ഷം: പ്രായമായവര്‍ക്ക് അസിസ്റ്റഡ് ലിവിംഗ് അപ്പാര്‍ട്‌മെന്റുകളുമായി വര്‍മ ഹോംസ്

വര്‍മ്മ ഹോംസ് വിഭാവനം ചെയ്യുന്ന നൂതന പദ്ധതികളെ കുറിച്ച് മാനേജിംഗ് ഡയറക്റ്റര്‍ കെ. അനില്‍ വര്‍മ്മ വിശദീകരിക്കുന്നു

Dhanam News Desk

'മാറുന്ന സാഹചര്യങ്ങളെ നേരിടാന്‍ സ്വയം സജ്ജരാകുക, ഒപ്പമുള്ള ടീമിനെയും അതിന് പ്രാപ്തരാക്കുക.' പുതിയൊരു വര്‍ഷത്തിലേക്ക് ചുവടുവെയ്ക്കുമ്പോള്‍ വര്‍മ്മ ഹോംസിന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും ഇതിന് അനുസൃതമായിട്ടാകണം എന്ന കാഴ്ചപ്പാടോടെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്.റിയല്‍ എസ്റ്റേറ്റ് മേഖല വലിയ വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലഘട്ടമാണിതെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. സ്ഥലലഭ്യത മുതല്‍ നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം, മികവുറ്റ ജീവനക്കാരുടെയും തൊഴിലാളികളുടെയും അഭാവം, കൃത്യസമയത്ത് സര്‍ക്കാര്‍ അനുമതികള്‍ നേടിയെടുക്കല്‍ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച് മാത്രമേ മുന്നോട്ട് പോകാനാവൂ. അതിന് പുറമേയാണ് വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന.

ഇവിടെയാണ് മാറുന്ന സാഹചര്യങ്ങളെ നേരിടാന്‍ നാം തയാറാകണമെന്ന് പറഞ്ഞതിന്റെ പ്രസക്തി. മക്കള്‍ വിദേശത്തേക്ക് കുടിയേറുന്നതു മൂലം കേരളത്തില്‍ തനിച്ചായി പോകുന്ന പ്രായമായ മാതാപിതാക്കളുടെ എണ്ണം കൂടി വരികയാണ്. ഇതൊരു വലിയ സാധ്യതയാണെന്ന് തിരിച്ചറിഞ്ഞാണ് വര്‍മ്മ ഹോംസ് അസിസ്റ്റഡ് ലിവിംഗ് എന്ന പുതിയൊരു ആശയത്തിന് തുടക്കം കുറിക്കുന്നത്.

വര്‍മ്മ വെല്‍ഏജ് എന്ന കമ്പനിയുടെ കീഴില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളിലായി ബൃഹത് പാര്‍പ്പിട പദ്ധതികള്‍ക്കാണ് വര്‍മ്മ ഹോംസ് തുടക്കമിടുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് അനുയോജ്യമായ എല്ലാവിധ സൗകര്യങ്ങളുമുള്ള ഈ അപ്പാര്‍ട്ട്മെന്റുകളില്‍ 24 മണിക്കൂറും സുസജ്ജമായ സേവന വിഭാഗം, ഡോക്ടര്‍ കെയര്‍, ആംബുലന്‍സ് സൗകര്യം എന്നിവയെല്ലാംഉണ്ടാകും. സ്വന്തമായി വാങ്ങുന്ന ഈ വീടുകളില്‍ മാതാപിതാക്കള്‍ സുരക്ഷിതമായും സന്തോഷത്തോടെയും കഴിയുന്നുവെന്ന് മക്കള്‍ക്കും സമാധാനിക്കാം. ഈ പദ്ധതിക്ക് 2025 ഏപ്രിലില്‍ തുടക്കമാകും.

സ്‌കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം

റിയല്‍ എസ്റ്റേറ്റ് രംഗത്തെ തൊഴില്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞ് അതിനുതക്ക പരിശീലനം നേടി മുന്നോട്ട് വരുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന കുറവും ഈ മേഖല നേരിടുന്ന മറ്റൊരു പ്രശ്‌നമാണ്. വിദഗ്ധരായ എന്‍ജിനീയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും കുറവ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ പുതിയൊരു സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിന് തുടക്കം കുറിക്കുന്നത്. വര്‍മ്മ ഹോംസിന്റെ ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ട്രസ്റ്റായ വര്‍മ്മ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ ഒരു പ്രമുഖ എന്‍ജിനീയറിംഗ് കോളെജുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കും.

സിവില്‍ എന്‍ജിനീയറിംഗില്‍ ഐടിഐ ഡിപ്ലോമ കഴിഞ്ഞ സമര്‍ത്ഥരായ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവതീയുവാക്കള്‍ക്കാണ് ഈ പദ്ധതിയില്‍ ചേരാനവസരം. ആറ് മാസം നീളുന്ന ഈ സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍ ഒരു ബില്‍ഡിംഗ് പ്രോജക്ടിനായി സ്ഥലം നിശ്ചയിച്ച ശേഷം നിര്‍മാണം ആരംഭിക്കുന്നത് മുതല്‍ പണി പൂര്‍ത്തിയാക്കി കൈമാറുന്നത് വരെ വിവിധ ഘട്ടങ്ങളിലുള്ള എല്ലാ പ്രവൃത്തികളും ഉദ്യോഗാര്‍ത്ഥിക്ക് നേരിട്ട് അനുഭവിച്ചറിയാനാവും.

കേരളത്തിലുടനീളം നിലവില്‍ വര്‍മ്മ ഹോംസിന്റെ 15 പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുന്നത് കൊണ്ടാണിത് സാധ്യമാകുന്നത്. ശനിയാഴ്ച ദിവസങ്ങളിലാകും പരിശീലനം. ക്ലാസ് റൂമുകളില്‍ പഠിച്ചതിനപ്പുറം ഓണ്‍ സൈറ്റ് എക്‌സ്പീരിയന്‍സ് എന്ന ലക്ഷ്യത്തോടെയുള്ള ഈ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഞങ്ങളുടെ സ്ഥാപനത്തിലോ, മറ്റുള്ള സ്ഥാപനങ്ങളിലോ വേഗത്തില്‍ ജോലി നേടാനാകും. തികച്ചും സൗജന്യമായി നടപ്പാക്കുന്ന ഈ പദ്ധതിയുടെ ആദ്യ ബാച്ചിന് 2025 ജനുവരിയില്‍ തുടക്കമാകും. വ്യത്യസ്തമായി ചിന്തിക്കുക, വ്യക്തമായി പ്ലാന്‍ ചെയ്യുക, കൃത്യതയോടെ നടപ്പാക്കുക, നല്ലൊരു ടീമിന്റെ പിന്തുണയുണ്ടെങ്കില്‍ നിങ്ങള്‍ക്കത് നേടിയെടുക്കാനാവും.

(ധനം മാഗസിന്‍ ജനുവരി 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT