News & Views

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി, സില്‍വര്‍ലൈന്‍ പദ്ധതിക്ക് റെഡ് സിഗ്നല്‍; നിര്‍ണായക തീരുമാനങ്ങളുമായി മന്ത്രിസഭ യോഗം

2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടിനല്കിയത്.

Dhanam News Desk

പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്വപ്‌നമായിരുന്ന സില്‍വര്‍ലൈന്‍ പദ്ധതി റദ്ദാക്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ വ്യക്തമാക്കി. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കാനും നിര്‍ദ്ദേശം നല്കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി.

നിര്‍ദ്ദിഷ്ട പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യാന്‍ റവന്യു വകുപ്പിന് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. സില്‍വര്‍ലൈന്‍ വിരുദ്ധ സമരക്കാര്‍ക്കെതിരേ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ കോടതിക്ക് ശിപാര്‍ശ നല്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

റാങ്ക് ലിസ്റ്റുകള്‍ നീട്ടി

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്കാണ് നീട്ടിയത്. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടിനല്കിയത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സന്തോഷം പകരുന്നതാണ് പ്രഖ്യാപനം. യുഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കി. ജൂണ്‍ ഒന്നുമുതല്‍ 100 ദിന കര്‍മപരിപാടി ആവിഷ്‌കരിക്കുമെന്നും വി.ഡി സതീശന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സൗജന്യയാത്ര

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്രയില്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കിലും ജൂണ്‍ 15 മുതല്‍ സൗജന്യയാത്ര ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്കി. സൗജന്യയാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രമാകും ലഭ്യമാകുമെന്നും വരുമാനപരിധിയില്ലാതെ എല്ലാ സ്ത്രീകള്‍ക്കും സൗജന്യയാത്ര അനുവദിക്കുമെന്നുമാണ് സൂചന. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഇന്നത്തെ ഉന്നതതല യോഗത്തിന് ശേഷം പ്രഖ്യാപിച്ചേക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT