aadhar-logo 
News & Views

പുതിയ ആധാര്‍ അപേക്ഷകളില്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധം; മാറ്റങ്ങള്‍ ഇങ്ങനെ

പ്രവാസികള്‍ വിദേശത്ത് പോകും മുമ്പ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം

Dhanam News Desk

18 വയസു കഴിഞ്ഞവര്‍ക്ക് പുതിയ ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള ചട്ടങ്ങളില്‍ മാറ്റം വരുന്നു. പുതിയ എൻറോൾമെന്റുകളിൽ  ഇനി ഫീല്‍ഡ് വെരിഫിക്കേഷന് ശേഷം മാത്രമേ ആധാര്‍ അനുവദിക്കു. ആധാര്‍ എൻറോൾമെൻറ്  സമയത്ത് നല്‍കിയ രേഖകളുടെ ആധികാരികത ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇത്. വില്ലേജ് ഓഫീസറോ, തദ്ദേശ സ്വയംഭരണ സെക്രട്ടറിയോ ആണ് വെരിഫിക്കേഷന്‍ നടത്തുക. ഫീല്‍ഡ് വെരിഫിക്കേഷന്‍ സൗജന്യമാണ്. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരും ബാക്കിയുള്ള ജില്ലകളില്‍ വില്ലേജ് ഓഫീസര്‍മാരുമാണ് സ്ഥിരീകരണം നടത്തുന്നത്. ആധാര്‍ വെബ്‌സൈറ്റില്‍ (https://myaadhaar.uidai.gov.in/CheckAadhaarStatus ) എൻറോൾമെൻറ് സ്റ്റാറ്റസ് പരിശോധിക്കുമ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ തല സ്ഥിരീകരണ നടപടിയിലാണ് എന്ന് കാണിക്കുന്നുവെങ്കില്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ചെന്ന് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. എൻറോൾമെൻറ് ചെയ്ത് 20 ദിവസത്തിന് ശേഷവും ഈ വെരിഫിക്കേഷന് ഹാജരാകാവുന്നതാണ്.

പ്രവാസികള്‍ ശ്രദ്ധിക്കേണ്ടത്

പ്രവാസി  മലയാളികള്‍ എൻറോൾമെൻറ് നടത്തിയ ശേഷം നാട്ടിൽ നിന്ന്  തിരിച്ച് പോവുന്നതിന് മുമ്പ് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ആവശ്യമായ രേഖകള്‍ ഹാജരാക്കി ആധികാരികത ഉറപ്പാക്കണം. ഫീല്‍ഡ് വെരിഫിക്കേഷന്‍ സമയമാകുമ്പോള്‍ അവര്‍ നാട്ടില്‍ ഇല്ലെങ്കില്‍ ആധാര്‍ ലഭിക്കുന്നതിന് തടസങ്ങള്‍ നേരിടാം. 18 വയസു കഴിഞ്ഞവരുടെ ആധാര്‍ എൻറോൾമെൻറ് ഭാരതീയ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി (UIDAI) ജില്ല, ബ്ലോക്ക് തല അക്ഷയ കേന്ദ്രങ്ങളില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളുടെ പട്ടിക അക്ഷയയുടെ വെബ്‌സൈറ്റില്‍ (https://akshaya.kerala.gov.in/services/1/aadhaar-enrollmetn) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആധാറുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും പരാതികള്‍ക്കും വിളിക്കേണ്ട സിറ്റിസണ്‍ കോള്‍ സെന്റര്‍ നമ്പര്‍: 180042511800 / 04712335523. കേരള സംസ്ഥാന ഐ.ടി മിഷന്‍ (ആധാര്‍ സെക്ഷന്‍): 04712525442 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ uidhelpdesk@kerala.gov.in എന്ന ഇ മെയില്‍ ഉപയോഗപ്പെടുത്തുകയോ ചെയ്യാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT