വീഗാര്‍ഡ് ഗ്രൂപ്പിന്റെ ഭാഗമായ വീഗാലാന്‍ഡ് ഡവലപ്പേഴ്‌സ് ഓഹരി വിപണിയിലേക്ക്. ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ (IPO) 250 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഐപിഒ ലക്ഷ്യമിട്ട് സെബിക്ക് അപേക്ഷ നല്കിയതായി വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
സമീപകാലത്ത് നടന്ന ഐപിഒകളിലെ പതിവ് ഓഫര്‍ ഫോര്‍ സെയില്‍ ഇല്ലാതെ പൂര്‍ണമായും പുതിയ ഓഹരികളാകും ഐപിഒയില്‍ ഉണ്ടാകുക. നിലവിലുള്ള പ്രമോട്ടര്‍മാരുടെ ഓഹരികള്‍ വില്പനയ്ക്ക് വയ്ക്കുന്നതാണ് ഓഫര്‍ ഫോര്‍ സെയില്‍.
ഇത്തരത്തില്‍ സമാഹരിക്കുന്ന തുക (ഓഫര്‍ ഫോര്‍ സെയില്‍) കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി പോകില്ല. എന്നാല്‍, പുതിയ ഓഹരികളുടെ വില്പനയിലൂടെ ലഭിക്കുന്ന തുക മുഴുവന്‍ വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.
ഓഹരി വില്പനയിലൂടെ സമാഹരിക്കുന്ന തുക കമ്പനിയുടെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ പ്രോജക്ടുകള്‍ക്കായി മുടക്കുമെന്നാണ് സെബിക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. 111.60 കോടി രൂപ വരെ ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കും.
ബാക്കി വരുന്ന തുക കോര്‍പറേറ്റ് ചെലവുകള്‍ക്കായും ഭാവിയിലെ റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ക്കായും നീക്കിവയ്ക്കും.
റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കായി കണ്ടുവച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിന് ഏകദേശം 18.49 കോടി രൂപയും ചെലവഴിക്കും. ബാക്കി വരുന്ന തുക കോര്‍പറേറ്റ് ചെലവുകള്‍ക്കായും ഭാവിയിലെ റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ക്കായും നീക്കിവയ്ക്കും.
2025 ഒക്ടോബര്‍ 31 വരെ വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സ് 10 റെസിഡന്‍ഷ്യല്‍ പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 11.05 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണം വരുമിത്. കൂടാതെ 12.67 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണം വരുന്ന പ്രോജക്ടുകളുടെ നിര്‍മാണം നടക്കുകയാണ്.
ഭാവി റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കായി കമ്പനിയുടെ കൈവശം 7.20 ഏക്കര്‍ സ്ഥലം കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine