News & Views

പെപ്‌സിക്കൊപ്പം ബിയറും വില്ക്കും, മദ്യ ബിസിനസില്‍ കൈവയ്ക്കാന്‍ വരുണ്‍ ബിവറേജസ്; ഓഹരിവിലയില്‍ വന്‍കുതിപ്പ്

ആദ്യഘട്ടത്തില്‍ കമ്പനിയുടെ ആഫ്രിക്കന്‍ സബ്‌സിഡിയറികള്‍ വഴി ബിയര്‍ വില്പന നടത്താനാണ് കമ്പനിയുടെ പദ്ധതി

Dhanam News Desk

ആഗോള ശീതളപാനീയ ബ്രാന്‍ഡായ പെപ്‌സിയുടെ ഏറ്റവും വലിയ വിതരണക്കാരായ വരുണ്‍ ബീവറേജസ് മദ്യബിസിനസിലും കൈവയ്ക്കുന്നു. വിപണി വൈവിധ്യത്തിന്റെ ഭാഗമായുള്ള പദ്ധതികള്‍ക്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരവും നല്കിയിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ കമ്പനിയുടെ ആഫ്രിക്കന്‍ സബ്‌സിഡിയറികള്‍ വഴി ബിയര്‍ വില്പന നടത്താനാണ് കമ്പനിയുടെ പദ്ധതി. ഇതുപ്രകാരം ഡെന്‍മാര്‍ക്ക് ആസ്ഥാനമായ കാള്‍സ്ബര്‍ഗ് ബ്രീവറിസുമായി (Carlsberg Brewerise) വരുണ്‍ ബീവറേജസ് കരാറിലെത്തി. പ്രശസ്തമായ കാള്‍സ്ബര്‍ഗ് ബിയര്‍ ബ്രാന്‍ഡിന്റെ ഉത്പാദകരാണ് കാള്‍സ്ബര്‍ഗ് ബ്രീവറി. ആഫ്രിക്കയിലെ തിരഞ്ഞെടുത്ത മാര്‍ക്കറ്റുകളില്‍ കാള്‍സ്ബര്‍ഗ് ബിയറുകള്‍ ഇനി വരുണ്‍ ബീവറേജസ് വിതരണം ചെയ്യും.

ശീതളപാനീയ വിപണിയില്‍ കടുത്ത മത്സരം ഉടലെടുത്തതാണ് ട്രാക്ക് മാറ്റി പിടിക്കാന്‍ വരുണ്‍ ബീവറേജസിനെ പ്രേരിപ്പിക്കുന്നത്. റിലയന്‍സ് റീട്ടെയ്‌ലിന്റെ കാമ്പ കോള (Campa Cola) ഇന്ത്യന്‍ വിപണിയില്‍ വലിയ തോതില്‍ സ്വാധീനം വര്‍ധിപ്പിക്കുന്നുണ്ട്. പെപ്‌സി, കൊക്കക്കോള അടക്കമുള്ള കമ്പനികള്‍ക്ക് കനത്ത മത്സരമാണ് കാമ്പ കോളയില്‍ നിന്ന് നേരിടേണ്ടി വരുന്നത്.

രണ്ടാംപാദത്തില്‍ നേട്ടം

കനത്ത മഴ അടക്കമുള്ള പ്രതിസന്ധികള്‍ മുന്നിലുണ്ടായിട്ടും സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാംപാദത്തില്‍ വരുണ്‍ ബീവറേജസിന്റെ വരുമാനവും ലാഭവും വര്‍ധിച്ചു. മുന്‍ വര്‍ഷം സമാനപാദത്തെ അപേക്ഷിച്ച് ലാഭത്തില്‍ 18.5 ശതമാനം വര്‍ധന രേഖപ്പെടുത്തി. ലാഭം മുന്‍വര്‍ഷത്തെ 628.8 കോടി രൂപയില്‍ നിന്ന് 745.1 കോടി രൂപയായും ഉയര്‍ന്നു.

രണ്ടാംപാദത്തിലെ വരുമാനം കേവലം രണ്ട് ശതമാനം ഉയര്‍ന്ന് 4,896.6 ശതമാനമായി വര്‍ധിച്ചു. മുന്‍വര്‍ഷം സമാനപാദത്തിലിത് 4,804.6 കോടി രൂപയായിരുന്നു. രാജ്യത്ത് മണ്‍സൂണ്‍ സീസണ്‍ ആയിരുന്നിട്ടു പോലും വരുമാനത്തിലും ലാഭത്തിലും നേട്ടം കൊയ്യാന്‍ കമ്പനിക്ക് സാധിച്ചത് ആത്മവിശ്വാസം പകരും.

ഓഹരിവിലയില്‍ കുതിപ്പ്

ആഫ്രിക്കയില്‍ ബിയര്‍ വില്പന ആരംഭിക്കാനുള്ള നീക്കവും രണ്ടാംപാദത്തില്‍ ഭേദപ്പെട്ട ലാഭം പ്രഖ്യാപിച്ചതും വരുണ്‍ ബീവറേജസ് ഓഹരികളെ ഇന്ന് ഉച്ചവരെ 10 ശതമാനത്തിനടുത്ത് ഉയര്‍ത്തി. രാവിലെ 456 രൂപയില്‍ വ്യാപാരം തുടങ്ങിയ ഓഹരികള്‍ ഒരുഘട്ടത്തില്‍ 498 രൂപ വരെ എത്തി. 1990ല്‍ പെപ്‌സിയുടെ ഇന്ത്യയിലെയും മറ്റ് ചില രാജ്യങ്ങളിലെയും ഫ്രാഞ്ചൈസി ഏറ്റെടുത്ത കമ്പനിയുടെ വിപണിമൂല്യം 1.5 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്.

Varun Beverages enters beer business via Carlsberg deal in Africa, sparking stock surge

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT