വത്തിക്കാന്‍ Courtesy: Canva
News & Views

ഇറ്റലിയില്‍ മാത്രം 4,234 റിയല്‍ എസ്റ്റേറ്റ് വസ്തുവകകള്‍, ലണ്ടനില്‍ 1,200ന് മുകളില്‍, 70 ശതമാനത്തില്‍ നിന്നും വരുമാനമില്ല; വത്തിക്കാന്റെ സാമ്പത്തികാവസ്ഥ ഇങ്ങനെ

70 ശതമാനം ആസ്തികളിലൂടെയും കാര്യമായ വരുമാനം ലഭിക്കുന്നില്ല. വത്തിക്കാന്റെയോ പള്ളികളുടെയോ സന്നദ്ധ ഓഫീസുകളായോ ആണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ നിന്ന് വാടക ഈടാക്കാറില്ല

Dhanam News Desk

ആഗോള കത്തോലിക്കസഭയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന വത്തിക്കാന് 2024ല്‍ 62 മില്യണ്‍ യൂറോയുടെ ലാഭം നേടാന്‍ സാധിച്ചതായി റിപ്പോര്‍ട്ട്. വത്തിക്കാന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ദ പാട്രിമണി ഓഫ് ദ അപ്പോസ്‌റ്റോലിക് (APSA) വ്യക്തമാക്കിയതായി അസോസിയേറ്റഡ് പ്രസ് (AP) റിപ്പോര്‍ട്ട് ചെയ്തു.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വത്തിക്കാനും ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്കും ആശ്വാസം പകരുന്നതാണ് പുതിയ കണക്കുകള്‍. 2023നെ അപേക്ഷിച്ച് ലാഭത്തില്‍ 16 മില്യണ്‍ യൂറോയുടെ വര്‍ധനയുണ്ട്.

1967ല്‍ സ്ഥാപിതമായ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ദ പാട്രിമണി ഓഫ് ദ അപ്പോസ്‌റ്റോലിക് 2021 മുതല്‍ വാര്‍ഷിക വരുമാന ചെലവ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യത കൊണ്ടുവരുന്നതിനായി ഫ്രാന്‍സീസ് മാര്‍പാപ്പയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നത്.

വര്‍ഷങ്ങളായി വത്തിക്കാന്‍ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതായി അടുത്തിടെ മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ആസ്തികളേറെ, വരുമാനം കുറവ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വത്തിക്കാന് ആസ്തികളുണ്ട്. ഇറ്റലിയില്‍ 4,234 റിയല്‍ എസ്‌റ്റേറ്റ് പ്രോാപ്പര്‍ട്ടികള്‍ വത്തിക്കാനുണ്ട്. ലണ്ടനില്‍ 1,200 എണ്ണം വരും. ലണ്ടന്‍, പാരീസ്, ജെനീവ, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങി ഒട്ടുമിക്ക വന്‍കിട നഗരങ്ങളിലും ആസ്തിയുണ്ട്. എന്നാല്‍ ഇത്തരം ആസ്തികളില്‍ വെറും രണ്ട് ശതമാനം മാത്രമാണ് വാടകയ്ക്ക് നല്കിയതിലൂടെ ഭേദപ്പെട്ട വരുമാനം നേടുന്നത്.

70 ശതമാനം ആസ്തികളിലൂടെയും കാര്യമായ വരുമാനം ലഭിക്കുന്നില്ല. വത്തിക്കാന്റെയോ പള്ളികളുടെയോ സന്നദ്ധ ഓഫീസുകളായോ ആണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ നിന്ന് വാടക ഈടാക്കാറില്ല. 11 ശതമാനം കെട്ടിടങ്ങള്‍ വത്തിക്കാന്‍ ജീവനക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ താമസിക്കാന്‍ നല്കിയിരിക്കുന്നതാണ്.

വത്തിക്കാന്റെ വരുമാന മാര്‍ഗം

സംഭാവനകള്‍, നിക്ഷേപങ്ങള്‍, ടൂറിസം തുടങ്ങി വിവിധ മാര്‍ഗങ്ങളിലൂടെ വത്തിക്കാന്‍ വരുമാനം നേടുന്നുണ്ട്. വ്യക്തികളില്‍ നിന്നും മറ്റു രൂപതകളില്‍ നിന്നും മറ്റ് കത്തോലിക്കാ സംഘടനകളില്‍ നിന്നുമൊക്കെ വത്തിക്കാന്‍ സംഭാവനകള്‍ സ്വീകരിക്കുന്നുണ്ട്.

വത്തിക്കാനിലെ ടൂറിസത്തില്‍ നിന്ന് ലഭിക്കുന്നതും മ്യൂസിയം ടിക്കറ്റില്‍ നിന്ന് ലഭിക്കുന്നതും ഒരു വരുമാനമാണ്. വത്തിക്കാന്റെ ഏറ്റവും അറിയപ്പെടുന്ന ധനസഹായ സ്രോതസുകളില്‍ ഒന്ന് പീറ്റേഴ്‌സ് പെന്‍സ് ആണ്. ലോകമെമ്പാടുമുള്ള കത്തോലിക്കരില്‍ നിന്ന് വാര്‍ഷികമായി ശേഖരിക്കുന്ന ഒരു വഴിപാടാണിത്. ഇത് ഓരോ വര്‍ഷവും ഏകദേശം 20 ദശലക്ഷം പൗണ്ട് വരെ ഉണ്ടാകും. യുഎസ്, ജര്‍മ്മനി, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ ധനസഹായം എത്തുന്നത്.

സ്റ്റോക്കുകള്‍, ബോണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയിലും വത്തിക്കാന് നിക്ഷേപമുണ്ട്. പ്രധാനമായും യൂറോപ്പിലും വടക്കേ അമേരിക്കയിലുമാണ് ഈ നിക്ഷേപങ്ങള്‍. മ്യൂസിയങ്ങള്‍, ടൂറുകള്‍, സുവനീറുകളുടെ വില്‍പ്പന എന്നിവയില്‍ നിന്ന് വരുമാനം ലഭിക്കുന്നുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്ത് കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു വത്തിക്കാന്‍.

Vatican reports €62 million profit in 2024 despite low income from vast global real estate assets

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT