നീണ്ട പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം കേരളത്തില്‍ യുഡിഎഫിന്റെ നേതൃത്വത്തിലൊരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരിക്കുകയാണ്. ആഗോളതലത്തില്‍ യുദ്ധത്തിന്റെയും സാമ്പത്തിക പ്രശ്‌നങ്ങളുടെയും അലയൊലികള്‍ കേരളത്തെയും പ്രത്യക്ഷമായി ബാധിച്ചു തുടങ്ങുന്ന സമയത്താണ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. പുതിയ സര്‍ക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളികള്‍ നോക്കാം.
കേരളത്തിന്റെ കടബാധ്യതയും വരുമാന ക്ഷാമവും ഇപ്പോഴും വലിയ തലവേദനയാണ്. ക്ഷേമപെന്‍ഷന്‍, ശമ്പളം, വികസനപദ്ധതികള്‍ എന്നിവയ്ക്കായി പണം കണ്ടെത്തുകയെന്നത് ശ്രമകരമാണ്. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, യുവജനങ്ങള്‍ക്ക് ബിസിനസ് തുടങ്ങാന്‍ പലിശരഹിത ധനസഹായം എന്നീ വാഗ്ദാനങ്ങള്‍ക്കും പണം കണ്ടെത്തേണ്ട്.
മിഡില്‍ ഈസ്റ്റ് സംഘര്‍ഷവും ഗള്‍ഫ് മേഖലയിലെ അനിശ്ചിതത്വവും കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ നേരിട്ട് ബാധിച്ച് തുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തിക രംഗത്ത് ഗള്‍ഫ് പണത്തിന്റെ പ്രസക്തി വളരെ വലുതാണ്. യുദ്ധം വീണ്ടും ശക്തിപ്പെട്ടാല്‍ പ്രവാസികളുടെ തിരിച്ചുവരവ് കൂടുതല്‍ ശക്തമാകും. ഇത് കേരളത്തിന്റെ സാമൂഹിക സാമ്പത്തികരംഗത്ത് വലിയ പ്രതിസന്ധിക്ക് വഴിയൊരുക്കും. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് തൊഴിലും നിക്ഷേപ സൗഹൃദ സംവിധാനങ്ങളും ഒരുക്കേണ്ടി വരും.
ഇന്ധനവില, പച്ചക്കറി വില, നിര്‍മാണച്ചെലവ്, ഗതാഗതച്ചെലവ് എന്നിവ ഉയര്‍ന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കാനുള്ള ഇടപെടലുകള്‍ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കപ്പെടും. പൊതുവിപണിയില്‍ കാര്യക്ഷമമായ ഇടപെടലിലൂടെ വില പിടിച്ചുനിര്‍ത്തുകയെന്നത് വെല്ലുവിളിയാണ്.
കേരളത്തിന്റെ അഭിമാന പദ്ധതികളിലൊന്നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. വലിയ കുതിപ്പിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയോടെ എത്തിയ പദ്ധതിയുടെ അനുബന്ധ വ്യവസായങ്ങള്‍ക്ക് കാര്യമായ വേഗം കൈവന്നിട്ടില്ല. തന്ത്രപ്രധാനമായ തുറമുഖ വകുപ്പ് മുഖ്യമന്ത്രി വി.ഡി സതീശന്റെ കൈവശമാണ്.
അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങാന്‍ ഭൂമി ആവശ്യമാണ്. എന്നാല്‍ നിക്ഷേപം വാഗ്ദാനം ചെയ്ത കമ്പനികള്‍ക്ക് പോലും ഭൂമി കൈമാറാന്‍ സാധിച്ചിട്ടില്ല. 5,000 കോടി നിക്ഷേപം വാഗ്ദാനം ചെയ്ത യുഎഇ ഗ്രൂപ്പ് കേരളം വിടുമെന്ന് പ്രഖ്യാപിച്ചത് അടുത്തിടെയാണ്. വലിയ തൊഴിലവസരങ്ങളും കയറ്റുമതി സാധ്യതകളും തുറന്നു നല്കുന്ന പദ്ധതിയില്‍ സക്രിയ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine