കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ വീഗാലാന്‍ഡ് ഡെവലപ്പേഴ്സ് ലിമിറ്റഡിന്റെ 2026 ജൂണ്‍ 30ന് അവസാനിച്ച പാദത്തിലെ പ്രവര്‍ത്തന വരുമാനം 79 ശതമാനം വര്‍ധിച്ച് 74.32 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 41.50 കോടി രൂപയായിരുന്നു വരുമാനം. കമ്പനി പുറത്തുവിട്ട സാമ്പത്തിക ഫലങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അറ്റാദായം 9.72 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ ഇത് 3.21 കോടി രൂപയായിരുന്നു. മൊത്തലാഭം 12.17 കോടി രൂപയില്‍നിന്ന് 20.99 കോടി രൂപയായി ഉയര്‍ന്നു.EBITDA 6.10 കോടി രൂപയില്‍നിന്ന് 14.31 കോടി രൂപയായി. EBITDA മാര്‍ജിന്‍ മുന്‍വര്‍ഷത്തെ 14.52 ശതമാനത്തില്‍നിന്ന് 18.93 ശതമാനമായി മെച്ചപ്പെട്ടു.
കൊച്ചിയില്‍ 'വീഗാലാന്‍ഡ് അമോറ' (Veegaland Amora) എന്ന പുതിയ റെസിഡന്‍ഷ്യല്‍ പദ്ധതി കമ്പനി ആരംഭിച്ചു. ഇതോടെ നിലവിലുള്ള പ്രോജക്ട് പോര്‍ട്ട്ഫോളിയോയിലേക്ക് 1.59 ലക്ഷം ചതുരശ്ര അടി കൂടി കൂട്ടിച്ചേര്‍ത്തതായി കമ്പനി അറിയിച്ചു. 2026 ജൂണ്‍ 30ന് അവസാനിച്ച പാദത്തിലെ ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലങ്ങള്‍ക്ക് കൊച്ചിയില്‍ ചേര്‍ന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി.
പ്രോജക്ടുകളുടെ മികച്ച നിര്‍വഹണമാണ് പാദത്തിലെ പ്രകടനത്തിന് സഹായിച്ചതെന്ന് വീഗാലാന്‍ഡ് ഡെവലപ്പേഴ്സ് എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയ്ക്കൊപ്പം ലാഭക്ഷമത മെച്ചപ്പെടുത്താനും കമ്പനിക്ക് സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മിഡില്‍ ഈസ്റ്റിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും വില്‍പനയിലെ പ്രകടനം നിലനിര്‍ത്താനായെന്നും കമ്പനി വ്യക്തമാക്കി.
കേരളത്തിലെ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ തുടര്‍ന്നും വളര്‍ച്ച പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു. സാന്നിധ്യം കൂടുതല്‍ വിപുലീകരിക്കാനുള്ള പദ്ധതികളുടെ ഭാഗമായി മൂന്ന് പുതിയ പ്രോജക്ടുകളും 6.5 ഏക്കര്‍ ഭൂമി ശേഖരവും പരിഗണനയിലുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലായി നിലവില്‍ 12 പ്രോജക്ടുകള്‍ നിര്‍മാണത്തിലുണ്ട്. മിഡ്-പ്രീമിയം, പ്രീമിയം, അള്‍ട്രാ-പ്രീമിയം, ലക്ഷ്വറി റെസിഡന്‍ഷ്യല്‍ വിഭാഗങ്ങളിലാണ് കമ്പനി പദ്ധതികള്‍ വികസിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലെ പ്രീ-സെയില്‍സില്‍ 40.12 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയതായും കമ്പനി അറിയിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine