News & Views

ബോക്സ് ഓഫീസ് പിടിച്ചു കുലുക്കി 'വേട്ടയാന്‍', ₹ 200 കോടി പിന്നിട്ടു, കേരളത്തിലും രജനീകാന്ത് ചിത്രം റെക്കോഡുകള്‍ സൃഷ്ടിക്കുന്നു

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലായി ഒക്ടോബർ 10 നാണ് ചിത്രം റിലീസ് ചെയ്തത്

Dhanam News Desk

രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ വേട്ടയാൻ ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. ബോക്‌സ് ഓഫീസിൽ റിലീസ് ചെയ്ത് 4 ദിവസങ്ങൾക്കുള്ളിൽ ചിത്രം ഇന്ത്യയിൽ 100 ​​കോടി കടന്നു.

ആദ്യ ദിനം 31.7 കോടിയും, രണ്ടാം ദിവസം 24 കോടിയും, മൂന്നാം ദിവസം 26.75 കോടിയും, നാലാം ദിനത്തിൽ ഏകദേശം 22.25 കോടിയും ചിത്രം വാരിക്കൂട്ടി. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വിതരണക്കാർ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനായി അധിക സ്‌ക്രീനുകൾ ആവശ്യപ്പെടുന്നതായി നിർമ്മാണ കമ്പനി ലൈക്ക പ്രൊഡക്ഷൻസ് പറഞ്ഞു.

കളക്ഷന്‍ ഇങ്ങനെ

ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രം ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ, ആദ്യ 4 ദിവസങ്ങൾക്കുള്ളിൽ 200 കോടിയുടെ നാഴികക്കല്ല് പിന്നിട്ടു. ഇപ്പോൾ ചിത്രം 250 കോടി രൂപയിലേക്ക് മുന്നേറുകയാണ്.

വേട്ടയാൻ ആദ്യ ദിനം 77.90 കോടിയും, രണ്ടാം ദിവസം 45.26 കോടിയും, മൂന്നാം ദിവസം 47.87 കോടിയും, നാലാം ദിവസം 41.32 കോടിയും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടി. ഇതോടെ ലോകമെമ്പാടുമുള്ള മൊത്തം ബോക്‌സ് ഓഫീസ് കളക്ഷൻ 212.35 കോടി രൂപയിലെത്തി.

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലായി ഒക്ടോബർ 10 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തത്. കേരളത്തില്‍ നിന്ന് ചിത്രം നാല് ദിവസം കൊണ്ട് വാരിയത് 13.20 കോടി രൂപയാണ്. ഈ വര്‍ഷം കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമായും 'വേട്ടയൻ' മാറി.

ഉയർന്ന ഓപ്പണിംഗ്

ഈ വര്‍ഷം ഒരു തമിഴ് ചിത്രത്തിന് ഏറ്റവും ഉയർന്ന ഓപ്പണിംഗ് നേടുന്ന രണ്ടാമത്തെ ചിത്രമെന്ന ബഹുമതിയും വേട്ടയാന്‍ സ്വന്തമാക്കി. തമിഴ്‌നാട്ടിൽ നിന്ന് 20.50 കോടി ഉൾപ്പെടെ ഇന്ത്യയിൽ ഏകദേശം 37 കോടി രൂപയാണ് ചിത്രം നേടിയത്. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ നിന്നുളള ചിത്രത്തിന്റെ മൊത്തം ഓപ്പണിംഗ് ഗ്രോസ് കളക്ഷൻ 64 കോടി രൂപയാണ്.

100 കോടി നേടിയ ദളപതി വിജയിന്റെ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (GOAT) എന്ന ചിത്രത്തിനാണ് ഈ വർഷത്തെ ഏറ്റവും വലിയ തമിഴ് ഓപ്പണറെന്ന നേട്ടമുളളത്.

സ്കൂളിലെ മയക്കുമരുന്ന് കച്ചവടം തുറന്നുകാട്ടാൻ ശ്രമിക്കുന്നതിനിടയിൽ ഒരു അധ്യാപക മരിക്കുന്നതും തുടര്‍ന്നുളള സംഭവ വികാസങ്ങളുമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. രജനികാന്ത്, അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, ദുഷാര വിജയൻ, മഞ്ജു വാര്യർ, റിതിക സിംഗ്, അഭിരാമി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT